Connect with us

Gulf

ബഹുസ്വരത മുറുകെപ്പിടിക്കണം: സമദാനി

Published

|

Last Updated

സമദാനി: എന്റെ ഭക്ഷണം കഴിക്കാത്തവനെയും വസ്ത്രം ധരിക്കാത്തവനെയും ഭാഷ സംസാരിക്കാത്തവനെയും എന്റെ വിശ്വാസം അനുഷ്ഠിക്കാത്തവനെയും തിരസ്‌കരിക്കാന്‍ തോന്നുന്നത് ഒരു രോഗമാണെന്ന് എം പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. ഷാര്‍ജ പുസ്തകമേളയില്‍ “ബഹുസ്വരതയുടെ കലാസാഹിത്യമാനങ്ങള്‍” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയെ മുറുകെപ്പിടിച്ചുകൊണ്ട് വേണം ഈ രോഗത്തെ ചികിത്സിക്കേണ്ടത്. തന്നെ സന്ദര്‍ശിച്ച വിദേശിയായ അതിഥി മാംസാഹാരം ആവശ്യപ്പെട്ടപ്പോള്‍ തന്റെ ആശ്രമത്തില്‍ വച്ചുതന്നെ ആ അതിഥിക്ക് മാംസം വിളമ്പിയ ഗാന്ധിജിയെ സമദാനി അനുസ്മരിച്ചു.

ഭൂമിയിലൂടെ നടക്കുന്ന ഒരു മൃഗവും ഇരുചിറകിന്മേല്‍ പറക്കുന്ന ഒരു പറവയും നിങ്ങളെപ്പോലുള്ള സമുദായങ്ങളാണ് എന്ന വിശുദ്ധ ഖുര്‍ആനിലെ വചനം ബഹുസ്വരതയുടെ ദൈവികപ്രഖ്യാപനമാണ്. മാനവരാശിയുടെ ഇതുവരെയുള്ള എല്ലാ നേട്ടങ്ങളുടേയും പിന്നിലെ ചാലകശക്തി മനുഷ്യര്‍ തമ്മിലുളള സഹകരണമാണ്. സഹകരണം മൂലമാണ് കുടുംബങ്ങളും ദേശങ്ങളും മഹാപ്രസ്ഥാനങ്ങളും രാഷ്ട്രങ്ങളും ലോകവും ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും. സഹകരണമാണ് ബഹുസ്വരതയുടെ മര്‍മം. ഒരു സംസ്‌കാരത്തിനും ഒരു മതത്തിനും മറ്റൊന്നിനെ കീഴടക്കാനോ തോല്‍പ്പിക്കാനോ ശ്രമിക്കേണ്ട ആവശ്യമില്ല. പ്രളയജലം കേരളത്തില്‍ നിന്ന് ഒഴുക്കിക്കൊണ്ടുപോയത് തിന്മകളെയാണെന്നും നമ്മുടെ നാടിന്റെ ബഹുസ്വരത അപകടഘട്ടങ്ങളില്‍ കൂടുതല്‍ മിഴിവുള്ളതായിത്തീര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

Latest