അസമത്വത്തിനെതിരെ ചെറുത്തുനില്‍പ്പ് അനിവാര്യം: കനിമൊഴി

Posted on: November 4, 2018 4:50 pm | Last updated: November 4, 2018 at 4:50 pm

ഷാര്‍ജ: ഇന്ത്യന്‍ ജനതക്കിടയില്‍ പഴഞ്ചന്‍ സംസ്‌കാരത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് തമിഴ് എഴുത്തുകാരി കനിമൊഴി. ഷാര്‍ജ പുസ്തകമേളയില്‍ അനുവാചകരുമായി സംവദിക്കുകയിരുന്നു അവര്‍.
പ്രാകൃതരീതിയില്‍തന്നെ മനുഷ്യര്‍ തരംതിരിക്കപ്പെടുന്നു. സവര്‍ണ ജാതിസമ്പ്രദായം ഇല്ലാതാവുകയല്ല, കൂടുതല്‍ രൗദ്രമാവുകയാണ്. കീഴാളരും മേലാളരുമെന്ന അസമത്വം സമൂഹത്തില്‍ ഭീതിതമാവുകയാണ്. അസമത്വത്തിനെതിരെ അതിശക്തമായ ചെറുത്തുനില്‍പ് അനിവാര്യം. ഇത്തരം സാഹചര്യങ്ങളിലാണ് തന്റെ പിതാവ് കരുണാനിധിയുടെ ശൂന്യത തിരിച്ചറിയുന്നത്. ഇപ്പോഴും പിതാവിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ജീവിച്ചിരുന്നകാലം തിന്മക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടമെന്നും കനിമൊഴി ഓര്‍മിപ്പിച്ചു.

ഖുര്‍ആന്‍ സൂക്തങ്ങളും തമിഴ് കവിതാശകലങ്ങളും പാടിയാണ് കനിമൊഴി പ്രസംഗം അവസാനിപ്പിച്ചത്. കനിമൊഴിയുടെ പ്രസംഗം കേള്‍ക്കാന്‍ ബാള്‍റൂമില്‍ തമിഴ്‌നാട്ടുകാരും മലയാളികളും തടിച്ചുകൂടിയിരുന്നു. രവി ഡി സി സ്വാഗതം പറഞ്ഞു.