അവസാനത്തെ ബസും കടന്നു പോയാല്‍

ഇടതു പക്ഷങ്ങള്‍ക്ക് എന്തെങ്കിലും ശക്തിയുള്ള ഇടങ്ങളിലൊക്കെ കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങള്‍ ബി ജെ പിയുമായി സംബന്ധത്തിലാണെന്നതാണ് സത്യം. ശബരിമല കോടതി വിധി നടപ്പിലാക്കുന്ന വിഷയമായിട്ടും രാഹുല്‍ ഗാന്ധിയുടെ നയത്തെപോലും തള്ളിക്കളഞ്ഞാണ് ശ്രീധരന്‍ പിള്ളക്കും സംഘത്തിനും കൊടി പിടിക്കാതെ പിന്തുണയുമായി അവര്‍ നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലാണെങ്കില്‍ അവസാന ബസ് കാത്തു നില്‍ക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞടുത്ത് കൊണ്ടിരിക്കുന്ന സവര്‍ണ ഫാസിസത്തിന്റെ വംശീയ വെറിയന്‍മാരുടെ ബസില്‍ സീറ്റ് മാറിക്കയറാന്‍ ക്യൂ നില്‍ക്കുന്ന കോണ്‍ഗ്രസുകാരുടെ നിര നീണ്ടു വരിക തന്നെയാണ്.
Posted on: November 9, 2018 8:55 am | Last updated: November 8, 2018 at 9:58 pm

ഏത് തരം കാത്തിരിപ്പായാലും അത് പ്രതീക്ഷകളിലേക്കുള്ള കണ്ണും നട്ടുള്ള ഒരിരിപ്പാണ്. ശുഭപ്രതീക്ഷ എന്നത് വ്യക്തികളെ മാത്രമല്ല സമൂഹത്തെയും മുന്നോട്ടു നയിക്കുന്ന ഘടകമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനം ആകാംക്ഷാഭരിതമായ ഒരു കാത്തിരിപ്പില്‍ തന്നെയാണ്. ജനാധിപത്യം അതിന്റെ ബാലാരിഷ്ടതകളെ മറികടക്കുമോ അതോ സമ്പൂര്‍ണമായ ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തുമോ എന്നറിയാനുള്ള കാത്തിരിപ്പ്. പൗരാവകാശങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഭരണകൂടം കവര്‍ന്നെടുക്കുന്നു. അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളില്‍ ഭീതിയുടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഭരണകൂടവും അവരുടെ പ്രത്യയശാസ്ത്ര ഭാഷ്യത്തിന് ന്യായീകരണം ചമയ്ക്കുന്ന സംഘങ്ങളും വിജയിച്ചുകൊണ്ടിരിക്കുന്നു. ചിലര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥലങ്ങളാക്കി ചില ഭൂവിഭാഗങ്ങളെ മാറ്റിയെടുക്കുന്നതില്‍ ബോധപൂര്‍വമായ ചില അജന്‍ഡകള്‍ പയറ്റി വിജയിപ്പിക്കുന്നതിലൂടെയാണ് തത്പരകക്ഷികള്‍ ഇത് സാധിച്ചെടുക്കുന്നത്. ജാതിയുടെയും മതത്തിന്റെയും മിഥ്യാഭിമാന സങ്കല്‍പ്പങ്ങള്‍ ഇത്തരം ഒരു സങ്കുചിത വീക്ഷണം സൃഷ്ടിച്ചെടുക്കാന്‍ പറ്റിയ അസംസ്‌കൃത പദാര്‍ഥവുമാണ്. ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസ സംരക്ഷണം എന്ന ഒരു പുകമറക്ക് പിന്നില്‍ നിന്ന് ചരടുവലിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. അതുകൊണ്ടു തന്നെ അതിനെ പ്രതിരോധിക്കുക എന്നത് വിചാരിക്കും പോലെ എളുപ്പത്തില്‍ നടക്കുന്ന ഒന്നല്ല താനും.

