ആര്‍ബിഐയുടെ സ്വയംഭരണാധികാരത്തെ മാനിക്കുന്നുവെന്ന് ധനമന്ത്രാലയം

Posted on: October 31, 2018 3:25 pm | Last updated: October 31, 2018 at 8:41 pm

ന്യൂഡല്‍ഹി: ആര്‍ബിഐയും കേന്ദ്ര ധനമന്ത്രാലയവും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെ പ്രസ്താവനയുമായി ധനമന്ത്രാലയം രംഗത്തെത്തി. ആര്‍ബിഐയുടെ സ്വയം ഭരണാധികാരത്തെ മാനിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

റിസര്‍വ് ബേങ്കിന്റെ സ്വയം ഭരണാധികാരത്തെക്കുറിച്ച് ആര്‍ബിഐ ആക്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് അത് കേന്ദ്രം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ആര്‍ബിഐയും കേന്ദ്ര സര്‍ക്കാറും പ്രവര്‍ത്തിക്കേണ്ടത് പൊതുജന താല്‍പര്യമനുസരിച്ചാണ്. അതിനൊപ്പം സമ്പദ് വ്യവസ്ഥക്കും പരിഗണന കൊടുക്കണം. ആര്‍ബിഐയും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള ചര്‍ച്ചകള്‍ പരസ്യപ്പെടുത്തുന്നത് ശരിയല്ല. സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍പരിഹരിക്കാന്‍ ആര്‍ബിഐയുമായി ചര്‍ച്ചകള്‍ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.