അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

Posted on: November 9, 2018 11:49 am | Last updated: November 9, 2018 at 2:18 pm

തിരുവനന്തപുരം: അഴീക്കോട് എംഎല്‍എ കെഎംഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടു. വര്‍ഗീയ പ്രചാരണം നടത്തിയെന്ന ഹര്‍ജിയിലാണ് വിധി. ആറ് വര്‍ഷത്തേക്കാണ് അയോഗ്യത

അഴീക്കോട് മണ്ഡലത്തില്‍ ഷാജിക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ്‌കുമാര്‍ നല്‍കിയ തിരഞ്ഞെടുപ്പു ഹര്‍ജി അനുവദിച്ചാണു ജസ്റ്റിസ് പി ഡി രാജന്റെ ഉത്തരവ്. ആരോപണം അംഗീകരിച്ച കോടതി ഷാജിക്ക് എംഎല്‍എ സ്ഥാനത്തു തുടരാന്‍ യോഗ്യതയില്ലെന്നു വിലയിരുത്തി.വിധിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോടും സ്പീക്കറോടും കോടതി ഉത്തരവിട്ടു

കെഎം ഷാജി എംഎല്‍എയുടെ അയോഗ്യതക്ക് കാരണമായ നോട്ടീസ്‌

മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും മറ്റുമായിരുന്നു നികേഷ്‌കുമാറിന്റെ ആരോപണം .അതേ സമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.എന്നാല്‍ കേസ് നടത്തിപ്പ് ചിലവിനായി നികേഷ് കുമാറിന് അമ്പതിനായിരും രൂപ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാജി ഇതിനോട് പ്രതികരിച്ചു