]ഇന്ത്യയില്‍ നാല് വര്‍ഷം പിന്നിട്ട സവര്‍ണ ഫാസിസ്റ്റ് മനോഭാവം വെച്ചു പുലര്‍ത്തുന്നവരുടെ ഭരണത്തിന്റെ നേട്ടങ്ങളുടെ ബാലന്‍സ് ഷീറ്റില്‍ അവര്‍ക്ക് എടുത്തുകാണിക്കാന്‍ ഇത്തരം ഒരന്തരീക്ഷത്തിന് ഈ മണ്ണിനെ പാകപ്പെടുത്തിയെന്ന ഒറ്റ കാര്യമേയുള്ളൂ. മറ്റ് ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന എല്ലാ മേഖലയിലും സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി വീണ്ടും ഒരു ചാന്‍സിന് വേണ്ടിയുള്ള അഭ്യര്‍ഥനകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അവര്‍. അടുത്ത് വരുന്ന ഉപതിരഞ്ഞെടുപ്പുകളും പൊതുതെരഞ്ഞെടുപ്പും തന്നെയാണ് പ്രത്യക്ഷത്തില്‍ അവര്‍ ലക്ഷ്യം വെക്കുന്നത്. ജനാധിപത്യത്തെ ഗളഹസ്തം ചെയ്തു കൊണ്ട് പകരം ഏകാധിപത്യത്തെയും സവര്‍ണവത്കരിക്കപ്പെട്ട ഇന്ത്യയെയും സൃഷ്ടിച്ചെടുക്കാന്‍ ജനാധിപത്യം എന്ന ഏര്‍പ്പാടിനെത്തന്നെ കരുവാക്കാനും ഉള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ട് മാത്രമാണ് അവര്‍ തിരഞ്ഞെടുപ്പുകളെ നോക്കിക്കാണുന്നത്. ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പുകളില്‍ അവിഹിത മാര്‍ഗങ്ങള്‍ ഉപയോഗിച്ചും മതം, ആചാരം, തുടങ്ങിയവയെ വൈകാരികമായി ആളിക്കത്തിച്ചും അത് നടപ്പാക്കാം എന്ന പ്രതീക്ഷയുണ്ടവര്‍ക്ക്. 2019ല്‍ ആ പ്രതീക്ഷകളുടെ കൂടി സാക്ഷാത്കാരം നടന്നാല്‍ പിന്നെ ഡെമോക്രസിയിലെ അവസാനത്തെ ആശ്രയമായ തിരഞ്ഞെടുപ്പ് എന്ന സമ്പ്രദായത്തെതന്നെ ഇല്ലാതാക്കി നേരിട്ട് ഏകാധിപത്യത്തിന്റെ കിരീടധാരണം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് ഇപ്പോള്‍ ഭരണതലപ്പത്തുള്ളവര്‍. അവര്‍ക്കിത് ഒരവസാനത്തെ ചാന്‍സാണെന്നു പറയാം. കാരണം ഇവരാല്‍ ഇരയാക്കപ്പെട്ട ഇന്ത്യയിലെ അധഃസ്ഥിത വര്‍ഗവും മതന്യൂനപക്ഷങ്ങളും എല്ലാതരം പാര്‍ശ്വവത്കൃതരും തങ്ങള്‍ അകപ്പെട്ട ചതിക്കുഴികളെ ഒന്നൊന്നായി തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷേ, ഇരകളാക്കപ്പെട്ടവര്‍ക്ക് ഇപ്പോഴും സംഘടിത രൂപം കൈവരിക്കാന്‍ സാധ്യമാകുന്നില്ല. അതിനു നേതൃത്വം നല്‍കാന്‍ ബാധ്യതപ്പെട്ട പ്രധാന രാഷ്ട്രീയ പാര്‍ട്ടിക്ക് ഇപ്പോഴും അതിന്റെ ദൗര്‍ബല്യങ്ങളില്‍ നിന്ന് കരകയറാനുമാവുന്നില്ല. അതു കൊണ്ടുതന്നെ ജനാധിപത്യത്തില്‍ അമിതമായ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ അകപ്പെട്ട ഈ ഊരാകുടുക്കില്‍ നിന്ന് മോചിതരാവാം എന്ന് കരുതുന്നവരെ സംബന്ധിച്ചും ഇന്ത്യയില്‍ അരങ്ങേറാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളും അവര്‍ കാത്തിരിക്കുന്ന ലാസ്റ്റ് ബസുകളാണ്. അതുകൂടി കൈ കാണിച്ചിട്ടും നിറുത്താതെ പോയാല്‍ പിന്നെ സവര്‍ണ ഫാസിസ്റ്റുകളുടെ പുറംപോക്കുകളിലെ പെരുവഴി തന്നെയാവും ശരണം. അത്തരം ഒരവസ്ഥയെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ള ജനാധിപത്യത്തിന് കഴിയുമോ എന്നതു തന്നെയാണ് വലിയ പ്രശ്‌നം.
ഇങ്ങനെയൊരു സംശയത്തിലേക്ക് നമ്മള്‍ എത്തിപ്പെടാന്‍ ഇടയാവുന്നത് ജനാധിപത്യത്തെ അതിന്റെ തന്നെ ഉപകരണങ്ങള്‍ ഉപയോഗിച്ച് എങ്ങനെ തകര്‍ക്കാം എന്ന പരീക്ഷണം ഫാസിസം അതിന്റെ ഉത്ഭവകാലം മുതലേ പരീക്ഷിച്ച് ചിലയിടത്തൊക്കെ വിജയിപ്പിച്ച ചരിത്രം ലോകത്തിനു മുമ്പില്‍ ഉള്ളതുകൊണ്ടുകൂടിയാണ്.

