യു എസ് ഉപരോധം പിന്‍വലിക്കുന്നില്ലെങ്കില്‍ ആണവ പദ്ധതികള്‍ പുനരാരംഭിക്കും: ഉ. കൊറിയ

Posted on: November 4, 2018 9:58 pm | Last updated: November 4, 2018 at 9:58 pm

സിയോള്‍: കടുത്ത സാമ്പത്തിക ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറാകാത്ത പക്ഷം ആണവ പദ്ധതികളിലേക്ക് തിരിച്ചുപോകുമെന്ന് ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പുതിയ പ്രസ്താവനയിലാണ് ഈ മുന്നറിയിപ്പുള്ളത്. ഉപരോധ വിഷയത്തില്‍ അമേരിക്ക നേരത്തെയുള്ള നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തങ്ങള്‍ പഴയ ആണവ നിലപാടിലേക്ക് തിരിച്ചുപോകും. ഉപരോധ വിഷയത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.

ഇതിന് തയ്യാറായില്ലെങ്കില്‍ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനൊപ്പം ആണവ പദ്ധതികള്‍ വികസിപ്പിക്കാനും ശ്രമങ്ങള്‍ ഉണ്ടാകുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ ഈ വര്‍ഷം ആദ്യത്തില്‍ ധാരണയിലെത്തിയ കരാറുകള്‍ പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഉത്തര കൊറിയക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്ന് അമേരിക്കയും ആണവ പദ്ധതികള്‍ ഉപേക്ഷിക്കാമെന്ന് ഉത്തര കൊറിയയും പരസ്പരം അറിയിച്ചിരുന്നു. സിംഗപ്പൂരില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മില്‍ നടന്ന ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഉച്ചകോടിയിലായിരുന്നു തീരുമാനങ്ങളില്‍ ധാരണയിലെത്തിയിരുന്നത്.

ഉച്ചകോടിക്ക് ശേഷം ഇരു രാജ്യങ്ങളും നടത്തിയ വാഗ്ദാനങ്ങളില്‍ അല്‍പം പുരോഗതിയുണ്ടായെങ്കിലും പിന്നീട് ഇത് നിശ്ചലമാകുകയായിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടറുടെ പേരിലാണ് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. ഉപരോധം പൂര്‍ണമായും എടുത്തുകളയണമെന്നാണ് പ്രസ്താവനയിലെ പ്രധാന ആവശ്യം. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുന്നതിനും ഉപരോധം നീക്കുന്നതിനും ഇടയില്‍ നല്ല ബന്ധമുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പുതിയ പ്രസ്താവന, അമേരിക്കയുടെ നിലപാടിലുള്ള ഉത്തര കൊറിയയുടെ നിരാശ വിളിച്ചോതുന്നതാണ്. ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്‍ ഉത്തര കൊറിയയെ വശീകരിച്ച് മേഖലയെ ആണവ വിമുക്തമാക്കാന്‍ വേണ്ടി ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര വിജയിക്കാനായിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ അറിയിക്കുന്നത്.