പടിഞ്ഞാറന്‍ സഊദിയില്‍ പരക്കെ മഴ; മക്കയിലും മദീനയിലും ഇടിയോടു കൂടിയ മഴ

Posted on: November 3, 2018 7:03 pm | Last updated: November 3, 2018 at 7:03 pm

ജിദ്ദ: ഒരാഴ്ചയായി സഊദിയുടെ കിഴക്കന്‍ പ്രവിശ്യകളില്‍ തുടരുന്ന മഴ മധ്യ, പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കു കൂടി വ്യാപിച്ചു. മക്ക, ജിദ്ദ, തായിഫ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഇടിയോടു കൂടിയ മഴ ലഭ്യമാകുന്നു. കനത്ത മഴ നിര്‍ത്താതെ പെയ്യുന്നില്ല എങ്കിലും നാട്ടിലെ മഴക്കാലം ഓര്‍മ്മിപ്പിക്കുന്ന പോലെ രണ്ടും മൂന്നും മണിക്കൂറുകള്‍ ഇടവിട്ട് പെയ്തു കൊണ്ടിരിക്കുകയാണ്. അതേസമയം തെക്കന്‍ സഊദിയില്‍ ജിസാന്‍, നജ്‌റാന്‍, അബഹ തുടങ്ങിയ പട്ടണങ്ങളില്‍ സാമാന്യം നല്ല മഴ തന്നെ ലഭിച്ചു കൊണ്ടിരിക്കുന്നു.

മക്കയിലും, മദീനയിലും തുലാമഴ അനുസ്മരിപ്പിക്കുന്ന ഇടിയോടു കൂടിയ മഴയാണ് ലഭിക്കുന്നത്. ആകാശം ഇന്നലെയും ഇന്നുമായി കറുത്തിരുണ്ടു തന്നെയിരിക്കുകയാണ്. രാജ്യം ശൈത്യത്തിലേക്കു പ്രവേശിക്കുകയാണെന്ന സൂചനയാണ് കാലാവസ്ഥാ വ്യതിയാനം നല്‍കുന്നത്.
ദീര്‍ഘ ദൂര യാത്രക്കാര്‍ക്കും, ചുരം വഴിയുള്ള യാത്രക്കാര്‍ക്കും മഴയുടെ വരവില്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്ന് വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ അറിയിപ്പുകളില്‍ പറഞ്ഞു.