ഫാസിസത്തിന്റെ ഒരു ഉപജ്ഞാതാവ് എന്ന വിശേഷണമുള്ള സാക്ഷാല്‍ മുസോളിനിയുടെ ഒരു നിരീക്ഷണം തന്നെയുണ്ട്. ‘ലോകത്തിലെ എറ്റവും വലിയ മണ്ടന്‍മാര്‍ കണ്ടു പിടിച്ചതാണ് ജനാധിപത്യമെന്നും ബുദ്ധിയുള്ളവരും ഇല്ലാത്തവരുമായി രണ്ട് വിഭാഗങ്ങള്‍ ലോകത്തുണ്ടെന്നും ബുദ്ധിയുള്ളവര്‍ അതില്ലാത്തവരെ ഭരിക്കുന്ന ഒരേര്‍പ്പാടായി അതിനെ കണ്ടാല്‍ മതിയെന്നും, അദ്ദേഹം പറയുകയുണ്ടായി.ആ സിദ്ധാന്തം വളരെ ആസൂത്രിതമായി ഇവിടെ നടപ്പാക്കുകയാണ് ഭരണകൂടവും. മുസോളിനിയുടെ പരിവേഷം ഇവിടെ മോദിക്കാണെന്ന് മാത്രം. പ്രചാരണ വകുപ്പിന്റെ ചുമതലയുള്ള ഗീബല്‍സുമാര്‍ ഇന്ത്യയില്‍ ഒന്നില്‍ കൂടുതല്‍ ഉണ്ടെന്നതും കാണണം. കേരളത്തില്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ ചിലരും ഗീബല്‍സിന്റെ ശിഷ്യത്വം ശിരസ്സാവഹിക്കാന്‍ യോഗ്യനാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. അയോധ്യയിലും ശബരിമലയിലും എന്നുവേണ്ട ഇന്ത്യയില്‍ നിലവിലുള്ള ഏത് പ്രധാനക്ഷേത്രങ്ങളിലും നുഴഞ്ഞു കയറി ഏത് കൈവിട്ട കളിയിലൂടെയായാലും വംശീയവും വര്‍ഗീയവുമായ കലാപങ്ങളിലൂടെ ഭൂരിപക്ഷ സമുദായത്തില്‍ മതവിദ്വേഷവും ന്യൂനപക്ഷങ്ങളിലും ദളിതരടക്കമുള്ള പാര്‍ശ്വവത്കൃതരില്‍ ഭീതിയും വളര്‍ത്തി എടുത്ത തിന് ശേഷം തിരഞ്ഞെടുപ്പുകളെ പ്രഹസനമാക്കി ബ്യൂറോക്രസിയെ വരുതിയിലാക്കുക എന്ന തന്ത്രമാണ് ഇന്ത്യയില്‍ പയറ്റിക്കൊണ്ടിരിക്കുന്നത്.

അതിനെ ഫലപ്രദമായി പ്രതിരോധിക്കേണ്ടിയിരിക്കുന്ന കോണ്‍ഗ്രസെന്ന പാര്‍ട്ടിയുടെ ദേശീയ നേതൃത്വം അത് തിരിച്ചറിഞ്ഞ് മുന്നോട്ട് വരുന്നുണ്ടെങ്കിലും അത് ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ ആവുമോ എന്ന കാര്യം സംശയാസ്പദമാണ്. കാരണം ഇടതു പക്ഷങ്ങള്‍ക്ക് എന്തെങ്കിലും ശക്തിയുള്ള ഇടങ്ങളിലൊക്കെ കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങളൊക്കെ ബി ജെ പിയുമായി സംബന്ധ ത്തിലാണെന്നതാണ് സത്യം. ശബരിമല കോടതി വിധി നടപ്പിലാക്കുന്ന വിഷയമായിട്ടു പോലും രാഹുല്‍ ഗാന്ധിയുടെ നയത്തെപോലും തള്ളിക്കളഞ്ഞാണ് ശ്രീധരന്‍ പിള്ളക്കും സംഘത്തിനും കൊടി പിടിക്കാതെ പിന്തുണയുമായി അവര്‍ നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലാണെങ്കില്‍ അവസാന ബസ് കാത്തു നില്‍ക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞടുത്ത് കൊണ്ടിരിക്കുന്ന സവര്‍ണ ഫാഷിസത്തിന്റെ വംശീയ വെറിയന്‍മാരുടെ ബസില്‍ സീറ്റ് മാറിക്കയറാന്‍ ക്യൂ നില്‍ക്കുന്ന കോണ്‍ഗ്രസുകാരുടെ നിര നീണ്ടു വരിക തന്നെയാണ്.

ഈ പ്രതികൂലമായ എല്ലാ അന്തരീക്ഷവും നിലനില്‍ക്കേ ഇന്ത്യയില്‍ ഭരണകൂടത്താല്‍ ഇരയാക്കപ്പെട്ടവരുടെ രക്ഷപ്പെടുവാനുള്ള ലാസ്റ്റ് ബസ് എന്നത് ജനാധിപത്യത്തില്‍ സംഭവിച്ചേക്കാവുന്ന കാവ്യനീതി എന്ന ഏക പ്രതീക്ഷ മാത്രമാണ്.