മഅ്ദിന്‍ വൈസനിയം ദ്വിദിന കര്‍മ്മശാസ്ത്ര പഠന ക്യാമ്പ് 29, 30 തിയ്യതികളില്‍

Posted on: November 5, 2018 7:21 pm | Last updated: November 5, 2018 at 7:21 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയത്തിന്റെ ഭാഗമായി ദ്വിദിന കര്‍മ്മശാസ്ത്ര പഠന ക്യാമ്പ് ഈ മാസം 29, 30 തിയ്യതികളില്‍ സ്വലാത്ത് നഗറില്‍ നടക്കും. കര്‍മ്മശാസ്ത്ര രംഗത്തെ ആധുനിക പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം മദ്ഹബുകള്‍; ഉത്ഭവം, ആവശ്യകത, മദ്ഹബുകളുടെ നിദാനങ്ങള്‍, ഖവാഇദുല്‍ ഫിഖ്ഹ്, ശാഫിഈ ഫിഖ്ഹിന് ഒരാമുഖം, ഗണിതത്തിലെ ഫിഖ്ഹും ഫിഖ്ഹിലെ ഗണിതവും, ശാഫിഈ ഗ്രന്ഥ രചന നൂറ്റാണ്ടുകളില്‍, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം നവലോക ക്രമത്തില്‍, കര്‍മ്മശാസ്ത്രത്തിലെ സാങ്കേതിക പ്രയോഗങ്ങള്‍, തഹ്കീമും തൗലിയത്തും എന്നീ വിഷയങ്ങളില്‍ പഠനവും സംശയ നിവാരണവും നടക്കും.

വിവിധ സെഷനുകള്‍ക്ക് കര്‍മ്മശാസ്ത്ര രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും. ശരീഅത്ത് കോളേജ്, ദര്‍സ്, ദഅ്‌വാ കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള അല്‍ഫിയ്യയും ഫത്ഹുല്‍ മുഈനും പൂര്‍ത്തിയാക്കിയ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വീതം വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. താല്‍പര്യമുള്ളവര്‍ നവംബര്‍ 20ന് മുമ്പായി www.vicennium.info എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുക. വിവരങ്ങള്‍ക്ക് 7736366189, 9947352006 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.വൈസനിയം സോള്‍ സെന്ററില്‍ ചേര്‍ന്ന ആലോചനാ യോഗം സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവിയുടെ അധ്യക്ഷതയില്‍ ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ബഷീര്‍ സഅ്ദി വയനാട്, ശിഹാബലി അഹ്‌സനി മലപ്പുറം, അബ്ദുല്ല അമാനി പെരുമുഖം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അഹ്മദ് കാമില്‍ സഖാഫി മമ്പീതി, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി വെളിമുക്ക്, സൈഫുള്ള നിസാമി ചുങ്കത്തറ, അബ്ദുര്‍റഷീദ് സഖാഫി കരേക്കാട് എന്നിവര്‍ സംസാരിച്ചു.