മോദി ഇന്ത്യയെ തകര്‍ത്തു, ബി ജെ പി ക്കെതിരെ വിശാല സഖ്യത്തിന് രൂപം നല്‍കും: ബിനോയ് വിശ്വം

പൊടിക്കൈ കൊണ്ട് രാജ്യം ഭരിക്കുന്ന നെറികെട്ട പ്രധാനമന്ത്രിയാണ് മോദി
Posted on: November 3, 2018 9:40 pm | Last updated: November 3, 2018 at 9:40 pm

അബുദാബി: നുണ പ്രചാരണത്തിലൂടെ ഒരു ജനതയെ കബളിപ്പിച്ച സര്‍ക്കാറാണ് മോദിയുടേതെന്ന് മുതിര്‍ന്ന സി പി ഐ നേതാവും രാജ്യസഭ എം പി യുമായ ബിനോയ് വിശ്വം. അബുദാബിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ഛാദിന്‍ നല്‍കാമെന്ന് പറഞ്ഞ അധികാരത്തിലേറിയ മോദിയുടെ കൈയില്‍ പാവങ്ങള്‍ക്ക് നല്‍കാന്‍ അച്ഛാ ദിന്‍ ഉണ്ടായിരുന്നില്ല. പകരം അദാനിമാര്‍ക്കും അംബാനിമാര്‍ക്കും മാത്രമാണ് അച്ഛാദിന്‍ ഉണ്ടായിരുന്നത്. നോട്ട് നിരോധനത്തിലൂടെ ചെറുകിട ഇടത്തരം വ്യവസായ മേഖല തകര്‍ന്നു. പരമ്പരാഗത മേഖല മുഴുവനും നാശോന്മുഖമായി. നിരവധി ചെറുകിട വ്യവസായികള്‍ ആത്മഹത്യ ചെയ്തു. നിരോധിച്ച മുഴുവന്‍ നോട്ടുകളും തിരിച്ചു വന്നു, മോഡി ഇക്‌ണോമിക്‌സ് സമ്പൂര്‍ണ പരാജയമാണെന്ന് നോട്ട് നിരോധനത്തിലൂടെ ലോകത്തിന് വ്യക്തമായി.

സാമ്പത്തിക അരാജകത്വമാണ് ഇന്ത്യയില്‍ നിലവിലുള്ളത്, സാമ്പത്തിക കുഴപ്പം ഇന്ത്യയില്‍ ജന ജീവിതത്തെ സാരമായി ബാധിച്ചു. പൊടിക്കൈ കൊണ്ട് രാജ്യം ഭരിക്കുന്ന നെറികെട്ട പ്രധാനമന്ത്രിയാണ് മോഡി. ധന ശാസ്ത്ര മേഖലയിലെ അടിസ്ഥാന പ്രമാണങ്ങളെ എല്ലാം മറന്ന് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മാത്രമുള്ളഒരു കളിയുടെ കളിക്കളമാക്കി സമ്പദ് വ്യവസ്ഥയെ മാറ്റിയ പ്രധാനന്ത്രിയും സര്‍ക്കാറും വെള്ളം കുടിക്കുകയാണ് . പട്ടേല്‍ പ്രതിമക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് ഉത്തരേന്ത്യയില്‍ നടക്കുന്നത്. പ്രതിമ സ്ഥാപിക്കുന്നതിനായി കുടിയിറക്കിയവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. പ്രക്ഷോഭം തണുപ്പിക്കുന്നതിനാണ് അയോധ്യാ വിഷയവുമായി ആര്‍ എസ് എസ് രംഗത്ത് വന്നിട്ടുള്ളത്. സര്‍ക്കാറിന്റെ പരാജയം മൂടിവെക്കുന്നതിനാണ് അയോധ്യ വിഷയം കുത്തിപ്പൊക്കുന്നത്.

ബി ജെ പി യുടെ ബി ടീമാണ് യു ഡി എഫ്, സംഘ്പരിവാറിന്റെ ജോലികള്‍ കേരളത്തില്‍ കോണ്‍ഗ്രസാണ് നിര്‍വഹിക്കുന്നത്. കേരളത്തിലെ യു ഡി എഫ് സമ്പൂര്‍ണ പരാജയമാണ്. ശബരമല വിഷയത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് സുപ്രീം കോടതി വിധിയാണ്. കേരള സര്‍ക്കാരിനെതിരെ പ്രചരിപ്പിക്കുന്നത് കള്ളമാണ്. ശബരി ലയില്‍ പോകാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് പോകാന്‍ ആവശ്യമായ സൗകര്യം സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.