Connect with us

Prathivaram

എഴുത്തുലോകത്തിന്റെ ഊടുവഴികളിലൂടെ

Published

|

Last Updated

നേരും നേറിയും നേരെ പറയുന്നവരുടെ എഴുത്തിലാണ് ജീവിതമുള്ളത്. എഴുത്തുകാരന്റെ അനുഭവങ്ങളുടെയും ഓര്‍മകളുടെയും ഏറ്റുപറച്ചിലുകള്‍ക്ക് കൂടി ഇതില്‍ പങ്കുണ്ട്. സമകാലിക വായനാലോകം എഴുത്തുകാരന്റെ ഭൂതവും വര്‍ത്തമാനവും രചനാഹേതുവും സാമൂഹിക സന്ദര്‍ഭങ്ങളും ഓര്‍മക്കൂട്ടുകളും അനുഭവവേദ്യങ്ങളും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളും എല്ലാം ഒരു കൃതിയുടെ ആന്തരിക സത്തയിലൂടെ അജ്ഞാത ദേശങ്ങളിലേക്ക് ഊളിയിടാനുള്ള സവിശേഷമായ സിദ്ധികളാണെന്ന് വിശ്വസിക്കുന്നവരാണ്. ചൂടും ചൂരും വറ്റിയ സൈദ്ധാന്തിക സമാഹാരങ്ങളെ കാണാക്കയങ്ങളിലേക്ക് ചുഴറ്റി എറിയുകയാണിവര്‍. നനവുള്ള പച്ചപിടിച്ച വായന സാധ്യമാകുന്നത് കൃതിയുടെ നിമിത്തങ്ങള്‍ സുതാര്യമാകുമ്പോഴാണ്. ഓരോന്നിന്റെയും ആധികാരികതയും ഇല്ലായ്മയും അളക്കപ്പെടുന്നത് തൂലികയുടെ മികവ് അനുസരിച്ചായിരിക്കും. എഴുത്തുകാരന് കൂച്ചുവിലങ്ങുകളേര്‍പ്പെടുത്തി വായനക്കാരന് പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ചതിലെ പരാധീനതയെ അവര്‍ വെളിച്ചത്തുകൊണ്ടുവന്നു. പശ്ചാത്തലത്തിലാണ് “രചനയുടെ നടവഴികള്‍” എന്ന ഹരികൃഷ്ണന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കാലികപ്രസക്തി.

കൃതിയില്‍ നിന്ന് എഴുത്തുകാരനിലേക്ക് ചേക്കേറാനുള്ള ഹരികൃഷ്ണന്റെ സാഹസികത അഭിനന്ദനാര്‍ഹമാണ്. വിഭിന്ന വിഷയങ്ങളിലായി വിവിധ കൃതികള്‍ മുളച്ചുപൊന്തുന്ന മലയാള സാഹചര്യത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ പ്രയത്‌നം. സാഹിത്യസപര്യയിലെ പ്രധാനികളുടെ അതിവിശിഷ്ട രചനകളുടെ അവതരണ നിമിത്തത്തെക്കുറിച്ചാണ് അദ്ദേഹം അന്വേഷിച്ചിറങ്ങിയത്. പുനത്തില്‍ കുഞ്ഞബ്ദുല്ല, ഒ വി വിജയന്‍, സക്കറിയ, എം മുകുന്ദന്‍.. പട്ടിക നീളുന്നു. അവരുടെ നോവലിനെയും കഥയെയും ചെറുകഥയെയും കവിതയെയും അത്യധികം ലാളനയോടെയാണ് ഹരികൃഷ്ണന്‍ പരിപാലിക്കുന്നത്. നീണ്ടുനിവര്‍ന്നു കിടക്കുന്ന നോവലിന്റെയും ചുരുണ്ടുകിടക്കുന്ന കവിതയുടെയും കൂരമ്പു പോലെ തറയ്ക്കുന്ന കഥയുടെയും ജീവാങ്കുരം തേടിയുള്ള യാത്രയാണ് ഹൃദയസ്പൃക്കായി വരഞ്ഞിട്ടത്. സാഹിത്യവും രാഷ്ട്രീയവും സൗഹൃദവും സിനിമയും നാടകവും വിശപ്പും ഏകാന്തതയും വ്യാകുലതയും മരണവുമെല്ലാം ഇതില്‍ കടന്നുവരുന്നു. രചനയുടെ ഇരുളും വെളിച്ചവും കലര്‍ന്ന നടവഴികളിലൂടെ ഒരു സര്‍ഗ യാത്രയാണ് ഇതിലൂടെ സാധ്യമാകുന്നത്.

