Connect with us

Articles

പ്രളയവും പെരിയാറും

Published

|

Last Updated

2018 ആഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ പ്രളയത്തിന് മുമ്പ് ചെറുതോണി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു. 26 വര്‍ഷത്തിന് ശേഷം തുറന്ന ഈ ഡാം വാര്‍ത്തകളില്‍ ഇടം നേടിയത് ഡാമിന് താഴെ പുഴ കൈയേറി നടത്തിയ ഏതൊക്കെ നിര്‍മിതികള്‍ വെള്ളത്തിനടിയിലാകും എന്ന ആശങ്കയെ തുടര്‍ന്നായിരുന്നു. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിലെ 15 ഡാമുകളില്‍ ഒന്നാണ് ചെറുതോണി. ഈ എല്ലാ ഡാമുകളും ഇടുക്കി ജില്ലയിലാണെന്ന പ്രത്യേകതയും ഉണ്ട്. പ്രളയം കൂടുതല്‍ ദുരന്തം വിതച്ച ജില്ലകളില്‍ ഒന്നാണ് ഇടുക്കി. പെരിയാര്‍ ഒഴുകുന്ന എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറുപട്ടണങ്ങളെല്ലാം പ്രളയം മൂലം വെള്ളത്തിനടിയിലായിരുന്നു. പ്രളയകാലത്ത് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടിയതും മലയിടിച്ചില്‍ സംഭവിച്ചതും ഇടുക്കി ജില്ലയിലാണ്.

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ എണ്ണത്തിലും വലുപ്പത്തിലുമുള്ള പാറമടകള്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ ജില്ലയിലാണ്. പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ വനം കൈയേറ്റങ്ങളും റോഡ് നിര്‍മാണവും വനനശീകരണങ്ങളും മണ്ണൊലിപ്പും നടന്നിട്ടുള്ളത് ഇടുക്കിയില്‍ ആണെന്നത് യാദൃശ്ചികമല്ല. അതുകൊണ്ടുണ്ടായ ഡാമുകളിലെ മണ്ണിടിയല്‍ അണക്കെട്ടുകളിലെ ജലസംഭരണശേഷി വലിയ അളവുവരെ കുറച്ചിട്ടുണ്ട്. അണക്കെട്ടുകള്‍ മഴ തുടങ്ങി താമസമില്ലാതെ തുറക്കേണ്ടിവന്നതിന് കാരണവും മറ്റൊന്നല്ല. പെരിയാറിന്റെ വൃഷ്ടി പ്രദേശത്താണ് ഏറ്റവും കൂടുതല്‍ കുന്നിടിച്ചുള്ള റിസോര്‍ട്ടുകള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. പെരിയാറിലെ വേനല്‍ക്കാല നീരൊഴുക്കിനുണ്ടായിട്ടുള്ള കുറവിന് പ്രധാന കാരണം വൃഷ്ടിപ്രദേശ വനനാശവും കുന്നുകള്‍ക്കുണ്ടായ ശോഷണവുമാണ്. കുന്നുകള്‍ അപ്രത്യക്ഷമായതോടെ മഴവെള്ള ഒഴുക്കിന്റെ ഗതി മാറി. ഇത് കൂടാതെ പാറമടകളുടെ എണ്ണവും വ്യപ്തിയും വര്‍ധിക്കുക കൂടി ചെയ്തതോടെ സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തിലധികം മീറ്റര്‍ ഉയരത്തില്‍ മലമുകളിലെ ഭൂഗര്‍ഭ അറകളില്‍ വെള്ളം ശേഖരിക്കപ്പെടുന്ന അവസ്ഥ ഉണ്ടായി. ഭൂവിനിയോഗത്തിലെ മാറ്റവും ഇടുക്കി ജില്ലയിലെ അശാസ്ത്രീയമായ നഗരവത്കരണവും പെരിയാറിന്റെ വൃഷ്ടിപ്രദേശത്തെ എണ്ണമറ്റ ഉരുള്‍പൊട്ടലുകള്‍ക്ക് വഴിയൊരുക്കി. പ്രളയശേഷം പെരിയാര്‍ നദീതടം ഒന്നാകെ ഭൂമി തുരന്നു കിടക്കുന്ന അവസ്ഥയിലായിരിക്കുന്നു. ഇത് വേനല്‍ ചൂടിന് വിധേയമാകുമ്പോള്‍ മണ്ണിലെ ഈര്‍പ്പം നഷ്ട്ടപ്പെടുന്നതിനും രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നയിക്കുന്നതിനും കാരണമാകും. പ്രളയകാലത്തെ ശക്തമായ ഒഴുക്ക് നദീതീരത്തെ രൂക്ഷമായ മണ്ണൊലിപ്പിന് ഇടയാക്കി. നദീതീര നാശത്തിനു മറ്റൊരു കാരണം എല്ലാ ഡാമുകളും ഒരേ സമയം തുറന്നുവിട്ടത് കൊണ്ടുണ്ടായ ശക്തമായ ജലപ്രവാഹമായിരുന്നു. പെരിയാര്‍ തീരത്തെ അനധികൃത നിര്‍മിതികളും കരിങ്കല്‍ കെട്ടുകളും പ്രളയത്തോടെ തകര്‍ന്നു തരിപ്പണമായി.

