Connect with us

Articles

പുറത്താക്കുന്നത് ഐലയ്യെയയല്ല, ബഹുസ്വരതയെയാണ്

Published

|

Last Updated

ദളിത് ആക്ടിവിസ്റ്റും ചിന്തകനുമായ കാഞ്ച ഐലയ്യയുടെ മൂന്ന് പുസ്തകങ്ങള്‍ എം എ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് നീക്കാന്‍ ഡല്‍ഹി സര്‍വകലാശാല തീരുമാനിച്ചിരിക്കുകയാണ്. നവംബര്‍ പതിനഞ്ചിന് ചേരുന്ന അക്കാദമിക് കൗണ്‍സില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഐലയ്യയുടെ പുസ്തകങ്ങള്‍ ഹിന്ദു മതത്തെ അപമാനിക്കുന്നതാണെന്നും വിദ്യാര്‍ഥികള്‍ക്ക് വായിക്കാന്‍ പറ്റിയതല്ലെന്നും അക്കാദമിക് സമിതി അംഗം പ്രൊഫസര്‍ ഹന്‍സ് രാജ് സുമന്‍ പറയുന്നു. ഞാനെന്ത് കൊണ്ട് ഹിന്ദുവല്ല, ബഫല്ലോ നാഷനലിസം, പോസ്റ്റ് ഹിന്ദു ഇന്ത്യ എന്നീ പുസ്തകങ്ങളാണ് സിലബസില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചത്. ദളിത് എന്ന വാക്ക് അക്കാദമിക് രംഗത്ത് ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അധഃസ്ഥിത വിഭാഗത്തെ സൂചിപ്പിക്കാനായി “ദളിതി”ന് പകരം ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്ന് ഉപയോഗിക്കണമെന്നാണ് പുതിയ നിര്‍ദേശം.

അക്കാദമിക് രംഗത്തെ സംഘ്പരിവാര്‍ കടന്നു കയറ്റത്തിന്റെ അവസാനത്തെ ഉദാഹരണമാണിത്. ബി ജെ പി വലതുപക്ഷ ഭരണത്തില്‍ അക്കാദമിക് വ്യവഹാരത്തിലെ ബഹുസ്വരത തകര്‍ക്കപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കാഞ്ച താന്‍ ജാതീയതക്കോ അസമത്വത്തിനോ എതിരെ സംസാരിക്കുമ്പോള്‍ അത് മത വിരുദ്ധമാവുന്നതെങ്ങനെയാണെന്നും ചോദിക്കുന്നു.

മനുഷ്യരെ ജനനത്തിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളാക്കി തിരിക്കുന്ന കിരാതമായ സാമൂഹിക വിവേചനത്തിന്റെ ആശയ സ്രോതസ്സായ മനുസ്മൃതിയാണ് ആര്‍ എസ് എസിന്റെ അടിസ്ഥാന ഗ്രന്ഥം. ദളിതരും ന്യൂനപക്ഷ മതവിഭാഗങ്ങളും സംഘ് പരിവാറിന് അഭിശപ്തരാവുകയും രാജ്യത്ത് ന്യൂനപക്ഷ ദളിത് കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്യുന്നത് അതുകൊണ്ടാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥക്ക് അപ്പുറത്തുള്ള, മനുഷ്യനെന്ന പ്രാഥമിക പരിഗണന പോലും കൊതിക്കാനര്‍ഹതയില്ലാത്ത, അരികുവത്കരിക്കപ്പെട്ട ദളിത് ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന കീഴാള ചിന്തകന്‍ സംഘ് പരിവാറിന്റെ കണ്ണിലെ കരടായി മാറിയതില്‍ അത്ഭുതപ്പെടാനില്ല.

ബ്രാഹ്മണരെ സാമൂഹിക മേധാവികളായി പ്രഖ്യാപിക്കുന്ന ഹൈന്ദവതക്കുള്ള മറുപടിയാണ് “എന്ത് കൊണ്ട് ഞാന്‍ ഹിന്ദുവല്ല” എന്ന ഐലയ്യയുടെ ബെസ്റ്റ് സെല്ലര്‍ കൃതി. ബ്രാഹ്മണരെ മഹത്വവത്കരിക്കുന്ന അഹം ബ്രഹ്മാസ്മി എന്ന വേദ സിദ്ധാന്തത്തെ അദ്ദേഹം ചോദ്യം ചെയ്തു. ബ്രാഹ്മണര്‍ക്ക് പ്രകൃതിയുമായി യാതൊരു ബന്ധവുമില്ലെന്നും ദേഹത്ത് ചെളിയാവുന്നത് ഇഷ്ടമില്ലാത്തവരാണ് അവരെന്നും തെളിയിക്കുന്ന ഐലയ്യ ബുദ്ധമതത്തിന്റെ വ്യാപനത്തിന് തടയിടാനാണവര്‍ സസ്യാഹാരികളായതെന്നും പറയുന്നു.

