Connect with us

National

ബിജെപിക്ക് കനത്ത ആഘാതം; മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്ക് കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യാസഹോദരന്‍ സഞ്ജയ് സിംഗ് മാസാനി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യ സാധന സിംഗിന്റെ സഹോദരനാണ് സഞ്ജയ് സിംഗ്. കോണ്‍ഗ്രസ് പ്രവേശനത്തിന് ശേഷം ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സഞ്ജയ് സിംഗ് രംഗത്തെത്തുകയും ചെയ്തു. ബിജെപിയില്‍ കുടുംബരാഷ്ട്രീയമാണ് നിലനില്‍ക്കുന്നതെന്നും സ്വന്തം കുടുംബങ്ങള്‍ക്ക് സീറ്റ് നല്‍കി താഴേക്കിടയിലെ പ്രവര്‍ത്തകരെ ബിജെപി അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബുധ്‌നി മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ സഞ്ജയ് സിംഗ് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. ബി ജെ പി സര്‍ക്കാറിന്റെ തിരിച്ചുവരവ് അസാധ്യമെന്ന് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടുമുണ്ടായി. കോണ്‍ഗ്രസ് ആധികാരികമായ വിജയം നേടുമെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. ആകെയുള്ള 230 സീറ്റില്‍ 128ല്‍ കോണ്‍ഗ്രസാണ് മുന്നിലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ബി ജെ പി 92 സീറ്റിലേക്ക് ഒതുങ്ങും.

മായാവതിയുടെ ബി എസ് പി ആറ് സീറ്റിലും അഖിലേഷ് യാദവിന്റെ എസ് പി മൂന്ന് സീറ്റിലും മുന്നേറുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യാ ടുഡേയാണ് രഹസ്യ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഈ മാസം 28നാണ് വോട്ടെടുപ്പ്. പത്ത് മന്ത്രിമാര്‍ സ്വന്തം മണ്ഡലങ്ങളില്‍ വിയര്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതില്‍ രണ്ട് മന്ത്രിമാര്‍ ഇതിനകം ഗോദയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 177 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബി ജെ പി നേരത്തേ പുറത്തിറക്കിയിരുന്നു.

Latest