തന്ത്രിയും തമ്പ്രാനും രാജവാഴ്ചയുടെ ഫോസിലുകളും

യാദൃച്ഛികമായി പറയുമ്പോഴോ എഴുതുമ്പോഴോ തന്ത്രിയെന്നോ തമ്പുരാനെന്നോ കൊട്ടാരമെന്നോ രാജാവെന്നോ പറഞ്ഞുപോകുന്നത് പോലെയല്ല, ഈ പുതിയ പശ്ചാത്തലത്തില്‍ വളരെ ബോധപൂര്‍വം ഇത്തരം പദാവലികള്‍ ചിലര്‍ ആവര്‍ത്തിച്ചു പ്രയോഗിക്കുന്നത്. വെറുതെ തന്ത്രി എന്ന് പറയുകയല്ല, സുപ്രീം കോടതിക്ക് മുകളിലാണ് തന്ത്രി എന്ന് സ്ഥാപിക്കുകയാണ്; വെറുതെ തമ്പുരാനെന്ന് ആവര്‍ത്തിക്കുകയല്ല, മറിച്ച് അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ അവകാശങ്ങളെ ആക്ഷേപിക്കുകയാണ്; കൊട്ടാരം എന്ന് വെറുതെ സൂചിപ്പിക്കുകയല്ല, അതിന്റെ മുമ്പില്‍ നിവര്‍ന്നുനില്‍ക്കാന്‍ നിനക്കൊക്കെ എന്തധികാരമെന്ന് സാധാരണ ജനങ്ങളോട് പരിഹാസ പൂര്‍വം ചോദിക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആ അര്‍ഥത്തില്‍ ഇത്തരം പ്രയോഗങ്ങളുടെ തിരിച്ചുവരവ് നിരുപദ്രവകരമാണെന്ന് കരുതാനാകില്ല. അതിന്റെ പിന്നില്‍ ഇന്ത്യന്‍ ഭരണഘടനക്കെതിരെ മനുസ്മൃതി തിരിച്ചുകൊണ്ടുവരണമെന്നാഗ്രഹിക്കുന്ന ഫാസിസത്തിന്റെ ഒളിയജന്‍ഡകള്‍ പതുങ്ങിയിരിക്കുന്നു.
Posted on: October 30, 2018 8:50 am | Last updated: October 29, 2018 at 9:54 pm

രണ്ടായിരത്തഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മഹാത്മാ ബുദ്ധന്‍ ‘ബഹുജന ഹിതായ, ബഹുജന സുഖായ’ എന്ന മൗലികമായ ജനാധിപത്യ കാഴ്ചപ്പാട് മുന്നോട്ട് വെച്ചത്. ‘ബ്രാഹ്മണ ഹിതായ, ബ്രാഹ്മണ സുഖായ’ എന്ന ജാതിമേല്‍ക്കോയ്മയുടെ പ്രത്യയശാസ്ത്രത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധമായിരുന്നു ബുദ്ധന്റെ മാനവികതയെ ആവിഷ്‌കരിക്കുന്ന ആ ഹൃസ്വമായ വാക്യം.

”ദൈവാധീനം ജഗത്‌സര്‍വം
മന്ത്രാധീനം തു ദൈവതം
തന്‍ മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം”

‘ഈ ലോകം ദൈവത്തിന്റെതാണ്. ദൈവം മന്ത്രത്തിന് വിധേയമാണ്. മന്ത്രം ബ്രാഹ്മണരുടെതാണ്. അതുകൊണ്ട് ബ്രാഹ്മണരാണ് ദൈവം” എന്നര്‍ഥം വരുന്ന ഈ ശ്ലോകം കേട്ടിട്ട് ഇതിന് ഒരു മനയ്ക്കലെ കാര്യസ്ഥന്റെ വായ്‌നാറ്റമുണ്ട് എന്ന് പറഞ്ഞത് വി ടി ഭട്ടതിരിപ്പാടാണ്. മനയ്ക്കലെ കാര്യസ്ഥന്റെ വായ്‌നാറ്റം എന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വി ടി പറഞ്ഞ അതേ ആശയങ്ങളാണ് ഇപ്പോള്‍ അത്തറ് പൂശി നമ്മുടെ സമൂഹത്തില്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ ആവിര്‍ഭാവത്തോടുകൂടി അപ്രസക്തമായിത്തീര്‍ന്ന രാജാധിപത്യത്തിന്റെ ഫോസിലുകള്‍ നമ്മുടെ ഭാഷയിലിപ്പോള്‍ മലിനീകരണം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കുടില്‍ നഷ്ടപ്പെട്ട മനുഷ്യന്റെ കണ്ണീരിനെക്കുറിച്ച് പ്രളയാനന്തരം മലയാളി ഉത്കണ്ഠാപൂര്‍വം സംസാരിക്കുമ്പോഴാണ് മഹാരാജാവും കൊട്ടാരവും തമ്പുരാനും വെഞ്ചാമരവും ആനയെഴുന്നള്ളിപ്പും അതുപോലുള്ള അസംബന്ധ പദകോമാളിത്തങ്ങളും അവതരിപ്പിക്കപ്പെടുന്നത്.

