Connect with us

National

ഗള്‍ഫ് രാജ്യങ്ങളില്‍ ദിവസേന പത്ത് പ്രവാസികള്‍ മരിക്കുന്നുവെന്ന്; ആറ് വര്‍ഷത്തിനിടെ മരിച്ചത് 24,570 ഇന്ത്യക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ ദിവസവും ശരാശരി പത്ത് ഇന്ത്യക്കാര്‍ വീതം മരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ 2017ല്‍ 22.53 ലക്ഷം ഇന്ത്യക്കാരുണ്ടെന്നും ആറ് വര്‍ഷത്തെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ഓരോ ദിവസവും പത്ത് പേര്‍ എന്ന നിലയില്‍ പ്രവാസികള്‍ മരിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വിവരാവകാശ രേഖകള്‍ പ്രകാരമുള്ള കണക്കുകളാണ് പുറത്തുവിട്ടത്.
ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, സഊദി അറേബ്യ, യു എ ഇ എന്നി ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന ഇന്ത്യന്‍ പ്രവാസികളെ കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് കോമണ്‍വെല്‍ത്ത് മനുഷ്യാവകാശ സംഘടനയായ സി എച്ച് ആര്‍ ഐയുടെ കോ- ഓര്‍ഡിനേറ്റര്‍ വെങ്കിടേഷ് നായക് നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

2012 ജനുവരി ഒന്ന് മുതല്‍ 2018 പകുതിവരെ ആറ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ മരണത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
“ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, 2012 മുതല്‍ 2018 ജൂണ്‍ വരെ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം കുറഞ്ഞത് 24,570 ഇന്ത്യന്‍ തൊഴിലാളികളെങ്കിലും മരിച്ചിട്ടുണ്ട്. കുവൈത്തിലെയും യു എ ഇയിലെയും വിവരങ്ങള്‍ പൂര്‍ണമായും ലഭിച്ചിട്ടില്ല. ഇന്ത്യക്കാരുടെ മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ 2014ന് ശേഷമുള്ളത് മാത്രമാണ് കുവൈത്ത് എംബസിയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണ് യു എ ഇ എംബസി അറിയിച്ചത്. ഈ രാജ്യങ്ങളിലെ പൂര്‍ണമായ കണക്കുകള്‍കൂടി ലഭ്യമായാല്‍ പ്രവാസികളുടെ മരണ സംഖ്യ ഇനിയും വര്‍ധിക്കും.

2012നും 2017നും ഇടയില്‍ ഇന്ത്യയിലേക്കു വന്ന വിദേശ പണത്തിന്റെ പകുതിയിലധികവും ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചതാണെന്നും വെങ്കിടേഷ് വ്യക്തമാക്കുന്നുണ്ട്.
പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ വിവരവും ഗള്‍ഫിലെ പ്രവാസി മരണ നിരക്കും ഒരുമിച്ച് വിശകലനം ചെയ്യുകയാണ് വെങ്കിടേഷ്.
ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ മരണനിരക്ക് ഉയരുന്നതായ ഞെട്ടിക്കുന്ന കണക്ക് ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി മാത്രമാണ് ഈ വിശകലനമെന്നും ഈ പ്രതിഭാസം അടിയന്തര പരിശോധനക്ക് വിധേയമാക്കേണ്ടതാണെന്നും വെങ്കിടേഷ് നായക് കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന 410.33 ബില്യണ്‍ ഡോളറില്‍ 209.07 ബില്യണും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളതാണ്.