കഥാപാത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിമിത്തങ്ങള്‍ പലപ്പോഴും പലതായിരിക്കും. എഴുത്തുകാരന്റെ കണ്ണിലുടക്കിയതോ അനുഭവിച്ചതോ അതിലൂടെ ഉരുത്തിരിഞ്ഞുവന്നതോ ഒക്കെയാവാം. ബാല്യകാലത്തെ ഓര്‍മക്കൂട്ടുകള്‍, മനംനിറച്ച ദേശപ്രകൃതികള്‍, സ്വാധീനിച്ച വ്യക്തിത്വങ്ങള്‍ അങ്ങനെ പലതും കയറിക്കൂടും. പൗലോ കോയ്‌ലോ എന്ന ആത്മാവ് തൊട്ടറിഞ്ഞ ലോകപ്രശസ്ത എഴുത്തുകാരന്റെ രചനകളിലധികവും ജീവിത യാത്രയിലെ ഊടുവഴികളില്‍ കണ്ടുമുട്ടിയവയാണ്. ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റായ ചേതന്‍ ഭഗത്തിന്റെ താളുകളിലും ഈ അഭിനിവേശം ദര്‍ശിക്കാം. നമ്മുടെ പരിസരങ്ങള്‍ മാത്രം, താളുകളും വായനക്കാരന്റെ ഹൃദയവും നിറയ്ക്കാന്‍ പോന്നവയാണെന്നാണ് ഇവ ഉദാഹരിക്കുന്നത്. വീടിനോട് ചേര്‍ന്നൊഴുകുന്ന അരുവി, അയല്‍വാസിയായ പെണ്‍കുട്ടി, വിശേഷദിവസങ്ങള്‍, പൊതു ഇടങ്ങളിലെ അപരിചിതര്‍ തുടങ്ങി കണ്ണും ചങ്കും സാക്ഷ്യംവഹിച്ച പലതും താളുകളിലേക്ക് ഊര്‍ന്നിറങ്ങും. ചുറ്റുപാടും പരിസരവും തന്നെ ഒരുപാട് സംവദിക്കുന്നുണ്ട്. എം മുകുന്ദന്‍ സൃഷ്ടിച്ച മയ്യഴിയെക്കുറിച്ച് പറയുന്നുണ്ട് ഹരികൃഷ്ണന്‍. “സത്യം, മുകുന്ദന്റെ മയ്യഴിയല്ല യഥാര്‍ഥ മയ്യഴി. വായനക്കാര്‍ മയ്യഴി എന്ന പ്രദേശത്തെത്തി, മുകുന്ദന്റെ മയ്യഴി തിരയുമ്പോള്‍ നിരാശരാകും. കാരണം മയ്യഴിയുടെ പക്കല്‍ അധികം ശേഷിപ്പുകള്‍ ബാക്കിയില്ല” നഗര വികസനത്തിന്റെ ഭാഗമായി മയ്യഴി അന്നുതന്നെ ഭാഗികമായി ശിഥിലമായിരുന്നു. പക്ഷേ മുകുന്ദന്റെ ഭാവനകളാണ് മയ്യഴിയെ മറ്റൊന്നാക്കിയത്. ആ ശ്രമത്തെയാണ് ലോകം കണ്ടതും. ഇങ്ങനെ ചെറുതിനെ വലുതാക്കിയും മ്ലേച്ചമായതിനെ ഉത്കൃഷ്ടമാക്കിയും കാഴ്ചയുടെയും കേള്‍വിയുടെയും അനുഭവങ്ങളെ മറ്റൊന്നാക്കിയും അവതരിപ്പിക്കാനുള്ള കലാത്മകമായ പൂര്‍ണതയാണ് ഒരു രചയിതാവിന്റെ മൗലികത. ഈ മൗലികതയുടെ വ്യത്യസ്ത അടരുകള്‍ കൃതിയിലുടനീളം നമുക്ക് ദര്‍ശിക്കാം. അതെല്ലാം സമര്‍ഥമായി രചയിതാവ് കണ്ടെടുക്കുന്നുമുണ്ട്.

കഥാപാത്രങ്ങളുടെ സാക്ഷാത്കാരം കൗതുകമാണ്. “കൂടല്ലൂരിന്റെ കാമുകന്‍” എന്ന തലക്കെട്ടില്‍ എം ടി യെ കൊണ്ടുവരുന്നുണ്ട്. കുട്ട്യേത്തി എന്ന കഥാപാത്രത്തെ എം ടി കണ്ടുമുട്ടുന്നത് അവര്‍ തൂങ്ങി മരിക്കുന്നതിനിടയിലാണ്. സക്കറിയയുടെ ഉദീനച്ചന്തക്കും പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലക്കും ബാല്യകാലങ്ങളുടെ ചുറ്റുവട്ടങ്ങളായിരുന്നു ഹേതു. മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ പരീക്ഷകനായി പരീക്ഷ ഹാളില്‍ നിന്നപ്പോഴാണ് ഒ വി വിജയന്റെ നിദ്രയുടെ താഴ്‌വര എന്ന ചെറുകഥ ഉരുവംകൊള്ളുന്നത്. സക്കറിയയുടെ സന്ദര്‍ശകന്‍ എന്ന ചെറുകഥയുടെ പശ്ചാത്തലം സുഹൃത്തുക്കളോടൊപ്പമുള്ള മദ്യപാനമായിരുന്നു.

