ഫൈസാബാദിനെ അയോധ്യയാക്കിയതിന് പിന്നാലെ അഹമ്മദാബാദിന്റെ പേര് ‘കര്‍ണാവതി’യാക്കി മാറ്റുന്നു

Posted on: November 7, 2018 11:32 am | Last updated: November 7, 2018 at 2:20 pm

അയോധ്യ: ഉത്തര്‍പ്രദേശില്‍ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യയെന്ന് മാറ്റിയതിന് പിന്നാലെ അഹമ്മദാബാദിന്റെ പേര് മാറ്റാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാറും രംഗത്ത്. ലോക പൈതൃക പദവിയിലുള്ള ഇന്ത്യയിലെ ഒരേ ഒരു നഗരമായ അഹമ്മദാബാദിനെ ‘കര്‍ണാവതി’യാക്കി മാറ്റാനാണ് നീക്കം. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഹമ്മദാബാദിനെ ‘കര്‍ണാവതി’യായി കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നിയമ തടസങ്ങള്‍ മറികടക്കാനാവശ്യമായ പിന്തുണ ലഭിച്ചാല്‍ പേര് മാറ്റാന്‍ ഞങ്ങള്‍ എപ്പോഴും ഒരുക്കമാണെന്നും നിതിന്‍ പട്ടേല്‍ വ്യക്തമാക്കി. അനുയോജ്യമായ സമയം എത്തുന്ന ഘട്ടത്തില്‍ പേര് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേര് മാറ്റാനുള്ള നീക്കം ബിജെപിയുടെ മറ്റൊരു തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. രാമക്ഷേത്ര നിര്‍മാണം പോലെ ഹിന്ദു വോട്ട് ലക്ഷ്യം വെച്ചാണ് ബിജെപി ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പ്രതികരിച്ചു.

അലഹാബാദിന്റെ പേരുമാറ്റിയതിനു പിന്നാലെയാണ് ഫൈസാബാദിന്റെ പേരും മാറ്റിയത്. ഫൈസാബാദ് ജില്ലയുടെ പേര് ഇനി മുതല്‍ അയോധ്യയായിരിക്കുമെന്ന് ദീപാവലി ആഘോഷത്തോടനുബന്ധിച്ച് അയോധ്യയില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുകയായിരുന്നു. ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിം ജോംഗ് സൂക്കിനൊപ്പം അയോധ്യയിലെ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി വിവാദ പ്രഖ്യാപനം നടത്തിയത്. അയോധ്യ രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അടയാളമാണ്. അത് ശ്രീരാമെന്റ പേരിലാണ് അറിയപ്പെടേണ്ടതെന്നും യോഗി ന്യായീകരിച്ചു.
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയം കൂടുതല്‍ വിവാദമായിക്കൊണ്ടിരിക്കെയാണ് ഈ പേരുമാറ്റം എന്നതാണ് ശ്രദ്ധേയം. ഫൈസാബാദ്, അയോധ്യ എന്നീ നഗരങ്ങള്‍ ചേര്‍ന്നതാണ് ഫൈസാബാദ് ജില്ല. ഫൈസാബാദിന് കീഴിലെ മുനിസിപ്പല്‍ കോര്‍പറേഷന്റെ പേര് അയോധ്യ നഗര്‍ നിഗം എന്നായിരുന്നു. ഈ സാഹചര്യത്തില്‍ ഫൈസാബാദിെന്റ പേരും അയോധ്യയാക്കണമെന്ന് അടുത്തിടെ മുതിര്‍ന്ന ബി ജെ പി നേതാവ് വിനയ് കത്യാര്‍ ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യവുമായി വി എച്ച് പിയും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് യോഗിയുടെ പ്രഖ്യാപനം.

ശ്രീരാമന്റെ പിതാവ് ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളജും രാമന്റെ പേരില്‍ അയോധ്യയില്‍ വിമാനത്താവളവും പണിയുമെന്ന് യോഗി വ്യക്തമാക്കിയിട്ടുണ്ട്. ഏകന അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പേര് വാജ്‌പേയ്‌യുടെ പേരാക്കി മാറ്റിയിരുന്നു.
നേരത്തെ ചരിത്ര പ്രസിദ്ധമായ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും തുടരുകയാണ്. മുഗള്‍ രാജവംശ കാലത്ത് പ്രസിദ്ധമായ നഗരങ്ങളുടെ പേര് മാറ്റി വിവാദം സൃഷ്ടിക്കാനാണ് യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിലൂടെ വര്‍ഗീയ ചേരിത്തിരിവ് ഉണ്ടാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.