കുടിലിന്റെ കണ്ണീരിന് മുകളില്‍ പഴയ രാജശാസനകളുടെ അലര്‍ച്ചകള്‍ നാം കേട്ടുകൊണ്ടിരിക്കുകയാണ്. മമ്പുറം തങ്ങള്‍ മുതല്‍, നമ്പൂതിരി യുവജന സംഘം തുടങ്ങി കേരളത്തിലെ കര്‍കത്തൊഴിലാളി പ്രസ്ഥാനങ്ങള്‍ വരെ തള്ളിക്കളഞ്ഞ മലയാള ഭാഷയിലെ അടിമ പദങ്ങളാണ് ഇന്ന് ആഘോഷപൂര്‍വം തിരിച്ചുവന്നുകൊണ്ടിരിക്കുന്നത്. ആത്മാഭിമാനത്തെ ധ്വംസിക്കുന്ന ഭാഷ വലിച്ചെറിയണം എന്ന് മമ്പുറം തങ്ങള്‍ മുതല്‍ ജനാധിപത്യവാദികള്‍ നിരന്തരം ആവശ്യപ്പെട്ടു. തമ്പുരാന്‍, തിരുമേനി തുടങ്ങിയ പദങ്ങള്‍ തള്ളിക്കളയണമെന്നാണ്, ചെയ്യുന്ന ജോലിക്ക് കൂലി ചോദിച്ചുവാങ്ങണമെന്നാണ് അന്നവര്‍ ആഹ്വാനം ചെയ്തത്.

എന്നാലിന്ന് ഒരു ജോലിയും സ്വയം ചെയ്യാതിരിക്കുന്ന പരാന്ന ഭോജികളായ ഭൂതകാലത്തിന്റെ ശക്തികളാണ് അടിമഭാഷയെ അലങ്കരിച്ച് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്ത്രിയും തമ്പുരാനും കൊട്ടാരവും അല്ല, ജനാധിപത്യത്തിലെ ഉള്ളടക്കമായി തീരേണ്ടത്. പുതിയ ലോകത്തെ സ്വപ്‌നം കാണുന്ന ജനങ്ങളാണ്. അല്ലാതെ ഭൂതകാലത്തെ കെട്ടിഎഴുന്നള്ളിക്കുന്നവരെയല്ല പുതിയ കാലം കൊണ്ടാടേണ്ടത്. ആ അര്‍ഥത്തില്‍ ഇത്തരം പ്രയോഗങ്ങളുടെ തിരിച്ചുവരവ് നിരുപദ്രവകരമാണെന്ന് കരുതാനാകില്ല. അതിന്റെ പിന്നില്‍ ഇന്ത്യന്‍ ഭരണഘടനക്കെതിരെ മനുസ്മൃതി തിരിച്ചുകൊണ്ടുവരണമെന്നാഗ്രഹിക്കുന്ന ഫാസിസത്തിന്റെ ഒളിയജന്‍ഡകള്‍ പതുങ്ങിയിരിക്കുന്നു.

