രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തടസമില്ല: ജസ്റ്റിസ് ചെലമേശ്വര്‍

Posted on: November 3, 2018 3:43 pm | Last updated: November 3, 2018 at 5:13 pm

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനായി പ്രത്യേക നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിനാകുമെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ജെ ചെലമേശ്വര്‍. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെങ്കിലും കേന്ദ്ര സര്‍ക്കാറിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓള്‍ ഇന്ത്യാ പ്രോഫഷണല്‍ കോണ്‍ഗ്രസിലാണ് ചെലമേശ്വര്‍ ഇങ്ങനെ പ്രസ്താവിച്ചത്. ‘സംഭവിച്ചാലും ഇല്ലെങ്കിലും നിയമപരമായി അത് സാധ്യമാണ്. കഴിഞ്ഞ കാലങ്ങളില്‍ സുപ്രീം കോടതിയുടെ തീരുമാനങ്ങളെ ഒഴിവാക്കാന്‍ നിയമസംവിധാനങ്ങള്‍ നടത്തിയത് ഓര്‍ത്തുകൊണ്ടുതന്നെയാണ് ഞാന്‍ ഇതു പറയുന്നത്. രാമക്ഷേത്ര നിര്‍മാണത്തിനായി നിയമം കൊണ്ടുവന്നാല്‍ നമുക്കതിനെ എതിര്‍ക്കാന്‍ കഴിയില്ല’ – ചെലമേശ്വര്‍ പറഞ്ഞു. കാവേരി നദീജലപ്രശ്‌നത്തില്‍ സുപ്രീം കോടതി നിര്‍ദേശത്തെ മറികടന്ന് കര്‍ണാടക നിയമസഭ നിയമം കൊണ്ടുവന്നത് ഉദാഹരിച്ചായിരുന്നു ചെലമേശ്വറിന്റെ പ്രസ്താവന.