Connect with us

Kerala

മഅ്ദിന്‍ മീലാദ് പരിപാടികള്‍ക്ക് വെള്ളിയാഴ്ച തുടക്കം

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമി വൈസനിയം മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് നാളെ (വെള്ളിയാഴ്ച) തുടക്കമാവും. നാളെ മുതല്‍ 40 ദിവസം മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന പ്രഭാത മൗലിദിന്റെ ആരംഭത്തോടെയാണ് റബീഅ് ക്യാമ്പയിന് തുടക്കമാവുക. രാവിലെ 9 ന് മീലാദ് അസംബ്ലി നടക്കും. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി കുട്ടികളുടെ നബി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് ഒന്നിന് ഗ്രാന്റ് മസ്ജിദില്‍ വി. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി നബി സന്ദേശ പ്രഭാഷണം നടത്തും. റബീഉല്‍ അവ്വല്‍ 12 വരെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ മുത്ത് നബി ചരിത്രപ്രഭാഷണം നടക്കും. പ്രശസ്ത ചരിത്ര പണ്ഡിതന്‍ അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി പ്രഭാഷണത്തിന് നേതൃത്വം നല്‍കും. വൈകുന്നേരം 6.30 മുതല്‍ 7.30 വരെ നടക്കുന്ന പരിപാടിയില്‍ തിരുനബിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കും.

ശനിയാഴ്ച ഉച്ചക്ക് രണ്ടിന് സ്ത്രീത്വം ഉയര്‍ത്തിയ പ്രവാചകന്‍ എന്ന വിഷയത്തില്‍ ഹോം സയന്‍സ് ക്ലാസ് നടക്കും. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും. ഈ മാസം 19ന് തിങ്കളാഴ്ച വൈകുന്നേരം 3 ന് വിവിധ മുസ്്‌ലിം സംഘടനകളും മഅ്ദിന്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന നബിദിന സ്‌നേഹ റാലി മലപ്പുറത്ത് നടക്കും. വിവിധ സുന്നി സംഘടനകളുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും.

പ്രവാചക പ്രകീര്‍ത്തനങ്ങളായ മൗലിദുകളുടെ ഭാഷാആശയ സൗന്ദര്യവും സമകാലിക പ്രസക്തിയും ചര്‍ച്ചചെയ്യുന്ന സെമിനാര്‍, മൗലിദുകളെ അധികരിച്ചുള്ള വിവിധ മത്സരങ്ങള്‍, ഹദീസ് പാരായണം, ചരിത്ര ശേഖരണം, ഹദീസ് ഇപോസ്റ്റര്‍ സന്ദേശം, വിവിധ ഭാഷകളിലെ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന ആസ്വാദന വേദി എന്നിവയും ക്യാമ്പയിന്‍ കാലയളവില്‍ നടക്കും. പ്രകീര്‍ത്തന സദസ്സുകള്‍, പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍, മുത്ത്് നബി ക്വിസ് മത്സരങ്ങള്‍, ബുക് ടെസ്റ്റ്, കവിതാ രചനാ മത്സരം, പ്രബന്ധ രചനാ മത്സരം, റിലീഫ് പ്രവര്‍ത്തനങ്ങള്‍, കൊളാഷ് പ്രദര്‍ശനങ്ങള്‍, അന്നദാനം എന്നിവയും കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും. നവംബര്‍ 29 ന് പ്രമുഖര്‍ സംബന്ധിക്കുന്ന റബീഅ് ആത്മീയ സംഗമവും പ്രകീര്‍ത്തന സദസ്സും നടക്കും.

---- facebook comment plugin here -----

Latest