Connect with us

Kerala

വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ നീക്കം ചെയ്യല്‍; സംഘ്പരിവാര്‍ അജന്‍ഡക്കെതിരെ പ്രതിഷേധമിരമ്പുന്നു

Published

|

Last Updated

തിരൂര്‍: സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകളിലൊന്നായ വാഗണ്‍ട്രാജഡിയുടെ ചിത്രങ്ങള്‍ സംഘ്പരിവാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് റെയില്‍വേ ചുമരില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ പ്രതിഷേധമിരമ്പി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു. മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറംലോകമറിഞ്ഞതോടെ ജനങ്ങള്‍ പ്രതിഷേധവുമായി ഇന്നലെ രാവിലെ മുതല്‍ റെയില്‍വേ സ്റ്റേഷനിലെത്തി. സംഘ്പരിവാര്‍ അജന്‍ഡകള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ചരിത്ര സ്മാരകങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉടന്‍ പുന:സ്ഥാപിക്കണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

ഹിന്ദുവും മുസല്‍മാനുമടങ്ങുന്ന ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ വാഗണിലടച്ച് കൊല്ലാകൊല നടത്തിയ ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗണ്‍ ട്രാജഡി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് ഓരോ സംഘടനകളും ഓര്‍മിപ്പിച്ചു. മൂന്ന് ദിവസമെടുത്ത് വരച്ച ചരിത്ര ചിത്രങ്ങള്‍ കഴിഞ്ഞ ഞായറാഴ്ചയോടെയാണ് പൂര്‍ത്തിയായത്. വാഗണ്‍ ട്രാജഡിക്ക് പുറമേ തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രവും ആലേഖനം ചെയ്തിരുന്നു.
എന്നാല്‍ ഏതാനും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും അടുത്ത ദിവസം കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചിത്രം മായ്ച്ചു കളയാന്‍ ഉത്തരവിറക്കുകയുമായിരുന്നു.

രാവിലെ ആരംഭിച്ച വിവിധ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് വൈകീട്ട് ആറ് മണി വരെ നീണ്ടു. യൂത്ത് കോണ്‍ഗ്രസ് പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. മാര്‍ച്ചിന് പ്രസിഡന്റ് യാസര്‍ പൊട്ടച്ചോല, മെഹര്‍ഷ കളരിക്കല്‍, ശബീര്‍ നെല്ലിയാലില്‍, പി ടി ശഫീഖ്, യാസര്‍ പയ്യോളി, സിവി വിമല്‍ കുമാര്‍, കെ ടി മുസ്തഫ നേതൃത്വം നല്‍കി.
പുരോഗമന കലാസാഹിത്യസംഘം തിരൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി നടത്തിയ പ്രതിഷേധ മാര്‍ച്ച് സി പി എം തിരൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ രാമകൃഷ്ണന്‍, ഡോ. ടി കെ ശ്രീധരന്‍, വി പി ഉണ്ണികൃഷ്ണന്‍, എം ആസാദ് പ്രസംഗിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് യൂത്ത് ലീഗ് തിരൂര്‍ മണ്ഡലം പ്രസിഡന്റ് പി വി സമദ് ഉദ്ഘാടനം ചെയ്തു. എസ് ഡി പി ഐ മാര്‍ച്ച് തിരൂര്‍ മണ്ഡലം പ്രസിഡന്റ് അലവി എന്ന നസീം കണ്ണംകുളം ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.

Latest