പ്രളയം മൂലം നഷ്ടപ്പെട്ട പുഴത്തീരങ്ങളും കനത്ത ബാഷ്പീകരണത്തിന് വഴിവെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അടുത്ത വേനലില്‍ പെരിയാര്‍ തീരത്തെ കിണറുകളും കുടിവെള്ള സ്രോതസ്സുകളും വേഗം വറ്റിപോകുന്നതിനു സാധ്യതയുണ്ട്. പുഴതീരം കെട്ടിസംരക്ഷിക്കുക എന്ന വ്യാജേനെ സ്വകാര്യ വ്യക്തികള്‍ക്കായി തീരം സര്‍ക്കാര്‍ പണം ഉപയോഗിച്ച് കെട്ടി അവരുടെ പുരയിടത്തിന്റെ ഭാഗമാക്കി കൊടുക്കലാണ് നടന്നുകൊണ്ടിരിക്കുന്നത്. പുഴയിലിറക്കി പുഴയുടെ ഒരുതീരം കെട്ടിയതുകൊണ്ട് പ്രളയക്കാലത്തെ ഒഴുക്കുമൂലം ഇടിഞ്ഞു പോയത് പുഴയുടെ എതിര്‍ തീരമായിരുന്നു. കരിങ്കല്‍ കെട്ടി സംരക്ഷിച്ച മിക്കവാറും നദീതീരങ്ങള്‍ പ്രളയത്തോടെ ദുര്‍ബലമായി. ഇനിയെങ്കിലും നദീതീരം കരിങ്കല്‍ കെട്ടുന്നത് ഒഴിവാക്കണം. നദീതീരങ്ങളില്‍ കണ്ടുവരുന്ന നീര്‍മരുത്, മുള, ഈറ്റ, ഞായങ്ങണ, കൈത, ചാമ്പ, ചേമ്പ്, ആറ്റുവഞ്ചി തുടങ്ങിയ ചെടികള്‍ നട്ട് തീരസംരക്ഷണം നടത്തണം.

പെരിയാറിന്റെ 244 കിലോമീറ്റര്‍ ദൂരത്തിലും നാട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്നുചേര്‍ന്നു എന്നതാണ് പുഴ ഇന്ന് നേരിടുന്ന വലിയ പ്രശ്‌നം. പുഴ സംരക്ഷിക്കാന്‍ ആരും ഇല്ല എന്ന അവസ്ഥയാണ് ഇന്നുള്ളത്. എല്ലാ തരം മാലിന്യങ്ങളും വലിച്ചെറിയാവുന്ന ഒരു സ്ഥലമായിട്ടാണ് ജനങ്ങള്‍ പുഴയെ കാണുന്നത്. ഇതിനെതിരെ ബോധവത്കരണം നടക്കണം. പ്രളയശേഷം പെരിയാറിനെ വൃത്തിയാക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണം. ഇതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം

പ്രളയത്തില്‍ തിരിച്ചടി കിട്ടിയ മറ്റൊരു വിഭാഗം പെരിയാര്‍ തീരത്തെ വാട്ടര്‍ ഫ്രേണ്ടജ് അപ്പാര്‍ട്ട്‌മെന്റുകളും റെസിഡന്‍ഷ്യല്‍ കോളനികളുമായിരുന്നു. പുഴതീരം കൈയേറി നടത്തിയ നിര്‍മാണങ്ങളെല്ലാം പ്രളയകാലത്ത് വെള്ളത്തിനടിയിലായി പോയി. പ്രളയത്തില്‍ പെരിയാര്‍ തീരത്തെ വ്യവസായ ശാലകളില്‍ നിന്നു രാസമാലിന്യങ്ങളും സെപ്റ്റിക് ടാങ്കുകളില്‍ നിന്നു മലമടക്കമുള്ള മാലിന്യങ്ങളും പുഴയിലെത്തി എന്ന കാര്യം നാം വിസ്മരിച്ചുകൂടാ. പുഴയിലെ ജൈവവൈവിധ്യത്തിന് പ്രളയം കനത്ത പ്രഹരമാണ് ഉണ്ടാക്കിയിരിക്കുന്നത്. രൂക്ഷമായ രസമലിനീകരണവും ഖരമലിനീകരണവും ചളി കലക്കവും ജീവജാലങ്ങളുടെ ആവാസവ്യസ്ഥക്കാണ് കോട്ടം വരുത്തിയിരിക്കുന്നത്. പുഴ പഴയപോലെ ആകാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും. പെരിയാറിന്റെ കൈവഴികളും പെരിയാറിലേക്കുള്ള തോടുകളും പ്രളയത്തോടെ അടഞ്ഞ അവസ്ഥയിലും കൈയേറിയ നിലയിലുമാണ്. പ്രളയജലം ഇറങ്ങിയതോടെ പെരിയാറ്റില്‍ രൂക്ഷമായ അനധികൃത മണല്‍ വാരലും തീരം കൈയേറ്റങ്ങളും വ്യാപകമാണ്. നടപടി സ്വീകരിക്കേണ്ടവര്‍ നവകേരള നിര്‍മാണത്തിനുള്ള പണപ്പിരിവിലുമാണ്. 1924ന് ശേഷം ഉണ്ടായ പ്രളയമായതിനാല്‍ ഇനി ഒരുപ്രളയത്തിന് ഒരു നൂറ്റാണ്ട് സാവകാശമുണ്ടാകുമെന്ന് പ്രചരിപ്പിക്കുന്നവരും ഉണ്ട്. പുഴ കൈയേറ്റവും മണല്‍ വാരലും വൃഷ്ടിപ്രദേശ വനകൈയേറ്റവുമാണ് അവരുടെ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞു സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

ഈ പ്രളയം അധികാരികളുടെ കണ്ണ് തുറപ്പിക്കണം. പെരിയാറിന്റെ വൃഷ്ടിപ്രദേശ വനനശീകരണവും നദിയുടെ തീരകൈയേറ്റങ്ങളും മലിനീകരണങ്ങളും ഒഴിവാക്കാന്‍ നടപടി വേണം. ഉരുള്‍പൊട്ടല്‍ കുറക്കാന്‍ പാറമടകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്നവ അടച്ചുപൂട്ടുകയും വേണം. ഇനിയും ഒരു പ്രളയം വരെ കാത്തിരിക്കാതെ പെരിയാര്‍ സംരക്ഷണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോണം. കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക, വൈദുതി, കുടിവെള്ള, തൊഴില്‍, ജലസേചന, സാംസ്‌കാരിക, വന്യജീവി മേഖലകളിലെ പെരിയാര്‍ നദിയുടെ പ്രാധാന്യം തിരിച്ചറിയണം.

Latest