രമേശ് ചെന്നിത്തലക്കെതിരേ വിജിലന്‍സ് അന്വേഷണം

Posted on: October 31, 2018 6:53 pm | Last updated: October 31, 2018 at 10:22 pm

തിരുവനന്തപുരം: ജയിലിന്റെ സ്ഥലം സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്ന പരാതിയില്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ രണ്ടര ഏക്കര്‍ ഭൂമി കൈമാറിയെന്ന പരാതിയില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണമാണ് നടത്തുന്നത്. തിരുവനന്തപുരത്തെ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല.
തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ അനൂപ് നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് അനുവാദം നല്‍കുകയായിരുന്നു.

യു.ഡി.എഫ് ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല നെട്ടുകാല്‍ത്തേരി ജയിലിന്റെ രണ്ടരയേക്കര്‍ ഭൂമി ഒരു ആശ്രമ ട്രസ്റ്റിന് സ്‌കൂള്‍ ആരംഭിക്കാന്‍ നല്‍കിയെന്നാണ് പരാതി. ഭൂമി കമ്പോളവിലയുടെ പത്ത് ശതമാനം ഈടാക്കി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായിരുന്നു അന്നത്തെ മന്ത്രിസഭ തീരുമാനിച്ചത്.

ജയില്‍ ഡി.ജി.പിയായിരുന്ന ഋഷിരാജ് സിംഗിന്റെയും നിയമവകുപ്പിന്റെയും എതിര്‍പ്പ് മറികടന്നാണ് ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കാനായി ചെന്നിത്തല ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ എത്തിച്ചതെന്ന് പരാതിയില്‍ പറയുന്നു.