വിവിധ മാധ്യമങ്ങളില്‍ എഴുതിയ ഐലയ്യയുടെ ലേഖനങ്ങളുടെ സമാഹരണമാണ് “ബഫല്ലോ നാഷനലിസം”. “ദളിതരുടെ കഠിനാധ്വാനത്തെ പ്രതീകവത്കരിക്കുന്ന ജീവിയാണ് എരുമ. പശുവും എരുമയും പാല് തരുന്നുണ്ടെങ്കിലും പശുവിനെ ആര്യന്മാരും ബ്രാഹ്മണരും ആരാധനാ പാത്രമാക്കിയത് അവരുടേത് പോലെ, തന്നെ പശുവിനും വെളുത്ത നിറമുള്ളത് കൊണ്ടാണ്. വെളുത്തതാണ് നല്ലതെന്ന ചിന്തയിലേക്ക് ആര്യന്മാരെത്തുന്നത് അങ്ങനെയാണ്. കറുത്തവരായ ദ്രാവിഡരെയും താഴ്ന്ന ജാതിക്കാരെയും അവമതിക്കുന്നതിന്റെ അടിസ്ഥാനമിതാണ്” ഐലയ്യ നിരീക്ഷിക്കുന്നു.

ഗ്രാമങ്ങളിലും ഗോത്രമേഖലകളിലുമായി അദ്ദേഹം പത്ത് വര്‍ഷം നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലുകളാണ് “പോസ്റ്റ് ഹിന്ദു ഇന്ത്യ” എന്ന പുസ്തകത്തിലുള്ളത്. വിവിധ സമുദായങ്ങളുടെ പ്രത്യേകതകള്‍ ഈ പുസ്തകത്തില്‍ അദ്ദേഹം പങ്ക് വെക്കുന്നു. ബ്രാഹ്മണരുടെ സവര്‍ണ സംസ്‌കാരത്തിന്റെ സര്‍വാധിപത്യത്തില്‍ നിന്നും മോചനം നേടണമെന്ന് മറ്റ് വിഭാഗങ്ങളോട് അദ്ദേഹം ആവശ്യപ്പെടുന്നു. ടി വി, സിനിമ, സംഗീതം, ജ്യോതിഷം തുടങ്ങി നിഖില മേഖലകളിലും ബ്രാഹ്മണ സംസ്‌കാരം മേല്‍ക്കോയ്മ നേടിയിരിക്കുകയാണെന്നും ദളിതര്‍ പോലും അവരുടെ സംസ്‌കാരം പിന്തുടരാന്‍ ശ്രമിക്കുന്ന സ്ഥിതി വിശേഷമാണുള്ളതെന്നും ഈയൊരവസ്ഥയില്‍ നിന്ന് മോചനം നേടണമെന്നും ഐലയ്യ അഭിപ്രായപ്പെടുന്നു.

