മഅ്ദനി നാളെ കേരളത്തിലെത്തും; ഉമ്മയെ കാണാന്‍ കെട്ടിവെക്കേണ്ടത് രണ്ട് ലക്ഷത്തോളം രൂപ

Posted on: October 29, 2018 10:13 pm | Last updated: October 30, 2018 at 10:45 am

ബെംഗളൂരു: ഉമ്മയുടെ അസുഖം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ നാളെ രാവിലെ 8.55നുള്ള ബെംഗളൂരു- തിരുവനന്തപുരം വിമാനത്തില്‍ മഅ്ദനി കേരളത്തിലേക്ക് യാത്ര തിരിക്കും. മഅ്ദനിക്കൊപ്പം ഭാര്യ സൂഫിയ മഅ്ദനി, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി ഡി പി സംസ്ഥാന ജന. സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലിം ബാബു, നിയാസ് എന്നിവരുണ്ടാകും. രാവിലെ 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മഅ്ദനി വാഹന മാര്‍ഗം ശാസ്താം കോട്ടയിലേക്ക് പോകും. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ കഴിയുന്ന ഉമ്മ അസ്മാഅ് ബീവിയെ സന്ദര്‍ശിക്കും.

ഉമ്മയെ കാണാന്‍ പോകുന്ന മഅ്ദനിക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവിനായി 1,76,600 രൂപ മുന്‍കൂറായി കെട്ടിവെക്കേണ്ടി വന്നു. തിരിച്ചെത്തിയ ശേഷം മറ്റ് ചെലവുകളുടെ തുകയും അടക്കേണ്ടിവരും. (ഇവര്‍ സഞ്ചരിക്കുന്ന വാഹനത്തിന് 60 രൂപയാണ് കിലോമീറ്ററിന് ഈടാക്കുന്നത്) ഇവ കൂടാതെ അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം, താമസം എന്നിവയും മഅ്ദനി വഹിക്കേണ്ടിവരും.

ബെംഗളൂരുവിലെ വിചാരണാ കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ തിരുമാനിച്ചിരുന്നുവെങ്കിലും സുപ്രീം കോടതി അഭിഭാഷകരുടെ നിര്‍ദേശപ്രകാരം വിചാരണാകോടതിയെ വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ സമീപിക്കുന്നതിന് നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത വിധിയില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വിചാരണാ കോടതിയെ സമീപിച്ചു.