തട്ടിപ്പ് കേസില്‍ ജാമ്യത്തിനായി 18 കോടി വാങ്ങിയെന്ന കേസ് ; ബിജെപി മുന്‍ മന്ത്രി ഒളിവില്‍പോയി

Posted on: November 8, 2018 10:09 am | Last updated: November 8, 2018 at 11:07 am

ബെംഗളുരു: പതിനെട്ട് കോടി രൂപയുടെ കൈക്കൂലിക്കേസില്‍ പ്രതിയായ ബിജെപി മുന്‍മന്ത്രി ജി ജനാര്‍ദ്ദനന്‍ റെഡ്ഡി ഒളിവില്‍ പോയതായി പോലീസ്. ജനാര്‍ദ്ദനന്‍ ഒളിവില്‍ പോയെന്നും ഇയാള്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും ബെംഗളുരു പോലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാര്‍ പറഞ്ഞു. വ്യവസായിയും ഏറെ രാഷ്ട്രീയ പിടിപാടുമുള്ള ജനാര്‍ദ്ദനന്റെ പേരില്‍ നിരവധി അഴിമതിക്കേസുകളുണ്ട്.

തട്ടിപ്പ് നടത്തിയ അംബിഡെന്റ് ഗ്രൂപ്പ് കമ്പനി ഉടമസ്ഥന് ജാമ്യം കിട്ടാന്‍ 18 കോടി രൂപ വാങ്ങിയെന്നാണ് കേസ്. ബിഎസ് യെദ്യൂരപ്പ സര്‍ക്കാറിന്റെ കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നിക്ഷേപകരുടെ പക്കല്‍നിന്നു 600 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് അംബിഡെന്റ് ഗ്രൂപ്പ് കമ്പനിയുടമ സയീദ് അഹമദ് ഫരീദിനെതിരായ കേസ്. ജനാര്‍ദ്ദനന്റെ അടുത്ത സഹായിയായ അലിഖാന് ആണ് പണം കൈമാറിയതെന്നും ഈ തുക രമേശ് കോത്താരിയെന്ന സ്വര്‍ണ വ്യാപാരിക്ക് കൈമാറുകയും അയാളത് 57കിലോ സ്വര്‍ണമായി അലിഖാന് തിരികെ നല്‍കിയെന്നും സയീദ് മൊഴി നല്‍കിയിരുന്നു