അതി തീക്ഷ്ണമായ സൈന്താദ്ധികത കൊണ്ട് ബ്രാഹ്മണിക്കല്‍ ഫാസിസത്തിനു നേരെ നിരന്തരം നിറയൊഴിക്കുന്ന കാഞ്ച ഐലയ്യ സംഘ് പരിവാറിന് വലിയ തലവേദനയായിരുന്നു. സാമാജിക സമഗഌലു കോമത്തുള്ളു (vishyas are social Smugglers) എന്ന തെലുങ്ക് പുസ്തകം പുറത്തിറക്കിയപ്പോള്‍ ഐലയ്യയുടെ നാവ് അരിഞ്ഞ് തള്ളുമെന്ന് സംഘ് പരിവാര്‍ ഭീഷണി മുഴക്കിയിരുന്നു. പോസ്റ്റ്ഹിന്ദു ഇന്ത്യയുടെ ചില ഭാഗങ്ങളുടെ തെലുങ്ക് പരിഭാഷയായ ഈ പുസ്തകം ആര്‍ എസ് എസ് മുന്നോട്ട് വെക്കുന്ന വെജിറ്റേറിയന്‍ ദേശീയതയുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടുന്നതായിരുന്നു. പൂര്‍വകാലത്ത് തന്നെ കാര്‍ഷിക ജോലി ചെയ്യുന്നവര്‍ സസ്യാഹാരികളായിരുന്നില്ല. കാരണം അധ്വാനിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമുണ്ട്. സസ്യാഹാരത്തില്‍ നിന്ന് മാത്രം അത് ലഭിക്കില്ല. ബ്രാഹ്മണരും ബനിയ വിഭാഗവും അധ്വാനശീലരല്ലാത്തതിനാല്‍ അവര്‍ സസ്യാഹാരികളായി. സസ്യാഹാരികളായ ന്യൂനപക്ഷം രാജ്യം മുഴുവന്‍ സസ്യാഹാരം നിര്‍ബന്ധമാക്കുകയാണെങ്കില്‍ അധ്വാന വിഭാഗത്തിന് നിലനില്‍പ്പുണ്ടാവില്ല- ഐലയ്യ വിശദീകരിക്കുന്നു. ഇത്തരത്തില്‍ ഗോവിനെ സ്വാര്‍ഥ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ബ്രാഹ്മണിക്കല്‍ ഫാസിസവുമായി സംഘട്ടനത്തിലേര്‍പ്പെട്ടത് കൊണ്ട് തന്നെ “ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല” എന്ന ഐലയ്യയുടെ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന ആശയ സംവേദനത്തിനുള്ള അവകാശം ഐലയ്യക്കുമുണ്ടെന്ന് പറഞ്ഞ് സുപ്രീം കോടതി ഹരജി തള്ളുകയായിരുന്നു.

വ്യത്യസ്തമായ ആശയങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു വിദ്യാര്‍ഥിയുടെ മനസ്സ് പാകപ്പെടുത്തുകയാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള സിലബസാണ് സര്‍വകലാശാല തയ്യാറാക്കേണ്ടത്. ചിന്താശേഷിയുള്ള, വിശകലന പാടവമുള്ള തലമുറ വളര്‍ന്ന് വരണമെങ്കില്‍ ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാല്‍ സംഘ്പരിവാറിന്റെ ഫാസിസ്റ്റ് ഭരണത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ രംഗം ബഹുസ്വരതയെ ഉപേക്ഷിച്ച് ഏകാത്മക സ്വഭാവത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. കാഞ്ച ഐലയ്യയെന്ന ലോകത്തെ വിവിധ സര്‍വകലാശാലകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന, ലോകം അംഗീകരിച്ച അക്കാദമിക് പണ്ഡിതന്‍ കരിക്കുലത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നത് ഇന്ത്യയില്‍ പടര്‍ന്ന് പടിച്ച അസഹിഷ്ണുതയുടെ ആഴം വ്യക്തമാക്കുന്നതാണ്. ആര്‍ എസ് എസ് അധീനരായ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ആജ്ഞാ സ്വഭാവം സര്‍വകലാശാലകളില്‍ വര്‍ധിച്ച് വരുന്നതിന്റെ പരിണതിയാണ് ഐലയ്യയുടെ പുസ്തകങ്ങളുടെ പുറം തള്ളലെന്ന് ഡല്‍ഹി സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം സൈകാന്ത് ഘോഷ് തുറന്നടിക്കുന്നുണ്ട്. അക്കാദമിക് കൗണ്‍സിലിന് പുസ്തകങ്ങളുടെ ഗുണ ദോഷങ്ങള്‍ തീരുമാനിക്കാനുള്ള അവകാശമില്ലെന്നും പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തോട് പുസ്തകങ്ങളുടെ നിലവാരത്തെ കുറിച്ച് അഭിപ്രായം ആരായുന്നതിന് പകരം സമിതി സ്വേച്ഛാധിപത്യപരമായ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതാന്‍ ഗവേഷകരും പണ്ഡിതരുമടങ്ങുന്ന പതിനാലംഗ സമിതിയെ മോദി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പുരാവസ്തു രേഖകളിലൂടെയും ഡി എന്‍ എ ടെസ്റ്റുകളിലൂടെയും ഹൈന്ദവ വേദഗ്രന്ഥങ്ങളുടെ ആധികാരികത തെളിയിക്കുകയും അക്കാദമിക് തലത്തില്‍ സ്വീകാര്യത നേടിയെടുക്കുകയും ചെയ്യലാണ് സമിതിയുടെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി നാനൂറ് കോടി ഡോളര്‍ വകയിരുത്തിയിരുന്നു. ചരിത്ര, സാംസ്‌കാരിക മേഖലകളില്‍ ഹൈന്ദവ ആധിപത്യം ഉറപ്പ് വരുത്തുന്നതിനായി സാംസ്‌കാരിക മന്ത്രാലയം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി നൂറ് കണക്കിന് വര്‍ക്ക്‌ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കുകയുണ്ടായി. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പാര്‍ലിമെന്റിലവതരിപ്പിച്ചതിന് ശേഷം പാഠപുസ്തകങ്ങളിലേക്കും അക്കാദമിക് റിസര്‍ച്ചുകളിലേക്കും കൊണ്ടുവരാന്‍ മാനവവിഭവശേഷി വകുപ്പിനു മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മേധാവിയായി ആര്‍ എസ് എസ് ആന്ധ്രാ ഉപഘടകം തലവന്‍ വൈ സുദര്‍ശന്‍ റാവുവിനെ 2015ല്‍ നിയമിച്ചതും ചരിത്രത്തെ കാവി വത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു.

