ടി ആര്‍ എസ് നേതാവിന്റെ സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് കള്ളപ്പണമെന്ന് വെളിപ്പെടുത്തല്‍

Posted on: November 9, 2018 4:50 pm | Last updated: November 9, 2018 at 6:57 pm

ന്യൂഡല്‍ഹി: തെലുങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) നേതാവ് പി ശ്രീനിവാസ റെഡ്ഢിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത തുക കണക്കില്‍ പെടാത്തതാണെന്ന് സ്ഥാപനത്തിന്റെ തന്നെ വെളിപ്പെടുത്തല്‍. കമ്പനി മാനേജിംഗ് പാര്‍ട്ണര്‍ പ്രസാദ് റെഡ്ഢിയാണ് ഇത്രയും തുക കണക്കില്‍ പെടാത്തതാണെന്ന് ആദായ നികുതി വകുപ്പിന് മൊഴി നല്‍കിയത്.

60.35 കോടി രൂപയാണ് സെപ്തംബറില്‍ രാഘവ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തില്‍ നാലു ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നത്. കള്ളപ്പണത്തിന്റെ കൃത്യമായ കണക്കല്ല ഇതെന്നും തുക ഇനിയും വര്‍ധിച്ചേക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. പരിശോധന പൂര്‍ത്തിയായി വരുന്നേയുള്ളൂ. കമ്പനിയുടെ ഹൈദരാബാദ്, ഖമ്മം, ഗുണ്ടൂര്‍, വിജയവാഡ, ഓങ്കോള്‍, കഡപ്പ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. സ്ഥാപനം വന്‍തോതിലുള്ള നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തി.

2014ല്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീനിവാസ റെഡ്ഢി പിന്നീട് ടി ആര്‍ എസിലേക്ക് ചേക്കേറുകയായിരുന്നു.