Connect with us

Kerala

ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരം: മഅ്ദിന്‍ വിദ്യാര്‍ഥിനി ഹവ്വ നസീമ ഇന്ത്യയെ പ്രതിനിധീകരിക്കും

Published

|

Last Updated

മലപ്പുറം: നവംബര്‍ നാല് മുതല്‍ 16 വരെ ദുബൈയില്‍ നടക്കുന്ന ശൈഖ് ഫാത്തിമ ബിന്‍ത് മുബാറക് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ മൂന്നാമത് എഡിഷനില്‍ മഅ്ദിന്‍ വിദ്യാര്‍ഥിനി ഹവ്വ നസീമ ഇന്ത്യയെ പ്രതിനിധീകരിക്കും.
യു എ ഇ വൈസ്.പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മേല്‍നോട്ടത്തില്‍ വനിതകള്‍ക്കായി നടത്തുന്ന ആഗോള മത്സരത്തില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. യു.എ.ഇ സ്ഥാപക അധ്യക്ഷന്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്നവരുടെ പത്‌നിയായ ശൈഖാ ഫാത്തിമാ ബിന്‍ത് മുബാറക് എന്നവരുടെ പേരില്‍ സംഘടിപ്പിക്കുന്ന ഹോളി ഖുര്‍ആന്‍ മത്സരം 2016ലാണ് ആരംഭിച്ചത്.

മത്സരത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ 25 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം നല്‍കുന്നത്. ദുബൈ അല്‍ മംജൂര്‍ സൈന്റിഫിക് കള്‍ച്ചറല്‍ അസോസിയേഷനില്‍ നടക്കുന്ന മത്സരത്തിന് ഒന്നാം സമ്മാനമായി ഏകദേശം അമ്പത് ലക്ഷം ഇന്ത്യന്‍ രൂപ(രണ്ടര ലക്ഷം ദിര്‍ഹം) യും ഹോളി ഖുര്‍ആന്‍ അവാര്‍ഡുമാണ് യു എ ഇ സര്‍ക്കാര്‍ നല്‍കുന്നത്.
സ്‌കൂള്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഹവ്വ നസീമ ഖുര്‍ആന്‍ പഠനം ആരംഭിച്ചത്. പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ പൂര്‍ണമായും മനപ്പാഠമാക്കി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉര്‍ദു, കന്നട, തമിഴ് എന്നീ ഭാഷകള്‍ ഈ സമയം തന്നെ സ്വായത്തമാക്കിയിരുന്നു.

മലപ്പുറം മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മഞ്ചേരി പുല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള ഖുര്‍ആന്‍ പഠന കേന്ദ്രമായ മഅ്ദിന്‍ ക്യൂ ലാന്റില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹവ്വാ നസീമ കര്‍ണാടക സംസ്ഥാന നഗര വികസന മന്ത്രി യു. ടി ഖാദറിന്റേയും കാസര്‍കോട് സ്വദേശിനി ലമീസയുടേയും ഏക മകളാണ്.
ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ച ഹവ്വാ നസീമയെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അനുമോദിച്ചു.

Latest