സാഹോദര്യവും ഒരുമയും നഷ്ടപ്പെടുത്തില്ലെന്ന് നാം പ്രതിജ്ഞ എടുക്കേണ്ട സന്ദര്‍ഭമാണിത്; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Posted on: November 1, 2018 11:17 am | Last updated: November 1, 2018 at 11:17 am

തിരുവനന്തപുരം: കേരളം നമ്മളെല്ലാവരുടേയുമാണെന്ന ഉത്തമ ബോധ്യത്തോടെ നമുക്കെല്ലാവര്‍ക്കും നവകേരള നിര്‍മിതിക്കായി കൈകോര്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന മേഖലയിലും ഭരണമേഖലയിലും ആദ്യസ്ഥാനക്കാരായി കേരളം രാജ്യത്ത് തിളങ്ങി നില്‍ക്കുന്നുണ്ട്. നമുക്ക് മുന്നെ നടന്നവര്‍ കെട്ടിപ്പടുത്ത സാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും അടിത്തറയില്‍ നിന്നാണ് നമ്മള്‍ ഇത്രയേറെ വളര്‍ന്നത്. ആ സാഹോദര്യവും ഒരുമയും നഷ്ടപ്പെടുത്തില്ലെന്ന് നാം പ്രതിജ്ഞ എടുക്കേണ്ട സന്ദര്‍ഭമാണിത്. ആ ഐക്യത്തോടെ നമുക്ക് നവകേരളം കെട്ടിപ്പടുക്കാമെന്നും കേരളപ്പിറവി ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ അറുപത്തിരണ്ടാം പിറന്നാള്‍ ദിനമാണിന്ന്. ഭാഷാടിസ്ഥാനത്തില്‍ തിരുകൊച്ചിയും മലബാറും ചേര്‍ന്ന് ഐക്യകേരളം രൂപം കൊണ്ട ദിനം. സംസ്ഥാനരൂപവത്കരണത്തിന് ശേഷമുള്ള വലിയ പ്രളയത്തെ അതിജീവിക്കുന്നതിനിടയിലാണ് കേരളപ്പിറവി ദിനമെത്തുന്നത്. നാം നവകേരളത്തിലേക്ക് ചുവടുവെക്കുന്ന സമയം.

ഒരുമയോടെ നാം പ്രളയത്തെ അതിജീവിച്ചവരാണ്. ഒരുമയോടെ തന്നെ നമുക്ക് നമ്മുടെ നാടിനെ പുനര്‍നിര്‍മിക്കാനും കഴിയും.അതിനായി ബഹുജനപങ്കാളിത്തത്തോടെയുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാം തുടക്കംകുറിച്ചു കഴിഞ്ഞു. പുനര്‍നിര്‍മ്മാണത്തിന്റെ പുതിയമാതൃക ലോകത്തിനു മുന്നില്‍ സൃഷ്ടിക്കാനാണ് കേരളത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.