ശബരിമലയില്‍ കനത്ത സുരക്ഷ; 2,300 പോലീസുകാരെ വിന്യസിച്ചു

Posted on: November 3, 2018 8:18 pm | Last updated: November 4, 2018 at 10:29 am

തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷപൂജക്കായി ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി ശബരിമലയിലും പരിസരങ്ങളിലും ആവശ്യമായ സുരക്ഷ ഒരുക്കിയതായി കേരള പോലീസ് അറിയിച്ചു. ദക്ഷിണ മേഖല എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐ.ജി എം.ആര്‍.അജിത് കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ.ജി.അശോക് യാദവും സുരക്ഷക്കും ക്രമസമാധാനപാലനത്തിനും മേല്‍നോട്ടം വഹിക്കും. പത്ത് വീതം എസ്.പിമാരും ഡി.വൈ.എസ്.പി മാരും ഡ്യൂട്ടിയിലുണ്ടാകും. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ ജോയിന്റ് പോലീസ് കോര്‍ഡിനേറ്ററായിരിക്കും.

സന്നിധാനത്തും നിലയ്ക്കല്‍, പമ്പ മേഖലകളിലുമായി 20 അംഗ കമാന്‍ഡോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 2,300 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹ് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നട അടയ്ക്കുന്ന ആറിന് അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ.