മനുഷ്യന് മുക്കാല്‍ കാശ്, പ്രതിമക്ക് മൂവായിരം കോടി

തന്റെ ആശയലോകത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നത് പട്ടേലാണെന്നറിയാമായിരുന്നിട്ടും ഇന്ത്യയുടെ ഭാവിപ്രധാനമന്ത്രി നെഹ്‌റു തന്നെ ആയിരിക്കണമെന്ന് ഗാന്ധിജി നിര്‍ബന്ധം പിടിച്ചു. എന്തായിരിക്കും അതിനു കാരണം? ഇന്ത്യന്‍ ജനതയുടെ സുരക്ഷിതത്വത്തിനും ഭാവിക്ഷേമത്തിനും ഉതകുക-പട്ടേലിന്റെ തീവ്രമതപക്ഷ നിലപാടുകളേക്കാള്‍ നെഹ്‌റുവിന്റെ മതേതര നിലപാടുകളായിരിക്കും എന്ന് ഗാന്ധിജി ദീര്‍ഘദര്‍ശനം ചെയ്തിരിക്കാം. ഒരുപക്ഷേ, നെഹ്‌റുവിന് പകരം പട്ടേലാണ് ആദ്യ പ്രധാനമന്ത്രിയായിരുന്നതെങ്കില്‍ ഇന്ത്യ വാജ്പയിക്കും മോദിക്കും മുമ്പ് തന്നെ തീവ്രഹിന്ദു മതരാഷ്ട്രമായി മാറുമായിരുന്നു എന്നനുമാനിച്ചാല്‍ അതില്‍ തെറ്റുപറയാനാകില്ല.
Posted on: November 7, 2018 1:50 pm | Last updated: November 7, 2018 at 1:50 pm

മൂവായിരം കോടിയുടെ പട്ടേല്‍പ്രതിമ നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ച വാര്‍ത്ത വായിച്ചപ്പോള്‍ ചരിത്രത്തിലെ ആ പഴയ രാജാവിന്റെ കഥ ഓര്‍മ വന്നു. പേര്“നെമ്പുഖദ്‌നേസര്‍. ഇയാള്‍ വെറുമൊരു ബൈബിള്‍ കഥാപാത്രമല്ല. ഒരു ചരിത്രപുരുഷന്‍ ആയിരുന്നു എന്ന കാര്യത്തില്‍ ഗവേഷകന്മാര്‍ ഏകാഭിപ്രായക്കാരാണ്. ബി സി 630- 561 ആയിരുന്നു ഈ ചക്രവര്‍ത്തിയുടെ വാഴ്ച. പുരാതന ബാബിലോണിയയിലെ കല്‍ദായ വംശക്കാരനായിരുന്നു. പ്രതാപവാനായ ഇദ്ദേഹത്തെ കുറിച്ച് ബൈബിള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു കഥ ഉദ്ധരിക്കാം: നെമ്പുഖദ്‌നേസര്‍ രാജാവ് പൊന്നുകൊണ്ട് ഒരു ബിംബം ഉണ്ടാക്കി. അതിന്റെ ഉയരം 60 മുഴവും വണ്ണം ആറ് മുഴവും ആയിരുന്നു. അവര്‍ അതിനെ ബാബേല്‍ സംസ്ഥാനത്തെ സമ ഭൂമിയില്‍ നിറുത്തി. പ്രധാന ദേശാധിപതിമാരും ന്യായാധിപന്മാരും ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപതിമാരും സകല സംസ്ഥാന പാലകന്മാരും രാജാവ് നിറുത്തിയ ബിംബത്തിന്റെ പ്രതിഷ്ഠക്ക് വന്നുകൂടുവാന്‍ അറിയിപ്പ് പുറപ്പെടുവിച്ചു. അവരെല്ലാം ബിംബപ്രതിഷ്ഠക്കു വന്നൂകൂടി. അപ്പോള്‍ ഒരു രാജഭൃത്യന്‍ രാജകല്‍പ്പന ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. സകല വംശങ്ങളും ജാതികളും ഭാഷക്കാരുമായുള്ളോരേ, നിങ്ങളോട് കല്‍പ്പിക്കുന്നതെന്തെന്നാല്‍, ദിവസവും കാഹളം, കുഴല്‍ തംബുരു കിന്നരം തുടങ്ങി സകല വാദ്യനാദങ്ങളും കേള്‍ക്കുമ്പോള്‍ രാജാവ് നിറുത്തിയിരിക്കുന്ന ഈ സ്വര്‍ണബിംബത്തെ നമസ്‌കരിക്കണം. ആരെങ്കിലും അപ്രകാരം ചെയ്യാതിരുന്നാല്‍ അവനെ ആ നാഴികയില്‍ തന്നെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയും.

സ്വര്‍ണം കൊണ്ട് നിര്‍മിച്ച പ്രതിമ എന്നല്ലാതെ ഇതാരുടെ പ്രതിമ ആയിരുന്നു എന്ന് ബൈബിള്‍ പറയുന്നില്ല. ഈ കഥാപുരുഷന്റെ സ്വഭാവം വെച്ചു നോക്കുമ്പോള്‍ അത് അയാളുടെ തന്നെ പ്രതിമയായിരിക്കാനാണിട. മോദി നിര്‍മിച്ചു പ്രതിഷ്ഠിച്ച 3000 കോടിയുടെ പ്രതിമ-ഇന്ത്യയുടെ പട്ടേലിന്റെതെന്ന് പുറം കാഴ്ചയില്‍ ബോധ്യപ്പെടുമെങ്കിലും ആ പ്രതിമയുടെ ഉള്ളില്‍ തുടിക്കുന്ന ഹൃദയം സാക്ഷാല്‍ മോദിയുടേതാണ്. സ്വന്തം പ്രതിമ സ്വയം നിര്‍മിച്ചു പരിഹാസ്യനാകാതിരിക്കാന്‍ മോദി പട്ടേലിനെ കൂട്ടുപിടിച്ചു എന്നേയുള്ളൂ. ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ തറക്കല്ലിട്ട് പ്രതിമാ നിര്‍മാണം പ്രധാന മന്ത്രിയായിരിക്കെ, പ്രതിഷ്ഠ നടത്താന്‍ അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് മോദി. സ്വന്തം വീഴ്ചകളെയും കഴിവുകേടുകളേയും മറച്ചുവെച്ച് ജനങ്ങളെ ഒന്നിപ്പിച്ചു നിറുത്താന്‍ ഭരണാധികാരികള്‍ ചരിത്രത്തിലുടനീളം ഇത്തരം ചെപ്പടിവിദ്യകള്‍ പയറ്റാറുണ്ട്. ഗുജറാത്തിലെ പട്ടിണിപ്പാവങ്ങളെ കോര്‍പറേറ്റ് ഭീമന്മാരുടെ ഔദാര്യത്തിന് വിട്ടുകൊടുത്തുകൊണ്ട് ആദിവാസികളെ കുടിഒഴിപ്പിച്ചും ഗോത്രവര്‍ഗങ്ങളെ നാടുകടത്തിയുമൊക്കെയാണ് പ്രതിമാ നിര്‍മാണം പുരോഗമിച്ചത്. അവരുടെ പട്ടിണി മാറ്റാന്‍ പ്രയോജനപ്പെടുത്തേണ്ടിയിരുന്ന 3000 കോടി മോദിക്ക് തുച്ഛമായ ഒരു തുകയാണ്. രാജ്യത്തിന്റെ അന്തസ്സ് ഈ പട്ടേല്‍ പ്രതിമക്കു മീതെ ഉയര്‍ന്നു പൊങ്ങിയിരിക്കുന്നു എന്നാണ് അവകാശവാദം.

അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടിക്കും ബ്രസീലിലെ ക്രൈസ്റ്റ് പ്രതിമക്കും മീതെയാണ് പട്ടേല്‍ പ്രതിമ. സ്വാതന്ത്ര്യത്തെ സ്റ്റാച്യൂ ആക്കിയ അമേരിക്കയുടെയും ക്രിസ്തുവിനെ പ്രതിമയാക്കിയ ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെയും അനുഭവത്തില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍ പട്ടേല്‍ പ്രതിമക്കും മുന്നില്‍ പാദപൂജ ചെയ്യുന്നവര്‍ തയ്യാറാകണം. ”മേല്‍ ആകാശത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും ഭൂമിക്കു താഴെ ജലത്തിലെങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ നിര്‍മിക്കുകയോ വന്ദിക്കുകയോ വണങ്ങുകയോ ചെയ്യരുതെന്നത് യഹോവയായ ദൈവം മോശക്കു നല്‍കിയ പത്തു കല്‍പ്പനകളിലെ പ്രഥമ ഭാഗമായിരുന്നു.”പ്രതിമക്ക് കണ്ണുണ്ടെങ്കിലും അവ കാണുന്നില്ല. ചെവിയുണ്ടെങ്കിലും അത് കേള്‍ക്കുന്നില്ല. മൂക്കുണ്ടെങ്കിലും ശ്വസിക്കുന്നില്ല. അവയെ നിര്‍മിക്കുന്നവര്‍ അവയെ പോലെയാണ്. ബൈബിളിലെ ഈ പ്രവാചക വചസ്സ് (സങ്കീര്‍ത്തനം 115:5-8) എല്ലാ അര്‍ഥത്തിലും മോദിക്ക് ഇണങ്ങുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയുടെ ഉടമസ്ഥരായി ഇന്ത്യമാറിയിരിക്കുന്നു. ഈ പ്രതിമ കാണാന്‍ ടൂറിസ്റ്റുകള്‍ ഓടിയെത്തും എന്നാണ് കണക്കുകൂട്ടല്‍. ബുദ്ധന്റെയോ ക്രിസ്തുവിന്റെയോ എന്നതുപോലുള്ള സാര്‍വലൗകിക പ്രസക്തിയൊന്നും പട്ടേലിനില്ല. അതിനാല്‍ പട്ടേലിനെ കുറിച്ച് വിദേശ ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കേണ്ടിവരും. പരശുരാമന്‍ മഴു എറിഞ്ഞ് കേരളം സൃഷ്ടിച്ചതുപോലെ സര്‍ദാര്‍ പട്ടേല്‍ എന്ന ഉരുക്കുമനുഷ്യന്‍ സൃഷ്ടിച്ചതാണ് ഇന്ത്യ എന്ന മഹാരാജ്യം എന്ന തരത്തിലാണ് ഇപ്പോള്‍ ചില മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത്. നെഹ്‌റു കണ്ടെത്തിയ ഇന്ത്യയും ബ്രീട്ടീഷുകാര്‍ കണ്ടെത്തിയ ഇന്ത്യയും തമ്മില്‍ കാര്യമായ വ്യത്യാസം ഇല്ലായിരുന്നു. രണ്ടും ഒരു പോലെ വൈവിധ്യങ്ങളുടെയും നാനാത്വത്തിന്റെയും കൂമ്പാരമായിരുന്നു. രാഷ്ട്രപിതാവായ ഗാന്ധിജി നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിനാണ്ഊന്നല്‍ കൊടുത്തത്. ഭൂമിശാസ്ത്രപരമായ ഐക്യമല്ല വികാരങ്ങളുടെ ഐക്യമാണ് ഒരു രാജ്യത്തെ നിര്‍മിക്കുന്നതെന്ന് ഡോ. രാധാകൃഷ്ണന്‍ തന്റെ ഭാരതീയദര്‍ശനം എന്ന ബൃഹൃത് ഗ്രന്ഥത്തില്‍ സമര്‍ഥിച്ചിട്ടുണ്ട്. അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടുകിടന്ന വിസ്തൃതമായ ഈ ഭൂപ്രദേശത്തെ ബഹുവിധ തന്ത്രങ്ങള്‍ പയറ്റിയും ആയുധശക്തി ഉപയോഗിച്ചും അധീനപ്പെടുത്തി ബ്രീട്ടീഷുകാര്‍ ഒരു ബ്രീട്ടീഷ് ഇന്ത്യ സൃഷ്ടിച്ചു. ഇന്ത്യയുടെ ഐക്യത്തിനും ദേശീയഉത്ഗ്രഥനത്തിനും അടിസ്ഥാന ശിലയിട്ടത് ബ്രിട്ടനെതിരായി നടന്ന സ്വാതന്ത്ര്യസമരം ആയിരുന്നു. ഒടുവില്‍ അവര്‍ ഈ രാജ്യത്തെ രണ്ടായി വെട്ടിമുറിച്ച് നമ്മള്‍ക്ക് തന്നെ തിരികെ തന്നു. നെഹ്‌റുവും പട്ടേലും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ മുറിക്കപ്പെട്ട ഇന്ത്യയുടെ ദേഹത്തുനിന്ന് പ്രവഹിച്ച രക്തത്തുള്ളികളെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് ഒരു കഷ്ണം എങ്കില്‍ ഒരു കഷ്ണം എന്ന നിലയില്‍ ഏറ്റുവാങ്ങി.

അര്‍ധരാത്രിയിലെ ആ സ്വാതന്ത്ര്യ പ്രഖ്യാപന വേളയില്‍ – രാഷ്ട്രപിതാവെന്ന പദവിക്ക് സര്‍വതാ അര്‍ഹനായ ഗാന്ധിജി നിരാഹാര സമരത്തിലായിരുന്നു എന്നോര്‍ക്കണം. നെഹ്‌റുവും പട്ടേലുമായി ഒരുമിച്ച് ദീര്‍ഘകാലം ഇടപഴകിയ വ്യക്തിയെന്ന നിലയില്‍ ഗാന്ധിജിക്ക് രണ്ട് പേരെയും നന്നായി അറിയാമായിരുന്നു. തന്റെ ആശയലോകത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നത് പട്ടേലാണെന്നറിയാമായിരുന്നിട്ടും ഇന്ത്യയുടെ ഭാവിപ്രധാനമന്ത്രി നെഹ്‌റു തന്നെ ആയിരിക്കണമെന്ന് ഗാന്ധിജി നിര്‍ബന്ധം പിടിച്ചു. എന്തായിരിക്കും അതിനു കാരണം? മതപരമായ അന്ധവിശ്വാസങ്ങളിലും സാമൂഹികമായ ഉച്ചനീചത്വങ്ങളിലും അകപ്പെട്ട യാതന അനുഭവിക്കുന്ന ഇന്ത്യന്‍ ജനതയുടെ സുരക്ഷിതത്വത്തിനും ഭാവിക്ഷേമത്തിനും ഉതകുക-പട്ടേലിന്റെ തീവ്രമതപക്ഷ നിലപാടുകളേക്കാള്‍ നെഹ്‌റുവിന്റെ മതേതര നിലപാടുകളായിരിക്കും എന്ന് ഗാന്ധിജി ദീര്‍ഘദര്‍ശനം ചെയ്തിരിക്കാം. ഒരുപക്ഷേ, നെഹ്‌റുവിന് പകരം പട്ടേലാണ് ആദ്യ പ്രധാനമന്ത്രിയായിരുന്നതെങ്കില്‍ ഇന്ത്യ വാജ്പയിക്കും മോദിക്കും മുമ്പ് തന്നെ ഒരു തീവ്രഹിന്ദു മതരാഷ്ട്രമായി മാറുമായിരുന്നു എന്നനുമാനിച്ചാല്‍ അതില്‍ തെറ്റുപറയാനാകില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി വേവല്‍ പ്രഭുവിനും നെഹ്‌റുപ്രധാനമന്ത്രിയാകുന്നതിലായിരുന്നു താത്പര്യം. വിശാലമനസ്‌കനായ പട്ടേല്‍ പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടാക്കാതെ നെഹ്‌റുവിന്റെ ക്യാബിനറ്റില്‍ അംഗമായി. ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്തു. ഗാന്ധിജിയുടെ നിര്‍ദേശങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പിന്‍തുടര്‍ന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ശില്‍പ്പികളെന്ന നിലയില്‍ സര്‍ദ്ദാര്‍ വല്ലഭ്ഭായിപട്ടേലിന്റെ സ്ഥാനം അമൂല്യം തന്നെ. ഈ വസ്തുതകളൊന്നും ഇപ്പോഴത്തെ ഈ പ്രതിമാ നിര്‍മാണത്തിനുള്ള ന്യായീകരണമാകുന്നില്ല. ഇതിനു പിന്നില്‍ ബി ജെ പി ഒരു അജന്‍ഡ ഒളിച്ചുവെച്ചിരിക്കുന്നു. എത്ര വെള്ളപൂശിയാലും അത് പുറത്തുവരും. നെഹ്‌റുവിന്‍ മതേതര കാഴ്ചപ്പാടുകള്‍ ഇന്ത്യയില്‍ വേരുപിടിക്കരുത് എന്ന വാശി തീവ്രഹിന്ദുത്വവാദികള്‍ എക്കാലത്തും വെച്ചുപുലര്‍ത്തിയിരുന്നു. പിന്നാക്ക-മുന്നാക്ക വ്യത്യാസം കൂടാതെ സാമുദായിക ശക്തികളെ അവരതിനായി ഇന്നും പ്രയോജനപ്പെടുത്തുന്നു. ശബരിമലയിലെ പോര്‍വിളിയും അയോധ്യയിലെ രാമനാമജപവും ഇതിന്റെ തുടര്‍ച്ചയാണ്.

സംഘ്പരിവാറിന് സ്വാതന്ത്ര്യസമരത്തില്‍ കാര്യമായ സംഭാവനകളൊന്നും അര്‍പ്പിക്കാനായില്ല. ഗാന്ധി നെഹ്‌റു-പട്ടേല്‍ എന്നിവരുടെ ജനാധിപത്യബോധമോ മതേതരകാഴ്ചപ്പാടുകളോ ഒരു തരത്തിലും സ്വാധീനിക്കാതെ പോയവിഭാഗം നേതാക്കളായിരുന്നു ആര്‍ എസ് എസും ശിവസേനയും ഹനുമാന്‍ സേനയും പോലുള്ള ഹിന്ദുമതതീവ്രവാദസംഘടനകള്‍ക്ക് രൂപം നല്‍കിയത്. അവര്‍ ബ്രിട്ടീഷ് ഭരണത്തേക്കാള്‍ ഏറെ വെറുത്തിരുന്നത് ഇവിടെ ശക്തിപ്രാപിച്ചു വരുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളെ ആയിരുന്നു. ഭരണഘടനാതത്വങ്ങളെക്കാളും മനുഷ്യാവകാശസംരക്ഷണത്തെക്കാളും ഒക്കെ പ്രധാനപ്പെട്ടതായി അവര്‍ കണ്ടത് മനുസ്മൃതിയും അനുബന്ധ ആചാരാനുഷ്ഠാനങ്ങളുമായിരുന്നു. പുതിയ കാലത്തെ ആര്‍ എസ് എസ് ആചാര്യന്മാര്‍ ദേശീയപ്രസ്ഥാനത്തെ മൊത്തമായും ചില്ലറയായും ഹൈജാക്ക് ചെയ്യാനുള്ള തീവ്രശ്രമത്തിലാണ്. അതിനു പറ്റിയ തരത്തില്‍ അവര്‍ ചരിത്രം തിരുത്തിഎഴുതുന്നു. പാഠപുസ്തകങ്ങള്‍ കത്തിക്കുന്നു. എതിരഭിപ്രായം പറയുന്നവരെ കൊന്നൊടുക്കുന്നു. അവരുടെ മാതൃകാപുരുഷന്‍ ജര്‍മനിയിലെ ആര്യന്‍ നേതാവ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ആയിരുന്നു.

തങ്ങളില്‍ നിന്നകന്ന് നില്‍ക്കുന്നവരെ അടുപ്പിക്കാന്‍ കണ്ടെത്തിയ തന്ത്രമായിരുന്നു ദേശീയ നേതാക്കളെ തങ്ങളുടെ പക്ഷത്താക്കുക എന്നത്. ആദ്യം ഗാന്ധിജിയെ സ്വായത്തമാക്കാന്‍ നോക്കി. പക്ഷേ എത്ര ആവര്‍ത്തി ചുരണ്ടിയിട്ടും ഗാന്ധിവധത്തിന്റെ രക്തക്കറ അവരുടെ കാവി കുപ്പായത്തില്‍ നിന്നും മാഞ്ഞുപോയില്ല. അപ്പോഴാണ് പട്ടേലിലേക്കു തിരിയുന്നത്. ഗാന്ധിജിയും പട്ടേലും മോദിയും ഗുജറാത്തുകാര്‍. പട്ടേലിനെ പൊക്കിയെടുത്ത് 182 മീറ്റര്‍ പൊക്കത്തില്‍ പ്രതിഷ്ഠിച്ചാല്‍ മാത്രം പോരാ അദ്ദേഹം ഗാന്ധിക്കും നെഹ്‌റുവിനും ഒക്കെ മീതെ ആയിരുന്നു എന്ന പ്രതീതി സൃഷ്ടിക്കണം.

നെഹ്‌റുവിനോടും നെഹ്‌റു കുടുംബത്തോടുമുള്ള ബഹുജനങ്ങളുടെ ആദരവ് ഒന്നുമാത്രം നീക്കിയിരിപ്പാക്കിക്കൊണ്ട് രാഷ്ട്രീയാധികാരത്തിന്റെ പുറമ്പോക്കില്‍ അലഞ്ഞു നടക്കുന്ന കോണ്‍ഗ്രസിനെ കഴിയുന്നത്ര അവഹേളിക്കണം. അതു സാധ്യമാകണമെങ്കില്‍ നെഹ്‌റുവിന്റെ സ്ഥാനത്ത് പട്ടേല്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കണം. ആ പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. പരിപാടികൊള്ളാം. അതിനായി ചെലവഴിച്ച പണത്തിന്റെ കണക്ക് വിസ്തരിക്കരുത്. മൊത്തം ചെലവ് 3000 കോടി. രൂപകല്‍പ്പനചെയ്യാന്‍ 13 മാസം. പണിപൂര്‍ത്തീകരിക്കാന്‍ 33 മാസം. ഉപയോഗിച്ച കോണ്‍ക്രീറ്റ് 21 ലക്ഷം ക്യുബിക്മീറ്റര്‍. ഇരുമ്പും ഉരുക്കും – പുറമെ ഉരുക്കി ഒഴിച്ച ലോഹത്തിന്റെ അളവ് 1,700 ടണ്‍.

പ്രതിമാ സന്ദര്‍ശനം സൗജന്യമായിരിക്കില്ല. ദൂരെ നിന്ന് കാണാന്‍ ഒരാള്‍ക്ക് ഫീസ് 120 രൂപ. പ്രതിമക്ക് 135 മീറ്റര്‍ ദൂരത്തായി സജ്ജീകരിച്ചിരിക്കുന്ന ഗാലറിയില്‍ ഇരുന്നുകാണാന്‍ ഒരാള്‍ക്ക് 350 രൂപ. രാജ്യസ്‌നേഹികള്‍ ഗുജറാത്തിലേക്കൊഴുകാതിരിക്കില്ല. ലോകത്തിലെ ദരിദ്രരാജ്യങ്ങളുടെ പട്ടികയില്‍ 60-ാംസ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ ഭക്ഷണമോ പാര്‍പ്പിടമോ ഇല്ലാത്ത ദരിദ്രലക്ഷങ്ങള്‍ക്ക് തീര്‍ച്ചയായും മോദിയുടെ ഈ പ്രതിമ ഒരു ദൃശ്യവിസ്മയം തന്നെ ആയിരിക്കും. പ്രതിമാ നിര്‍മാണത്തിനേറ്റെടുത്ത സ്ഥലത്തുനിന്ന് കുടിഒഴിപ്പിക്കപ്പെട്ട ഗോത്രവര്‍ഗക്കാരുടെയും പട്ടിക വിഭാഗക്കാരുടെയും പ്രതിഷേധജാഥ ഉദ്ഘാടനവേദിക്കടുത്തേക്ക് വരാതിരിക്കാന്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ദാരിദ്ര്യത്തിന്റെ മധ്യത്തിലും ഇന്ത്യക്കഭിമാനിക്കാന്‍ ചിലതൊക്കെ വേണമല്ലോ. മാറിമാറി അധികാരത്തില്‍ വരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ അവര്‍ക്കിഷ്ടപ്പെട്ടവരുടെ പ്രതിമ നിര്‍മിക്കാന്‍ വാരിക്കോരി പണം ചെലവിട്ടാല്‍ നമ്മുടെ രാജ്യം ഒരുതരം സെമിത്തേരി സമാനമായ വികാസം ആയിരിക്കും കൈവരിക്കുക. ഇപ്പോള്‍ തന്നെ നമ്മുടെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം രാഷ്ട്രീയ നേതാക്കളുടെ പ്രതിമകള്‍ കൊണ്ടുനിറഞ്ഞിരിക്കുകയാണ്. എന്തിനീ പ്രതിമാസംസ്‌കാരം, രാഷ്ട്രീയനേതാക്കളില്‍ ഒതുക്കണം? സാഹിത്യകാരന്മാര്‍, സിനിമക്കാര്‍, ശാസ്ത്രജ്ഞന്മാര്‍, മതപുരോഹിതന്മാര്‍ അവരും നഗരങ്ങളില്‍ പ്രതിമകളായി നിന്ന് നമ്മെ ആശിര്‍വദിക്കട്ടെ.!!