മറ്റൊരര്‍ഥത്തില്‍ പ്രശ്‌നം ഭാഷയുടേത് മാത്രമല്ല. ആ ഭാഷക്ക് പിറകില്‍ പതിയിരിക്കുന്ന ജനാധിപത്യവിരുദ്ധ കാഴ്ചപ്പാടിന്റെതുകൂടിയാണ്. യാദൃച്ഛികമായി പറയുമ്പോഴോ എഴുതുമ്പോഴോ തന്ത്രിയെന്നോ തമ്പുരാനെന്നോ കൊട്ടാരമെന്നോ രാജാവെന്നോ പറഞ്ഞുപോകുന്നത് പോലെയല്ല, ഈ പുതിയ പശ്ചാത്തലത്തില്‍ വളരെ ബോധപൂര്‍വം ഇത്തരം പദാവലികള്‍ ചിലര്‍ ആവര്‍ത്തിച്ചു പ്രയോഗിക്കുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഭൂതകാലത്തിന്റെ സ്വാധീനം നിമിത്തം സംസാരിക്കുമ്പോള്‍ യാദൃച്ഛികമായി ഇത്തരം ചില വാക്കുകള്‍ കടന്നുവരാന്‍ ഇടയുണ്ട്. എന്നാല്‍, അതില്‍ നിന്ന് മൗലികമായി വ്യത്യസ്തമാണ്, ബോധപൂര്‍വമായ ഒരു കാര്യപരിപാടിയുടെ ഭാഗമാണ് ഇന്ന് ഇത്തരം പ്രയോഗങ്ങളുടെ അവതരണം. വെറുതെ തന്ത്രി എന്ന് പറയുകയല്ല, സുപ്രീം കോടതിക്ക് മുകളിലാണ് തന്ത്രി എന്ന് സ്ഥാപിക്കുകയാണ്; വെറുതെ തമ്പുരാനെന്ന് ആവര്‍ത്തിക്കുകയല്ല, മറിച്ച് അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ അവകാശങ്ങളെ ആക്ഷേപിക്കുകയാണ്; കൊട്ടാരം എന്ന് വെറുതെ സൂചിപ്പിക്കുകയല്ല, അതിന്റെ മുമ്പില്‍ നിവര്‍ന്നുനില്‍ക്കാന്‍ നിനക്കൊക്കെ എന്തധികാരമെന്ന് സാധാരണ ജനങ്ങളോട് പരിഹാസ പൂര്‍വം ചോദിക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ ജനാധിപത്യം, സൗഹൃദം, സ്‌നേഹം ഉള്‍പ്പെടെയുള്ള വാക്കുകളുടെ ഉള്ളടക്കം ചോര്‍ന്നുപോകാന്‍ ഇടയാക്കുംവിധം ഇത്തരം വാക്കുകള്‍ വഴിമുടക്കുന്നത്, വഴിതടയുന്ന വിധത്തില്‍ ഭൂതകാല ജീര്‍ണത അവതരിപ്പിക്കുന്ന ഇത്തരം വാക്കുകള്‍ കടന്നുവരുമ്പോള്‍ അത് ജാഗ്രതയോടെ നോക്കിക്കാണേണ്ടതുണ്ട്.

പിണറായി വിജയന്‍, അമിത്ഷാ
പ്രളയം സൃഷ്ടിച്ച ദുരിതങ്ങള്‍ക്ക് മുമ്പില്‍ സമൂഹത്തിലെ വലിയൊരു വിഭാഗം പതറിനിന്നപ്പോള്‍ ആ പതര്‍ച്ചയെ മുറിച്ചുകടക്കാന്‍ നേതൃത്വം നല്‍കുന്നതില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ വലിയൊരു ബദല്‍ പ്രവര്‍ത്തനമാണ് മുന്നോട്ട് വെച്ചത്. അപകടത്തിന്റെ മുമ്പില്‍ നിസ്സഹായരാകുകയല്ല, അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ നേതൃത്വമാവുകയാണ് ഒരു ജനത വേണ്ടത് എന്ന മനുഷ്യത്വത്തിന്റെ മഹാസന്ദേശം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ട് വെച്ചു. അത്തരം ഒരു പശ്ചാത്തലത്തിലാണ് പ്രളയത്തില്‍ നിന്ന് രക്ഷിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് പലരും ആവശ്യപ്പെട്ടപ്പോള്‍ ജനങ്ങളുടെ പരസ്പര സഹായത്തോളം മറ്റൊന്നിനും ജനസമൂഹത്തെ രക്ഷപ്പെടുത്താനാകില്ല എന്നും അതേസമയം, അതിനെ പിന്തുണക്കുന്ന തരത്തില്‍ പട്ടാളത്തിന്റേതുള്‍പ്പെടെയുള്ള എല്ലാ വിധ പ്രവര്‍ത്തനങ്ങളും വേണമെന്നും നിലപാടെടുത്തത്.

പട്ടാളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുമ്പോള്‍ തന്നെ കേരളത്തിന്റെ യഥാര്‍ഥ പട്ടാളമായി അപകട സമയത്ത് ഉയരാന്‍ കഴിഞ്ഞ മത്സ്യത്തൊഴിലാളികളെ പ്രത്യേകം കേരളത്തിലെ ജനങ്ങളും സര്‍ക്കാറും വളരെ ആദരവോടെയാണ് നോക്കിക്കണ്ടത്. ഒരുപക്ഷേ, മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച ഒരു കവിതയായി തന്നെയാണ് ‘മത്സ്യത്തൊഴിലാളികളാണ് കേരളത്തിന്റെ സൈന്യം’ എന്ന പ്രസ്താവനയെ നോക്കിക്കാണേണ്ടത്. ഒരു ജനതയുടെ ജീവിതത്തോടുള്ള ആഴത്തിലുള്ള അടുപ്പത്തില്‍ നിന്നാണല്ലോ കവിതകള്‍ രൂപം കൊള്ളുന്നത്.

