സ്ഥിതിഗതികള്‍ വഷളാകും; ശബരിമലയിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ അയക്കരുത്: ശബരിമല കര്‍മ സമതി

Posted on: November 4, 2018 3:23 pm | Last updated: November 4, 2018 at 9:13 pm

കോട്ടയം: ശബരിമലയിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ അയക്കരുതെന്ന് ഹിന്ദു സംഘടനകള്‍. മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഹിന്ദു സംഘടനകള്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ശബരില യുവതീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന വിഎച്ച്പി ഉള്‍പ്പെടെയുള്ള സംഘടനകളുടെ കൂട്ടായ്മയായ ശബരിമല കര്‍മ സമതിയാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ അയക്കരുതെന്ന് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ തവണ മാസ പൂജക്കായി നട തുറന്നപ്പോള്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റമുണ്ടായിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതിന് പുറമെ ഇവരുടെ വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെ ശബരിമലയിലേക്ക് റിപ്പോര്‍ട്ടിങ്ങിനയക്കുന്നത് സ്ഥിതിഗതികള്‍ വഷളാക്കുമെന്നും മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്. വിശ്വാസികളുടെ നിലപാടിനെ അനുകൂലിക്കാനും എതിര്‍ക്കാനുമുള്ള അവകാശം മാധ്യമങ്ങള്‍ക്കുണ്ടെങ്ങിലും പ്രകോപനപരമായ നിലപാടുകള്‍ കൈക്കൊള്ളില്ലെന്ന് പ്രതീക്ഷിക്കുന്നതായും കത്തില്‍ പറയുന്നുണ്ട്.