ചെറുകിട സംരംഭങ്ങള്‍ക്ക് 59 മിനുട്ടിനുള്ളില്‍ ഒരു കോടി രൂപ വരെ വായ്പ

Posted on: November 2, 2018 9:24 pm | Last updated: November 3, 2018 at 9:45 am

ന്യൂഡല്‍ഹി: ചെറുകിട വ്യാപാര – വ്യവസായ സംരംഭങ്ങള്‍ക്ക് 59 മിനുട്ടില്‍ വായ്പ അനുവദിക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഒരു കോടി രൂപ വരെയുള്ള വായ്പ വെറും 59 മിനുട്ടില്‍ അനുവദിച്ചു നല്‍കുന്നതാണ് പദ്ധതി. ചെറുകിട വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

അപേക്ഷിച്ചാലുടന്‍ വായ്പ നല്‍കുന്നത് ഉള്‍പ്പെടെ ചെറുകിട മേഖലയുടെ പുനരുജ്ജീവനത്തിന് 12 പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഒരു കോടി രൂപ വരെയുള്ള ലോണുകള്‍ക്ക് രണ്ട് ശതമാനം പലിശയിളവ് ലഭിക്കും. ജിഎസ്ടിയുടെ പരിധിയില്‍ വരുന്ന ചെറുകിട വ്യാപരികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

ചെറുകിട വ്യവസായ കേന്ദ്രങ്ങളിലെ പരിശോധന കാര്യക്ഷമാമാക്കുന്നതിനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്. കമ്പ്യൂട്ടറൈസ്ഡ് സംവിധാനം വഴി പരിശോധന ക്രമീകരിക്കുകയും ഉദ്യോഗസ്ഥര്‍ 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം. ഉദ്യോഗസ്ഥര്‍ക്ക് അവര്‍ക്ക് തോന്നിയ ഇടങ്ങളില്‍ പരിശോധനക്ക് പോകുന്ന രീതി ഇനി നടക്കില്ലെന്നും ഒരു ഫാക്ടറിയില്‍ എന്തിന് പോയി എന്ന് പരിശോധകരോട് ചോദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.