മനുഷ്യര്‍ സംഭ്രമിച്ചുനിന്ന പ്രളയ ഘട്ടത്തിലെ ഇച്ഛാശക്തിയാണ് ഇപ്പോഴും മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. കേരള സമൂഹത്തിന്റെ പാരസ്പര്യത്തിന് പരുക്കേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പിന്മടക്കമില്ലാത്ത പ്രഖ്യാപനമാണ് അമിത്ഷാക്കെതിരെയുള്ള കേരള മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളം പൊളിക്കുക എന്നതാണ് ഫാസിസത്തിന്റെ പുതിയ അജന്‍ഡ. അത് നടപ്പാക്കാനുള്ള ആഹ്വാനമാണ് അമിത്ഷാ നടത്തിയത്. ആ പരിപ്പ് കേരളത്തില്‍ വേവില്ല എന്ന് തന്നെ വിട്ടുവീഴ്ചയില്ലാതെ കേരള മുഖ്യമന്ത്രി വ്യക്തമാക്കുന്നു. നിങ്ങള്‍ ഗുജറാത്തില്‍ പോയി ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ അവിടെ കൈയടിക്കാന്‍ ആളെ കിട്ടും. എന്നാല്‍, അതേ കാര്യം കേരളത്തില്‍ വന്ന് പറഞ്ഞാല്‍, അതിനെ കേരളത്തിന്റെ പ്രബുദ്ധമായ മതനിരപേക്ഷത ഒരു ദയയുമില്ലാതെ എതിരിടും. കേരളത്തിന്റെ മതേതര മനസ്സാണ് കേരളം പൊളിക്കാന്‍ അമിത്ഷായെ പോലുള്ള നൂറ് അമിത്ഷാമാര്‍ വിചാരിച്ചാലും കഴിയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം.

എന്തുകൊണ്ട് സന്ദീപാനന്ദ ഗിരി?
സന്ദീപാനന്ദ ഗിരി ഉന്നയിച്ച ജനാധിപത്യ ആശയങ്ങളോട് സംവാദം നടത്താനുള്ള ധീരതക്ക് പകരം, അദ്ദേഹത്തിന്റെ ആശ്രമം ചുട്ടുകരിക്കുക വഴി തങ്ങളുടെ ഭീരുത്വമാണ് ഫാസിസം പ്രകടിപ്പിച്ചത്. സന്ദീപാനന്ദ ഗിരി പറയുന്നത് ആത്മീയ തത്വങ്ങളാണ്. സംഘ്പരിവാര്‍ പ്രയോഗിക്കുന്നത് ആയുധങ്ങളാണ്. മനുഷ്യസാഹോദര്യത്തിന്റെ ആഴത്തില്‍ നിന്ന് രൂപപ്പെട്ടുവരേണ്ട സ്‌നേഹത്തെ കുറിച്ചാണ് സന്ദീപാനന്ദ സ്വാമി സംസാരിക്കുന്നത്. അതേസമയം, അപരന്റെ നെഞ്ചിലേക്ക് തുളഞ്ഞുകയറുന്ന കൊമ്പുകളുമായിട്ടാണ് സംഘ്പരിവാര്‍ കടന്നുവരുന്നത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ യഥാര്‍ഥ വിശ്വാസികള്‍ പരസ്പരമുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ സന്ദീപാനന്ദ ഗിരി ഉള്‍പ്പെടെയുള്ളവരുടെ മനുഷ്യസ്‌നേഹപരമായ കാഴ്ചപ്പാടുകളോടാണ് ഐക്യദാര്‍ഢ്യം പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പരിഭ്രാന്തരായവരാണ് വെല്ലുവിളിയും കൊലവിളിയും ആശ്രമം കത്തിക്കല്‍ പരിപാടിയുമായി മുന്നോട്ട് പോകുന്നത്.