സ്‌കൂള്‍ പാഠ പുസ്തകങ്ങളുടെ സിലബസ് എങ്ങനെയായിരിക്കണമെന്ന് എന്‍ സി ഇ ആര്‍ ടി വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കുന്നുണ്ട്. 2005ല്‍ പ്രസിദ്ധീകരിച്ച ദേശീയ പാഠ്യ പദ്ധതി മാര്‍ഗരേഖ ആദിവാസികള്‍, ദളിതര്‍ തുടങ്ങിയ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ കൗണ്‍സിലില്‍ സംഘ്പരിവാര്‍ സ്വാധീനമുറപ്പിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാനാവുന്നത്. ആര്‍ എസ് എസ് ഉപസംഘടനയായ ശിക്ഷാ സന്‍സ്‌കൃതി ഉത്താന്‍ന്യാസിന്റെ ദേശീയ സെക്രട്ടറി അതുല്‍ കോതാരി തങ്ങളുടെ നിര്‍ദേശപ്രകാരം പാഠപുസ്തകങ്ങളില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ആര്‍ എസ് എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നേതാവായിരുന്ന ദീനാന്ത് ബാന്ദ്ര പാഠപുസ്തകങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ വിശദീകരിച്ച് എന്‍ സി ഇ ആര്‍ ടിക്ക് കത്ത് നല്‍കിയിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ കവിതയും ഉറുദു കവി മിര്‍സാ ഗാലിബിന്റെ കവിതകളും ചില ഉറുദു വാക്കുകളും ഹിന്ദി പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യുക, മഹാറാണാ പ്രതാപ്, ശിവജി, മഹര്‍ഷി അരവിന്ദ് പോലുള്ള ഹൈന്ദവ നേതാക്കളെ കൂടുതല്‍ മഹത്വവത്കരിച്ച് അവതരിപ്പിക്കുക എന്നിവ ആര്‍ എസ് എസ് നിര്‍ദേശങ്ങളില്‍ ചിലതാണ്.

