കുളിര്‍ച്ചോലയിലേക്കുള്ള കാട്ടുപാത

ചുറ്റും പാറക്കൂട്ടങ്ങളായതിനാല്‍ വെള്ളത്തിലിറങ്ങാന്‍ ഇപ്പോഴും നല്ല വഴികളില്ല. ഉള്ളില്‍ നല്ല പേടിയുണ്ടെങ്കിലും കയറില്‍ തൂങ്ങി സാഹസികമായി ഞങ്ങളോരോരുത്തരും ഉച്ചനീരാട്ടിനിറങ്ങി. സമയം രണ്ട് മണി. സൂര്യന്‍ ഉച്ചിയിലെത്തി നില്‍ക്കുന്നു. വെള്ളത്തിലേക്ക് കാലെടുത്ത് വെച്ചതേ ഓര്‍മയുള്ളൂ, മാസ്മരിക തണുപ്പില്‍ അടിമുടി വിറച്ചു.
യാത്ര
Posted on: November 4, 2018 8:04 pm | Last updated: November 4, 2018 at 8:04 pm

സൈലന്റ്‌വാലിയായിരുന്നു ലക്ഷ്യമെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ അങ്ങോട്ടേക്കുള്ള പോക്ക് മുടങ്ങി. അങ്ങനെയാണ് ‘കേരളാംകുണ്ട് വാട്ടര്‍ ഫാള്‍സ്’ തീരുമാനമായത്. കേട്ടറിവിന്റെ പേരില്‍ മാത്രം യാത്ര പുറപ്പെടാന്‍ തയ്യാറല്ലാത്തതിനാല്‍ ഗൂഗിള്‍ ചെയ്ത് എല്ലാം മനസ്സിലാക്കി.

ഒരു ഓഫ്‌റോഡ് നടത്തം
ഗൂഗിള്‍ മാപ്പ് വെട്ടിത്തെളിച്ച വഴികളിലൂടെ ഞങ്ങള്‍ കേരളാംകുണ്ട് ലക്ഷ്യമാക്കി വണ്ടി പായിച്ചു. കുമരംപുത്തൂര്‍ നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ മാറി വശ്യമനോഹരമായ കാനന മധ്യത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കുമരംപുത്തൂര്‍ നഗരത്തിന്റെ തിരക്കേറിയ ഇടങ്ങള്‍ താണ്ടി 10 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും നീണ്ടൊരു പാര്‍ക്കിംഗ് നിര കണ്ടു. വട്ടംകൂടിയവരോട് കാര്യമന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരമിതായിരുന്നു: ‘ഇനിയങ്ങോട്ട് രണ്ട് കിലോമീറ്റര്‍ ഓഫ് റോഡാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇവിടുത്തെ ജീപ്പ് ഉപയോഗിക്കാം. അല്ലെങ്കില്‍ നടക്കാം.’ ജീപ്പിനുള്ള കാശ് തികയില്ലെന്ന് കണ്ടപ്പോള്‍ നടക്കാന്‍ തീരുമാനിച്ചു.

ആദ്യത്തെ ഒരു കിലോമീറ്റര്‍ കോണ്‍ക്രീറ്റ് നിലങ്ങളായിരുന്നു. ഇരുവശങ്ങളിലും വ്യാപക റബ്ബര്‍ കൃഷിയുണ്ട്. ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കോണ്‍ക്രീറ്റ് നിലങ്ങള്‍ക്കു പകരം കല്‍ച്ചീളുകള്‍ ഭംഗിയായി വിരിച്ച കാട്ടുപാത. ഇരുവശങ്ങളിലും കൊക്കോമരങ്ങളും മറ്റും തണല്‍ വിരിച്ചു. ചുവന്ന് തുടുത്തു നില്‍ക്കുന്ന ചാമ്പ മരങ്ങളും പഴുത്തുവീണ ചക്കയും പേരക്കയും നാവിന് രുചി പകര്‍ന്നു മുന്നോട്ട് നീങ്ങുന്തോറും പ്രകൃതി ഞങ്ങള്‍ക്കൊരുക്കിയ വിരുന്ന് ഏറെ ആസ്വാദ്യകരമായി. പച്ചമണ്ണിന്റെ മണവും വന്യതയുടെ പ്രശാന്തതയും നന്നായനുഭവിച്ചു. വഴിയരികില്‍ ഭീമാകാരങ്ങളായ വേരുകളുള്ള ഒരു പടുവൃക്ഷം ക്യാമറക്കുള്ളിലാക്കി. ആസ്വദിച്ച് നടന്ന് ഒടുവില്‍ ലക്ഷ്യസ്ഥാനമെത്തിയതറിഞ്ഞില്ല. ഒരാള്‍ക്ക് പത്ത് രൂപയാണ് ഫീസ്.