അസാധാരണമാണ് പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ദീര്‍ഘദര്‍ശനം. പിതാവിന്റെ മരണത്തിനു മുമ്പ് തന്നെ മരണാനന്തര കര്‍മങ്ങള്‍ക്കുള്ള സാമഗ്രികളെ ഒരുക്കുന്നതാണ് കഥയിലെ ഇതിവൃത്തം. “പിതാവിന് കടുത്ത ഹൃദയാഘാതം. ഡോക്ടറെ കാണാന്‍ എത്തുകയാണ് മകന്‍. പക്ഷേ ഡോക്ടറുടെ ഇന്‍/ ഔട്ട് ബോര്‍ഡിന്റെ മുന്നില്‍, കോളിംഗ് ബെല്ലിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അയാള്‍ സംശയിക്കുന്നു. ഡോക്ടറെ കാണുന്നതിനു മുമ്പ് ശവപ്പെട്ടിയും തുണിയും ഏര്‍പ്പാടാക്കുകയാണ് മകന്‍. എന്നിട്ട് അവരെയും കൂട്ടി മരണാസന്നനായ പിതാവിന്റെ അരികിലേക്ക്.” നാലുവര്‍ഷത്തിന് ശേഷം സ്വന്തം പിതാവ് മരണത്തോടടുക്കുമ്പോള്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല നടന്നുപോയത് ഈ കഥയുടെ താളുകളിലെ സംഭവപരമ്പരകളിലൂടെയായിരുന്നു. “കുഞ്ഞബ്ദുല്ലയും കൂട്ടരും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പിതാവിന്റെ അവസാന നിമിഷങ്ങളാണ്. പതിനഞ്ച് മിനുട്ടിനകം അദ്ദേഹം മരിച്ചു. അപ്പോഴാണ് വന്നുചേര്‍ന്ന ബന്ധുക്കള്‍ അടുത്ത ദിവസത്തെ ബന്ദിനെ കുറിച്ചോര്‍ത്തു ബേജാറാകുന്നത്. പക്ഷേ കുഞ്ഞബ്ദുല്ലയുടെ “ദീര്‍ഘദര്‍ശനം” മൂലം കബറടക്കം വേഗം നടത്താന്‍ സാധിച്ചു . “അറം പറ്റിയ വാക്കുകള്‍” എന്നാണിതിന് ഹരികൃഷ്ണന്‍ ശീര്‍ഷകം നല്‍കിയത്.

കൃതികള്‍ക്ക് ജീവന്‍ നല്‍കിയ സന്ദര്‍ഭങ്ങള്‍, പ്രചോദനമായ വഴിത്താരകള്‍ തുടങ്ങിയവ മനസ്സിലാക്കുക വായനക്കാരെ ഏറെ സന്തോഷിപ്പിക്കുമെന്നത് തീര്‍ച്ചയാണ്. മനസ്സില്‍ പതിഞ്ഞ രചനാ പശ്ചാത്തലമാണ് പിന്നീട് രണ്ടാം വായനക്ക് ഹേതുവാകുന്നത്. യാഥാര്‍ഥ്യത്തെ, അവതരിപ്പിച്ച കഥാപാത്രവുമായി തുലനം ചെയ്ത് രചയിതാവ് നടത്തിയ കടത്തിക്കൂട്ടലുകളും കഥാപാത്രത്തിന്റെ മേല്‍ അടിച്ചേല്‍പ്പിച്ച സ്വഭാവങ്ങളും കണ്ടെടുക്കാനാകും. പലരിലും കണ്ട സ്വഭാവങ്ങള്‍ ഒരാളില്‍ നിക്ഷേപിക്കുന്നതായും കാണാം. രചനയുടെ നടവഴികളിലൂടെയുള്ള സര്‍ഗയാത്ര ഹൃദ്യമായി സമ്മാനിക്കുന്നത് രചനാതിവൃത്തത്തെ കണ്ടെത്താനുള്ള ഊര്‍ജമാണ്. വളരെ ചെറുതുപോലും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കാനും സംവദിക്കുന്ന ആശയവിപുലതയെ ഉള്‍വഹിക്കാനുള്ള സര്‍ഗാത്മകമായ പ്രോത്സാഹനവുമാണ്. വായനാഹൃദയത്തിന്റെ ദാഹത്തിന് ശമനിയായി ഈ കൃതി മാറുന്നുണ്ട്.
.

hafizmrfkollam333@gmail.com