ബി ജെ പി ഭരിക്കുന്ന രാജസ്ഥാനില്‍ ഹൈന്ദവവത്കരണം ചടുലതാളത്തില്‍ തന്നെ നടന്നു. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടന്‍ ജയിലിലടച്ചപ്പോള്‍ മോചനം ലഭിക്കാനായി മാപ്പെഴുതി നല്‍കുകയും സ്വാതന്ത്ര്യ സമരത്തിനെതിരായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ നല്‍കുകയും ചെയ്ത സവര്‍ക്കറുടെ സ്വാതന്ത്ര്യ സമര “പങ്കാളിത്തം” വിശദീകരിക്കാന്‍ രാജസ്ഥാന്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് പേജുകള്‍ തന്നെ മാറ്റി വെച്ചു. സംഘ്പരിവാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഗാന്ധി വധത്തെ കുറിച്ചോ 2002 ലെ ഗുജറാത്ത് വംശഹത്യയെ കുറിച്ചോ ഒരു പരാമര്‍ശവുമില്ല. മോദിയുടെ പരാജയമായ നോട്ട് നിരോധനത്തെയും മേക് ഇന്‍ ഇന്ത്യ പദ്ധതിയെയും മഹത്വവത്കരിക്കുന്ന പാഠഭാഗങ്ങളും ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയെ പ്രകീര്‍ത്തിക്കുന്ന കവിതയും സിലബസില്‍ ഉള്‍പ്പെടുത്തി.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ജീര്‍ണതയുടെയും സാമൂഹിക അധഃപതനത്തിന്റെയും ആഴം വ്യക്തമാക്കുന്നതാണ് ജനസംഖ്യയിലെ ആറിലൊന്ന് വരുന്ന ജനവിഭാഗത്തെ പൊതുവായി അഭിസംബോധനം ചെയ്യുന്ന ദളിത് എന്ന വാക്ക്. പൊട്ടിക്കപ്പെട്ടത്, കീറി നശിപ്പിക്കപ്പെട്ടത് എന്നെല്ലാം അര്‍ഥമുള്ള ദളിതം എന്ന വാക്ക് ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട അധ്വാന വിഭാഗത്തിന് നേരെയുള്ള ക്രൂരമായ വര്‍ണവിവേചനത്തെ കുറിക്കുന്നു. സംഘ്പരിവാര്‍ ഒരിക്കലും വരവ് വെച്ചിട്ടില്ലാത്ത കീഴാള വിഭാഗങ്ങളെ ഐക്യപ്പെടുത്തുന്ന, അസമത്വത്തിനെതിരെ പോരാടാന്‍ ഊര്‍ജം നല്‍കുന്ന ഈ വാക്കിനാണ് അക്കാദമിക് രംഗത്ത് ഡല്‍ഹി സര്‍വകലാശാല നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഹിന്ദുത്വ വലതുപക്ഷത്തിന്റെ കിരാതമായ അക്രമ പരമ്പരകള്‍ക്കിരയാകുന്ന ഈ അധഃസ്ഥിത വിഭാഗത്തെ സൂചിപ്പിക്കാന്‍ 1935ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഔദ്യോഗികമായി അംഗീകരിച്ച ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്ന പദം ഉപയോഗിക്കണമെന്നാണ് അക്കാദമിക് സമിതി നിര്‍ദേശിച്ചത്. സര്‍ക്കാറിന്റെ ഔദ്യോഗിക കത്തിടപാടുകളില്‍ ദളിതിന് പകരമായി ഷെഡ്യൂള്‍ഡ്കാസ്റ്റ് എന്നുപയോഗിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ ഉദ്യോഗസ്ഥര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. സൈന്താദ്ധ് ഘോഷ് പറയുന്നു: ഒരു കോടതിയും ദളിത് എന്ന വാക്ക് നിരോധിച്ചിട്ടില്ല. സര്‍ക്കാര്‍ നയങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഇടപാടുകളില്‍ ദളിത് എന്ന വാക്കിന് പകരം ഷെഡ്യുള്‍ഡ് കാസ്റ്റ് എന്ന് ഉപയോഗിക്കണമെന്ന് മാത്രമേ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളൂ. അക്കാദമിക, ബൗദ്ധിക വ്യവഹാരങ്ങളില്‍ ദളിത് എന്ന് ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് അതിനര്‍ഥമില്ല.

ക്ലാസിക്കല്‍ ഫാസിസത്തിനേക്കാള്‍ ഇന്ത്യന്‍ ഫാസിസത്തിന് സംഹാരാത്മകത കൂടുതലാണെന്നാണ് വീക്ഷിക്കപ്പെടുന്നത്. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും സംഘ്ഫാസിസം പിടിമുറുക്കിയിരിക്കുന്നു. അടുക്കള മുതല്‍ കലാശാലകള്‍ വരെ അവരുടെ നിയന്ത്രണത്തിലാണ്. നാം എന്ത് കഴിക്കണമെന്നും ഏത് പുസ്തകം വായിക്കണമെന്നും ആരെ വായിക്കണമെന്നും തീരുമാനിക്കുന്നത് അവരാണ്. വിരുദ്ധമായ ആശയങ്ങള്‍ക്ക് ശബ്ദമില്ലാതായിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന സ്‌കൂളുകളെയും കോളജുകളെയും മറ്റു ബൗദ്ധിക ഇടങ്ങളെയും ആസൂത്രിതമായി അവര്‍ കാവി പുതപ്പിച്ചു കൊണ്ടിരിക്കുന്നു. ബഹുസ്വരതക്ക് കൂച്ച് വിലങ്ങിട്ട് ഏകശിലാത്മക സംസ്‌കൃതിയിലേക്ക് വഴി വെട്ടിയിരിക്കുന്നു. അക്ഷരങ്ങള്‍ക്കും അറിവിനും മേലുള്ള ഫാസിസ്റ്റ് കടന്നു കയറ്റത്തെയാണ് കൂടുതല്‍ ഭയക്കേണ്ടത്. കാരണം ഫാസിസത്തിന് ശവക്കല്ലറ തീര്‍ക്കാന്‍ പറ്റിയ ഏറ്റവും മികച്ച ആയുധം അക്ഷരങ്ങളാണ്.

---- facebook comment plugin here -----

Latest