യുവാക്കളുടെ ഇഷ്ട കേന്ദ്രം
ചുറ്റും പാറക്കൂട്ടങ്ങളായതിനാല്‍ വെള്ളത്തിലിറങ്ങാന്‍ ഇപ്പോഴും നല്ല വഴികളില്ല. ഉള്ളില്‍ നല്ല പേടിയുണ്ടെങ്കിലും കയറില്‍ തൂങ്ങി സാഹസികമായി ഞങ്ങളോരോരുത്തരും ഉച്ചനീരാട്ടിനിറങ്ങി. സമയം രണ്ട് മണി. സൂര്യന്‍ ഉച്ചിയിലെത്തി നില്‍ക്കുന്നു. വെള്ളത്തിലേക്ക് കാലെടുത്ത് വെച്ചതേ ഓര്‍മയുള്ളൂ മാസ്മരിക തണുപ്പില്‍ അടിമുടി വിറച്ചു. മലമുകളില്‍ നിന്ന് നേരിട്ട് വരുന്ന വെള്ളമായതിനാലാവാം നട്ടുച്ചക്ക് പോലും വെള്ളത്തിന് കൊടും തണുപ്പായതെന്ന് ഊഹിച്ചു. അതുതന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണീയതയും. മാത്രമല്ല. ഈ വെള്ളത്തിന് ഔഷധമൂല്യമുണ്ടെന്നും പറയപ്പെടുന്നു.

രണ്ടുമൂന്ന് വര്‍ഷം മുമ്പ് ഇവിടം സാഹസികരുടെ വിഹാര കേന്ദ്രമായിരുന്നു. കൊടുംപാറക്കൂട്ടങ്ങള്‍ക്കിടയിലാണ് കേന്ദ്രമെന്നതിനാലും ഗതാഗതം സുഗമമല്ലാത്തതിനാലും ഇങ്ങോട്ടേക്ക് എത്തിച്ചേരല്‍ ശ്രമകരമായിരുന്നു. സ്ഥലം എം എല്‍ എ പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ട് ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതോടെ സഞ്ചാരികളുടെ, പ്രത്യേകിച്ച്, യുവാക്കളുടെ ഒഴുക്കാണ്. വേനല്‍ക്കാലത്തും വെള്ളം സുലഭമായതിനാല്‍ സഞ്ചാരികളുടെ തിരക്കൊഴിയുന്ന നേരമില്ല. കൊടും ചൂടില്‍ ശരീരം തണുപ്പിക്കാന്‍ കുടുംബസമേതം ഇവിടെയെത്തുന്നവരും കുറവല്ല. വെള്ളച്ചാട്ടമാണെങ്കിലും വിശാലമായ കുളം പോലെയായതിനാല്‍ വിസ്തരിച്ച് നീന്താം. ശ്രമകരമെങ്കിലും പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ സൂക്ഷിച്ച് നടന്നാല്‍ താഴെ വേറെയും വെള്ളച്ചാട്ടങ്ങളുണ്ട്. ആരും അവിടേക്ക് പോകാന്‍ ധൈര്യപ്പെടില്ലെന്നത് വേറെ കാര്യം.
.