എയര്‍സെല്‍ മാക്‌സിസ് കേസ്: പി ചിദംബരത്തിനും കാര്‍ത്തി ചിദംബരത്തിനും ആശ്വാസം; ഈ മാസം 26 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

Posted on: November 1, 2018 10:36 am | Last updated: November 1, 2018 at 12:46 pm

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും ആശ്വാസം. ഇരുവരേയും ഈ മാസം 26 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി നിര്‍ദേശിച്ചു. കേസില്‍ പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കഴിഞ്ഞയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിദേശ നിക്ഷേപകരുമായി ചേര്‍ന്ന് ചിദംബരം ഗൂഢാലോചന നടത്തി നിക്ഷേപം നടത്താന്‍ അനുമതി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഇ ഡി സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തിലും പിന്നീട് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലും ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ പ്രതിചേര്‍ത്തിരുന്നു. ചിദംബരത്തിന് പുറമെ എട്ട് പേരെ കൂടി ഉള്‍പ്പെടുത്തിയാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്.

കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഭാസ്‌കരരാമന്‍, എയര്‍സെല്‍ മുന്‍ സി ഇ ഒ. വി ശ്രീനിവാസന്‍, മാക്‌സിസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എ ആര്‍ മാര്‍ഷല്‍ എന്നിവരെയും ആസ്‌ട്രോ ആള്‍ ഏഷ്യ നെറ്റ്‌വര്‍ക്‌സ്, എയര്‍സെല്‍ ടെലിവെന്‍ച്വേഴ്‌സ് ലിമിറ്റഡ്, മാക്‌സിസ് മൊബൈല്‍ സര്‍വീസസ് എന്നീ കമ്പനികളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ ഐ എന്‍ എക്സ് മീഡിയ ലിമിറ്റഡിന് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനായി സ്വാധീനമുപയോഗിച്ച് ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ (എഫ് ഐ പി ബി) അനുമതി ലഭ്യമാക്കി നല്‍കുന്നതിന് പ്രതിഫലമായി പണം കൈപ്പറ്റിയെന്നാണ് കേസ്. സി ബി ഐയും ഇ ഡിയും കേസ് അന്വേഷിക്കുന്നുണ്ട്. ചിദംബരം, കാര്‍ത്തി ചിദംബരം ഉള്‍പ്പെടെ പ്രതിചേര്‍ത്ത് സി ബി ഐ നേരത്തെ പട്യാല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എഫ് ഐ എഫ് ബിക്ക് അനുമതി ലഭ്യമാക്കിയതിന് പകരം 1.16 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇ ഡി കുറ്റപത്രത്തില്‍ പറയുന്നു. നേരിട്ടുള്ള വിദേശനിക്ഷേപ നിയമ പ്രകാരം അറുനൂറ് കോടിയുടെ നിക്ഷേപത്തിന് അനുമതി നല്‍കാന്‍ മാത്രമേ ധനമന്ത്രിക്ക് അധികാരമുള്ളൂ. അതില്‍ കൂടുതലുള്ള വിേദശ നിക്ഷേപത്തിന് അനുമതി നല്‍കേണ്ടത് ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ ഇക്കണോമിക് അഫയേഴ്‌സ് (സി സി ഇ എ) ആണ്. എന്നാല്‍, സി സി ഇ എയെ മറികടന്ന് 3,500 കോടിയുടെ ഇടപാടിന് ചിദംബരം അനുമതി നല്‍കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.