ജലീലിന് പിന്തുണയുമായി സിപിഎം; ആരോപണത്തില്‍ വസ്തുതയില്ലെന്നും നിയമനത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്നും വിലയിരുത്തല്‍

Posted on: November 9, 2018 4:43 pm | Last updated: November 9, 2018 at 6:56 pm

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
ആരോപണത്തില്‍ വസ്തുതയില്ലെന്നും നിയമനത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ജലീലിനെ മാറ്റിനിര്‍ത്തണമെന്നത് അടക്കമുള്ള ആവശ്യങ്ങളും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും അവഗണിക്കാനാണ് സെക്രട്ടേറിയറ്റ് തീരുമാനം.

പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെയെന്നാണ് പാര്‍ട്ടിയുടെ നിലപാട്. യൂത്ത് ലീഗ് ഉന്നയിച്ച് ആരോപണങ്ങളില്‍ ജലീല്‍ തന്നെ പല തവണ വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിച്ചതിനാല്‍ പാര്‍ട്ടിയുടെ പ്രത്യേക പത്രക്കുറിപ്പിന്റെ ആവശ്യമില്ലെന്നും യോഗത്തില്‍ ധാരണയായി.

ഇതിനിടെ ബന്ധു നിയമനത്തില്‍ വീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി ജലീല്‍ വീണ്ടും രംഗത്തെത്തി. ചട്ടങ്ങള്‍ മാറ്റിയത് കൂടുതല്‍ ആളുകള്‍ അപേക്ഷിക്കാന്‍ വേണ്ടിയാണെന്നും നിയമപ്രകാരം യോഗ്യതയും പരിചയസമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനില്‍ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും ജലീല്‍ പറഞ്ഞു.