Connect with us

Kerala

ബന്ധുവിനായി വഴിവിട്ടൊന്നും ചെയ്തിട്ടില്ല; ആരോപണത്തിന് പിന്നില്‍ വായ്പ അടവ് തെറ്റിച്ച ലീഗ് നേതാക്കള്‍: മന്ത്രി കെടി ജലീല്‍

Published

|

Last Updated

തിരുവനന്തപുരം: തനിക്കെതിരായ ബന്ധുനിയമന ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി കെടി ജലീല്‍. ഏതെങ്കിലും ഒരു ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തയാളുടെ സേവനം സംസ്ഥാന ന്യൂനപക്ഷ ധനകാര്യ സ്ഥാപനത്തിന് ആവശ്യമായതിനാലാണ് അപേക്ഷ ക്ഷണിച്ച് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പുണ്ടായിരുന്ന രണ്ട് ജനറല്‍ മാനേജര്‍മാരേയും അപേക്ഷ ക്ഷണിക്കാതെ ഡപ്യൂട്ടേഷനില്‍ നിയമിക്കുകയായിരുന്നു. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുകയായിരുന്നു. കാര്യശേഷിയുള്ളവരെ ലഭിക്കാനാണ് അപേക്ഷ ക്ഷണിച്ചത്. ഇത് സംബന്ധിച്ച് അപേക്ഷ വിവരം മറ്റ് പ്ത്രങ്ങളിലെപ്പോലെ ചന്ദ്രിക പത്രത്തിലും വന്നതാണ്. 27.8.16നാണ് ചന്ദ്രികയില്‍ പരസ്യം വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വന്ന ഏഴ് പേരില്‍ യോഗ്യതയുള്ള ഒരാളെ നിയമിക്കുകയായിരുന്നു.

യോഗ്യതയില്‍ ഇളവ് വരുത്തിയെന്നാണ് മറ്റൊരാരോപണം. എംബിഎക്കാരെ തഴയുന്നതിന് പകരം കൂടുതല്‍ പേര്‍ക്ക് ഗുണം ലഭിക്കാന്‍ ബിടെക്ക് യോഗ്യതയും ഉള്‍പ്പെടുത്തുകയായിരുന്നു. റിസര്‍വ് ബേങ്കിന്റെ ഗവര്‍ണറായിരുന്ന റഘുറാം രാജന്റെ യോഗ്യത ബിടെക്ക് ആയിരുന്നു. ഇക്കാര്യം അറിയാനുള്ള കാര്യവിവരം യൂത്ത് ലീഗുകാര്‍ക്കുണ്ടാകണമായിരുന്നുവെന്നും തന്റെ ബന്ധുവിനെ നിയമിക്കാന്‍ വഴിവിട്ടൊന്നും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ധനകാര്യ സ്ഥാപനം കൊടുത്ത വായ്പയില്‍ 20 ശതമാനത്തോളം തിരിച്ചടവ് വരാത്തതാണ് . ഇതാരൊക്കെയാണെന്ന് പരിശോധിച്ചപ്പോള്‍ പലതും ചെന്നെത്തുന്നത് ലീഗ് നേതാക്കളുടെ വീട്ട് പടിക്കലാണ് .ഇതാണ് ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

ധനകാര്യ സ്ഥാപനത്തില്‍ മന്ത്രി ബന്ധുവിനെ വഴിവിട്ട് നിയമിച്ചുവെന്ന് യൂത്ത് ലീഗാണ് ആരോപണം ഉന്നയിച്ചത്.

Latest