ദുബൈ ആഗോള ഗ്രാമം നാളെ മുതല്‍

Posted on: October 29, 2018 4:12 pm | Last updated: October 29, 2018 at 4:12 pm

ദുബൈ: 159 ദിവസം നീണ്ടുനില്‍ക്കുന്ന ദുബൈ ആഗോള ഗ്രാമം ഈ മാസം 30ന് ആരംഭിക്കുമെന്ന് സി ഇ ഒ ബദ്ര്‍ അന്‍വാഹി വാര്‍ത്താലേഖകരെ അറിയിച്ചു.
ഇത്തവണ പല സവിശേഷതകളും ആഗോളഗ്രാമത്തിനുണ്ടാകും. ചരിത്രത്തിലെ ഏറ്റവും വലിയ എമിറേറ്റ്‌സ് പവലിയന്‍ ഒരുക്കിയിട്ടുണ്ട്.

എട്ട് പുതിയ പാലങ്ങള്‍, കുട്ടികള്‍ക്ക് ആകര്‍ഷകമായ ഇന്‍ട്രാക്ടീവ് തിയേറ്റര്‍, 30 റൈഡുകള്‍ തുടങ്ങിയവ പുതുസവിശേഷതകളാണ്. ഏപ്രില്‍ ആറിനാണ് അവസാനിക്കുക. ശനി മുതല്‍ ബുധന്‍ വരെ വൈകിട്ട് നാലു മുതല്‍ 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും നാല് മുതല്‍ പുലര്‍ച്ചെ ഒന്ന് വരെയും. തിങ്കളാഴ്ച കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി മാത്രമാണ്. രണ്ട് പ്രധാന കവാടങ്ങളാണുണ്ടാവുക.

ഗേറ്റ് ഓഫ് ദ വേള്‍ഡ്, കള്‍ചറല്‍ ഗേറ്റ് എന്നിവയാണവ. 15 ദിര്‍ഹമാണ് ടിക്കറ്റിന് ഈടാക്കുക. മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായിരിക്കും. മൊത്തം 60ലധികം റൈഡുകളും 150ലധികം ഭക്ഷ്യശാലകളുമുണ്ടാകും. ആറ് മാസത്തിനിടയില്‍ 20,000ത്തിലധികം സാംസ്‌കാരിക-വിനോദ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്തവണയും പവലിയനുകളുണ്ട്. 78 സാംസ്‌കാരിക സവിശേഷതകളാണ് ആഗോള ഗ്രാമത്തില്‍ സന്ദര്‍ശകരെ സ്വീകരിക്കുക.
കഴിഞ്ഞ വര്‍ഷം 60 ലക്ഷം സന്ദര്‍ശകരാണ് എത്തിയതെന്നും ബദ്ര്‍ അന്‍വാഹി അറിയിച്ചു.