പി എസ് സി പരീക്ഷകള്‍ക്ക് പണമടച്ചും കോച്ചിംഗ് സെന്ററിന് മുന്നില്‍ കുത്തിയിരുന്നു ഗൈഡുകള്‍ ചവയ്ക്കുന്ന യുവതീയുവാക്കള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ അടുത്ത പരീക്ഷക്കു ചോദിക്കാനുള്ള ചില ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും താഴെ എഴുതുന്നു.
ചോദ്യം-1 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ആരുടേത്? പൊക്കം എത്ര? എവിടെ? ഉത്തരം – സര്‍ദാര്‍വല്ലഭ്ഭായി പട്ടേലിന്റെത്. പൊക്കം 182 മീറ്റര്‍. സ്ഥലം- ഗുജറാത്ത്.
ചോദ്യം-2 ഏറ്റവും ഉയരം കൂടിയ ബുദ്ധടെമ്പിള്‍?
ചൈനയിലെ സ്പ്രീങ് ടെമ്പിള്‍. 153 മീറ്റര്‍ ഉയരം
ചോദ്യം-3 സ്വാതന്ത്ര്യത്തിന്റെ പ്രതിമ എവിടെ?
യു എസ് എയില്‍ ഉയരം 93 മീറ്റര്‍.
മാതൃരാജ്യത്തെ പ്രതിമയാക്കിപ്രതിഷ്ഠിച്ച രാജ്യം ഏത്? പൊക്കം എത്ര?
റഷ്യയിലെ മദര്‍ലാന്‍ഡ് കാള്‍സ് (മാതൃരാജ്യം വിളിക്കുന്നു)- ഉയരം 85 മീറ്റര്‍.
ചോദ്യം-4 യേശുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഏതുരാജ്യത്ത്.? പ്രതിമയുടെ പേരെന്ത്?
ബ്രസീലില്‍- പൊക്കം 38 മീറ്റര്‍ പേര് ക്രൈസ്റ്റ് ദി റെഡീമര്‍ (യേശു എന്ന വീണ്ടെടുപ്പുകാരന്‍).
നോക്കൂ ഇപ്പോള്‍ ആരാണ് കേമന്‍? ഇന്ത്യ തന്നെ. ഫലകത്തില്‍ സര്‍ദാര്‍വല്ലഭ്ഭായി പട്ടേല്‍ എന്നു രേഖപ്പെടുത്തിയിട്ടുള്ളത് നന്നായി. അല്ലെങ്കില്‍ അടുത്ത നൂറ്റാണ്ടില്‍ ഏതെങ്കിലും ഒരു മോദി ഭക്തന്‍ അവിടെ നരേന്ദ്രമോദി എന്ന് ആലേഖനം ചെയ്തുവെക്കാന്‍ സാധ്യതയുണ്ട്. ഈ പ്രതിമക്കും ഒരു പേരു നല്‍കിയിട്ടുണ്ട്. ഐക്യത്തിന്റെ പ്രതിമ(സ്റ്റാച്യൂ ഓഫ് യൂനിറ്റി) നാനാത്വത്തില്‍ ഏകത്വം ഒരു വിദൂരസ്വപ്‌നം ആയിക്കൊണ്ടിരിക്കുന്ന നാട്ടില്‍, ന്യൂനപക്ഷങ്ങളും ദുര്‍ബലവിഭാഗങ്ങളും വേട്ടയാടപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു നാട്ടില്‍ എന്തു ഏകത്വം? ഐക്യം എന്നതുകൊണ്ട് മോദി അര്‍ഥമാക്കുന്നത് ഒരു രാജ്യം ഒരു ജനത ഒരു നേതാവ് എന്നാണ്. രാജ്യം ഭാരതം, ജനത-ഹിന്ദു, നേതാവ് -മോദി. ഫാസിസത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട മുദ്രാവാക്യം. വരാന്‍ പോകുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മുഴങ്ങാന്‍ പോകുന്ന ഐക്യമന്ത്രം ഇത് മാത്രമായിരിക്കണം എന്ന് ഹിന്ദുത്വശക്തികള്‍ ആഗ്രഹിക്കുന്നു. കേരളത്തില്‍ ഈ സംഘഗാനത്തിന്റെ റിഹേഴ്‌സലാണ് നമ്മള്‍ ശബരിമലയില്‍ കേട്ടു തുടങ്ങിയത്.