വിസ പുതുക്കാന്‍ കഴിയില്ല; മാസം തികഞ്ഞാല്‍ രാജ്യം വിടണം; ഓണ്‍ അറൈവല്‍ വിസക്ക് ഖത്വര്‍ നിയന്ത്രണം ശക്തമാക്കുന്നു

Posted on: November 8, 2018 3:43 pm | Last updated: November 8, 2018 at 9:45 pm

കണ്ണൂര്‍: ഖത്വര്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ ഓണ്‍അറൈവല്‍ വിസക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഓണ്‍ അറൈവല്‍ വിസ വലിയ തോതില്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലും സുരക്ഷ മുന്‍നിര്‍ത്തിയുമാണ് ഈ തീരുമാനം കൈക്കൊള്ളുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്ക് പുറമെ അടുത്തിടെ ഓണ്‍ അറൈവല്‍ വിസ അനുവദിച്ച മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. ഓണ്‍അറൈവല്‍ വിസയുമായി ബന്ധപ്പെട്ടുള്ള പുതിയ നിയന്ത്രണങ്ങളടങ്ങിയ നിയമം ഈ മാസം 11 മുതല്‍ നിലവില്‍ വരും.
ഒരു മാസത്തേക്ക് ലഭിച്ചിരുന്ന ഓണ്‍അറൈവല്‍ വിസ എടുത്ത് ഖത്വറിലെത്തിയ ഇന്ത്യന്‍ പൗരന് മൂന്ന് മാസം വരെ വിസാ കാലാവധി നീട്ടാനുള്ള സൗകര്യം ഇതുവരെ ഉണ്ടായിരുന്നു. ഇനി മുതല്‍ വിസ ദീര്‍ഘിപ്പിക്കാനുള്ള അവസരം ലഭിക്കില്ല. കൃത്യം ഒരു മാസം പൂര്‍ത്തിയാകുന്ന മുറക്ക് രാജ്യത്ത് നിന്ന് മടങ്ങിയിരിക്കണം. ഇത് ശക്തമായി പാലിക്കാനാണ് അധികൃതര്‍ എംബസികള്‍ക്കും മറ്റും നല്‍കിയ നിര്‍ദേശം. നിയമം പ്രാബല്യത്തില്‍ വരുന്നമുറക്ക് ഇത് സംബന്ധിച്ച പരിശോധനകളും ആരംഭിക്കും.

നേരത്തെ യാത്രക്കും മടക്കയാത്രക്കുമുള്ള വിമാന ടിക്കറ്റുകള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ഖത്വറില്‍ പോകാമായിരുന്നു. ഖത്വറിലുള്ള ഏതെങ്കിലും ഇന്ത്യന്‍ പൗരന്റെ തിരിച്ചറിയല്‍ രേഖ മാത്രമായിരുന്നു ആവശ്യം. ഇനി മുതല്‍ യാത്രക്കും മടക്കയാത്രക്കുമുള്ള ടിക്കറ്റിന് പുറമെ ക്രഡിറ്റ് കാര്‍ഡും നിര്‍ബന്ധമാണ്. ഖത്വറിലുള്ള ഏതെങ്കിലും ഇന്ത്യന്‍ പൗരന്റെ തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ ഹോട്ടല്‍ റിസര്‍വേഷനും ഉണ്ടായിരിക്കണം. ആറ് മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം എന്നതടക്കമുള്ള മറ്റ് വിസാ നിയമങ്ങളും ഉണ്ടാകും.
2017 മുതലാണ് ഖത്വര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ച് തുടങ്ങിയത്. ഈ ആനുകൂല്യം മുതലെടുത്ത് പതിനായിരങ്ങള്‍ ഇതിനകം ഖത്വര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ഓണ്‍അറൈവല്‍ വിസയിലെത്തി പലരും മടങ്ങിപ്പോകാതെ രാജ്യത്ത് അനധികൃതായി താമസിക്കുന്നതായാണ് ഖത്വര്‍ അടുത്തിടെ വെളിപ്പെടുത്തിയത്. മലയാളികളടക്കമുള്ള നിരവധി പേര്‍ ഇത്തരത്തില്‍ അനധികൃതമായി താമസിച്ച് ജോലി ചെയ്യുന്നുണ്ട്.

സഊദി അറേബ്യയില്‍ വിവിധ തൊഴില്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിതാഖാത്ത് നിയമത്തെ തുടര്‍ന്ന് വലിയ തോതില്‍ ആളുകള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇത്തരത്തില്‍ മടങ്ങിയവരില്‍ ഒരു വിഭാഗം ഖത്വറിലെ ഓണ്‍ അറൈവല്‍ വിസാ സൗകര്യം ഉപയോഗപ്പെടുത്തി അവിടെയെത്തി ജോലി ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.
വടക്കേ ഇന്ത്യയില്‍ നിന്നാണ് ഇത്തരത്തില്‍ കൂടുതല്‍ പേര്‍ ഖത്വറിലെക്ക് കടക്കുന്നതെന്നാണ് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഓണ്‍അറൈവല്‍ വിസയിലെത്തിയ ചിലര്‍ അടുത്തിടെ ചില കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടതും നിയമം ശക്തമാക്കാന്‍ കാരണമായെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു.

കൂടാതെ, അയല്‍ രാജ്യങ്ങളില്‍ നിന്ന് സുരക്ഷാ ഭീഷണി ശക്തമായി നിലനില്‍ക്കുന്നതും വിസാ നിയമങ്ങള്‍ കര്‍ക്കശമാക്കാന്‍ ഖത്വറിനെ പ്രേരിപ്പിക്കുന്നു. ഖത്വറിനെതിരായ ഗള്‍ഫ് മേഖല ചില രാജ്യങ്ങളുടെ ഉപരോധങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. അടുത്ത ലോകകപ്പ് ഫുട്‌ബോളിനായി ഖത്വറില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ അനധികൃത താമസക്കാരെയും കുടിയേറ്റക്കാരെയുമെല്ലാം ഒഴുപ്പിച്ച് കുറ്റമറ്റ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വിസാ നിയന്ത്രണങ്ങളിലേക്ക് രാജ്യം കടക്കുന്നത്.