Connect with us

National

കര്‍ണാടകയില്‍ കാവിക്കോട്ടകള്‍ തകരുന്നു; കരുത്താര്‍ജിച്ച് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം

Published

|

Last Updated

ബെംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനുള്ള ഊര്‍ജം സംഭരിച്ചിരിക്കുകയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം. മറുഭാഗത്ത് ബി ജെ പിയാകട്ടെ കൂടുതല്‍ പതനത്തിലേക്ക് കൂപ്പുകുത്തുകയുമാണ്. ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ കോണ്‍ഗ്രസും ജെ ഡി എസും കരുത്താര്‍ജിച്ചു. 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയെടുത്ത മേധാവിത്വം അടുത്ത തിരഞ്ഞെടുപ്പോടെ പൂര്‍ണമായും തകരുമെന്നതിന്റെ സൂചനയാണ് ഉപതിരഞ്ഞെടുപ്പ് ഫലം തരുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളാണ് ബി ജെ പി നേടിയത്. കോണ്‍ഗ്രസ് ഒമ്പതും ജനതാദള്‍- എസ് രണ്ടും സീറ്റുകള്‍ നേടി. 2004 മുതല്‍ ബി ജെ പി ജയിച്ചുവരുന്ന ബെല്ലാരി മണ്ഡലവും പാര്‍ട്ടിയെ കൈവിട്ടതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റുകളിലും ജയിച്ചുകയറാമെന്ന ബി ജെ പിയുടെ വ്യാമോഹത്തിനാണ് കരിനിഴല്‍ വീണിരിക്കുന്നത്.

വര്‍ഗീയ ധ്രുവീകരണവും സാമുദായിക സ്പര്‍ധയും അഴിച്ചുവിട്ട് വോട്ടുകള്‍ സ്വന്തമാക്കാനുള്ള പാര്‍ട്ടിയുടെ തന്ത്രത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സീറ്റുകളിലും സഖ്യത്തിന് വിജയിക്കാന്‍ കഴിഞ്ഞതോടെ ഭരണസ്ഥിരത ഉണ്ടാക്കാനും കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഭരണയന്ത്രം തിരിക്കാനുമുള്ള അനുകൂല സാഹചര്യമാണ് സര്‍ക്കാറിന് കൈവന്നിരിക്കുന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്രയെ മാത്രമാണ് ബി ജെ പിക്ക് ഉപതിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനായത്. രാഘവേന്ദ്രക്ക് ഇവിടെ വിജയിക്കാന്‍ കഴിഞ്ഞെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ മുന്നണിക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം. രാമനഗര നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ബെല്ലാരിയില്‍ കോണ്‍ഗ്രിന്റെ വി എസ് ഉഗ്രപ്പയും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
1999ല്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജും തമ്മില്‍ അഭിമാന പോരാട്ടം നടന്ന സ്ഥലമാണ് ബെല്ലാരി. അന്ന് സോണിയാ ഗാന്ധി സുഷമക്കെതിരെ അട്ടിമറി വിജയം നേടിയെങ്കിലും 2004ല്‍ ബി ജെ പി മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാലിടറിയ ബി ജെ പിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ മികച്ച ജയം അനിവാര്യമായിരുന്നു. എന്നാല്‍, മിക്കയിടങ്ങളിലും കാവിക്കോട്ടകള്‍ തകര്‍ന്നടിഞ്ഞു. ഫലം വരുമ്പോള്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് ബി ജെ പി നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്.

ഏറെ അനിശ്ചിത്വങ്ങള്‍ക്കൊടുവില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാറിന്റെ വിലയിരുത്തല്‍ കൂടിയായാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അധികനാള്‍ കഴിയുന്നതിന് മുമ്പേയാണ് സംസ്ഥാനത്തെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ടുള്ള ധീരമായ പ്രഖ്യാപനമുണ്ടായത്.
കടബാധ്യത മൂലം നരക തുല്യമായ ജീവിതം നയിക്കുന്ന പാവപ്പെട്ട കര്‍ഷക കുടുംബങ്ങള്‍ക്ക് ആശ്വാസമായിരുന്നു ഈ തീരുമാനം. തിരഞ്ഞെടുപ്പ് വേളയില്‍ ജെ ഡി എസ് പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ആയിരക്കണക്കിന് വരുന്ന കര്‍ഷകരുടെ കണ്ണീരൊപ്പിയ ഈ പ്രഖ്യാപനത്തിലൂടെ തങ്ങള്‍ ജനപക്ഷത്താണെന്ന് തെളിയിക്കാന്‍ സഖ്യസര്‍ക്കാറിനായി.

---- facebook comment plugin here -----

Latest