ഒരാള്‍ ഒരു പേരില്‍ അറിയപ്പെടുമ്പോള്‍ ആ പേരില്‍ അയാളുമായി സംവദിക്കുന്നതാണ് ജനാധിപത്യത്തിലെ മര്യാദ. ആശ്രമം കത്തിച്ചവര്‍ ആശ്രമത്തിന് മുന്നില്‍ ഒരു റീത്ത് വെച്ചിട്ടുണ്ട്. റീത്തിനു മുകളില്‍ എഴുതിയത് സ്വാമി സന്ദീപാനന്ദ ഗിരി എന്നല്ല, ‘പി കെ ഷിബുവിന് ആദരാഞ്ജലികള്‍’ എന്നാണ്. സ്വാഭാവിക രീതിയില്‍ ഒരു സന്യാസിയുടെ പൂര്‍വാശ്രമത്തിലെ പേര് അപ്രസക്തമാണ്. പൂര്‍വാശ്രമത്തോട് വിട ചോദിച്ചുകൊണ്ടാണ് ഒരാള്‍ സന്യാസിയാകുന്നതെന്നിരിക്കെ, വിശ്വാസത്തിന്റെ മൂഴുവന്‍ ഉത്തരവാദിത്വവും സ്വയം ഏറ്റെടുത്തതായി നടിക്കുന്ന സംഘ്പരിവാറുകാര്‍ക്ക് ഈ പ്രാഥമിക തത്വം പോലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയി എന്നത് പരിഹാസ്യമാണ്. ഒരു സന്യാസിയോട് വിയോജിക്കാന്‍ നമുക്ക് അവകാശമുണ്ടാകുമ്പോഴും ആ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് അയാളുടെ പൂര്‍വാശ്രമത്തിലെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടല്ല. അയാള്‍ ഇപ്പോള്‍ പറയുന്ന ആശയങ്ങളോട് നമുക്ക് ഇപ്പോള്‍ എന്തൊക്കെ വിയോജിപ്പാണ് ഉള്ളത് എന്നാണ് വ്യക്തമാക്കേണ്ടത്. എന്നാല്‍, സന്ദീപാനന്ദ ഗിരിയുടെ കാര്യത്തില്‍ പി കെ ഷിബു എന്ന് വിളിച്ചപ്പോള്‍ ഈ നിയമം മാത്രമല്ല, പ്രാഥമിക ജനാധിപത്യതത്വം കൂടി ഫാസിസം തകര്‍ത്തു. കാരണം, ഇദ്ദേഹത്തിന്റെ പൂര്‍വാശ്രമത്തിലെ പേര് തുളസീ ദാസ് എന്നാണ്. അച്ഛനമ്മമാരിട്ട തുളസീ ദാസിനെ വെട്ടി ഷിബു എന്ന് വിളിക്കാന്‍ ഇവര്‍ക്കാരാണ് അവകാശം കൊടുത്തത്? അങ്ങനെയാണെങ്കില്‍, അഡ്വാനി മുതല്‍ നരേന്ദ്ര മോദിവരെയുള്ള പേരുകള്‍ വെട്ടി ഓരോരുത്തരും തങ്ങള്‍ക്ക് തോന്നുന്ന പേരില്‍ വിളിച്ചാല്‍ ഇവരെന്ത് മറുപടി പറയും?

ആരാണീ പി കെ ഷിബു? ശബരിമലയില്‍ നിന്ന് പുറന്തള്ളപ്പെട്ട മലയരയ വിഭാഗത്തിന്റെ നേതാവാണ് പി കെ സജീവ്. അപ്പോള്‍ ഈ മലയരയ വിഭാഗം അവരുടെ നഷ്ടപ്പെട്ട ആവകാശങ്ങള്‍ തിരിച്ചുചോദിക്കുന്നതില്‍ പരിഭ്രാന്തരായ ആളുകളുടെ അബോധത്തിലുള്ള ഭയമാണ് ഒരാളുടെ പേര് തെറ്റിക്കുന്നതിലൂടെ പുറത്ത് വന്നത് എന്ന് സംശയിക്കാവുന്നതാണ്. സന്ദീപാനന്ദ ഗിരിയോടുള്ള വിരോധം മാത്രമല്ല, ശബരിമലയുടെ യഥാര്‍ഥ അവകാശികളായ മലയരയരുടെ ശബ്ദം പി കെ സജീവനിലൂടെ പുറത്ത് വന്നപ്പോള്‍ അതുണ്ടാക്കിയ അബോധ ഭീതിയാകണം ഇങ്ങനെയൊരു പേര് തെറ്റിക്കുന്നതിലേക്കും, കൃത്യം ‘പി കെ’ എന്ന ഇനീഷ്യല്‍ തന്നെ തിരഞ്ഞെടുക്കുന്നതിലേക്കും അവരെ എത്തിച്ചിരിക്കുക. സവര്‍ണതയെ അത്രയും സംഭ്രമിപ്പിച്ചിട്ടുണ്ടല്ലോ മലയരയരുടെ തിരിച്ചുചോദ്യങ്ങള്‍.
തയ്യാറാക്കിയത്: പി കെ എം അബ്ദുര്‍റഹ്മാന്‍