യു എസ് തിരഞ്ഞെടുപ്പ്; ട്രംപിന് തിരിച്ചടി

Posted on: November 7, 2018 12:58 pm | Last updated: November 7, 2018 at 1:32 pm

വാഷിംഗ്ടണ്‍: യു എസില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പ്് ഫലങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയുടെ നിയന്ത്രണം പിടിച്ചെടുത്തു. അതേസമയം, സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ട്രംപിന്റെ രണ്ടു വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിനേറ്റ കനത്ത പ്രഹരമായാണ് തിരഞ്ഞെടുപ്പ് ഫലത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ ഇരു സഭകളിലും ട്രംപ് വ്യക്തമായ മേധാവിത്വം സ്ഥാപിച്ചിരുന്നു. പ്രസിഡന്റിനെതിരായ നീക്കങ്ങള്‍ ശക്തമാക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് കരുത്തു പകരുന്നതാണ് ജനപ്രതിനിധി സഭയിലെ വിജയം. ഇംപീച്ച്‌മെന്റിന് സമ്മര്‍ദം ചെലുത്താനും ഇത് അവര്‍ക്ക് സഹായകമാകും.

ആദ്യ ഘട്ട കണക്കുകള്‍ പ്രകാരം വോട്ടു ചെയ്ത 55 ശതമാനം പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയെന്നാണ് സി എന്‍ എന്‍ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 44 ശതമാനം ട്രംപിനെ പിന്തുണച്ചു. ട്രംപ് പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പാണിത്.
ജനപ്രതിനിധിസഭയിലെ മുഴുവന്‍ സീറ്റിലേക്കും (435) സെനറ്റിലെ 35 സീറ്റിലേക്കും 36 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര മേഖലകളിലെയും ഗവര്‍ണര്‍ പദവിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.