ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കാമുകനും അറസ്റ്റില്‍

Posted on: October 29, 2018 8:29 pm | Last updated: October 30, 2018 at 10:29 am

തൃശ്ശൂര്‍: ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കാമുകനും ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. തൃശൂര്‍ തിരൂര്‍ സ്വദേശി സുജാത, കാമുകന്‍ സുരേഷ് ബാബു എന്നിവരെ കൂടാതെ ക്വട്ടേഷന്‍ സംഘത്തിലെ നാല് പേരുമാണ് അറസ്റ്റിലായത്. തൃശൂര്‍ തിരൂര്‍ സ്വദേശി കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അവര്‍ അറസ്റ്റിലയത്.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരക്കാണ് സംഭവമുണ്ടായത്. സംഭവത്തില്‍ സംശയം തോന്നിയ കൃഷ്ണകുമാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്വട്ടേഷന്‍ നല്‍കിയത് ഭാര്യയാണെന്ന് കണ്ടെത്തിയത്.

സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും സുജാതയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഭര്‍ത്താവിനെ വകവരുത്തി ഒരുമിച്ച് ജീവിക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. നാല് ലക്ഷം രൂപക്കാണ് ഇവര്‍ ക്വട്ടേഷന്‍ നല്‍കിയത്. അഡ്വാന്‍സായി പതിനായിരം രൂപയും നല്‍കി. വധിക്കേണ്ട ആളുടെ പേരും അടയാളങ്ങളും കൃത്യമായി ക്വട്ടേഷന്‍ സംഘത്തെ ഇവര്‍ ധരിപ്പിച്ചിരുന്നു. അപകടത്തില്‍ കാലിന് പരുക്കേറ്റ കൃഷ്ണകുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.