Connect with us

Prathivaram

ചൂടും തണലും

Published

|

Last Updated

മൃത്യുവിന്റെ കറുത്ത നിഴല്‍ മേനിയില്‍ ആഘാതമേല്‍പ്പിച്ചപ്പോള്‍ തള്ളക്കോഴി ഭീതിയോടെ വിളിച്ചു പറഞ്ഞു, “മക്കളേ വേഗം രക്ഷപ്പെട്ടോളൂ… അവനെത്തിപ്പോയി….”
പരിഭ്രാന്തരായ കുഞ്ഞുമക്കള്‍ നാലുപാടും ചിതറിയോടി. കിട്ടിയ ഇടങ്ങള്‍ ഒളിസങ്കേതങ്ങളാക്കി. എന്നിട്ടും… ഒരാള്‍ ബാക്കിയായി. മുടന്തന്‍ കുഞ്ഞ്…
ഭീതിയും ആശങ്കയും കൊണ്ട് പാദങ്ങള്‍ മരവിച്ച അവസ്ഥ. വിറച്ചു വിറച്ചു നിന്നപ്പോള്‍ അമ്മയുടെ സ്‌നേഹവിലാപം, “കുഞ്ഞേ…”
പിന്നൊട്ടും താമസിച്ചില്ല. പ്രാണഭയത്തോടെ. ആ രണ്ടക്ഷരം പകര്‍ന്ന കരുത്തില്‍ വലിഞ്ഞോടി അമ്മയുടെ ചിറകിനടിയില്‍ത്തന്നെ
അഭയം തേടി.
“കുഞ്ഞു മക്കള്‍ക്കൊന്നും സംഭവിക്കരുതേ…” അമ്മ കരളുരുകി പ്രാര്‍ഥിച്ചു..
അടുത്ത നിമിഷം..
ഒരു പൂവ് നുള്ളുന്ന ലാഘവത്തോടെ, താണുപറന്നെത്തിയ മൃത്യു അമ്മയെ പൊക്കിയെടുത്തു… കൂര്‍ത്ത നഖങ്ങളില്‍ കുരുങ്ങി അമ്മയുടെ ജീവന്‍ മുകളിലേക്ക്…. മക്കള്‍ രക്ഷപ്പെട്ട ആശ്വാസത്തോടെ അമ്മയുടെ കണ്ണുകളില്‍ നിന്ന് രക്തത്തുള്ളികള്‍ ഭൂമിയിലേക്ക്…..
അമ്മയുടെ ചൂടും തണലും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ മുടന്തന്‍ കുഞ്ഞിന്റെ നിലവിളി കേട്ട്, ആപല്‍ശങ്ക വെടിഞ്ഞു മറ്റുള്ളവരും ഓടിക്കൂടി. ആധിയോടെ അവരുടെ കണ്ണുകള്‍ മൃത്യു ദൂതനിലേക്ക് നീണ്ടു. അദൃശ്യതയിലലിയുന്ന… അമ്മയുടെ രൂപം… സ്‌നേഹം… കാരുണ്യം… കരുതല്‍…. പിന്നീട്.. അവിടെ… ഒരു കൂട്ടനിലവിളി
ഉയര്‍ന്നു….
.

Latest