ശബരിമല സംഘര്‍ഷം : അറസ്റ്റിലായത് 3345 പേര്‍;122 പേര്‍ റിമാന്‍ഡില്‍

Posted on: October 28, 2018 10:15 am | Last updated: October 28, 2018 at 11:47 am

തിരുവനന്തപുരം: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ശനിയാഴ്ചവരെ അറസ്റ്റിലായത് 3345 പേര്‍ . 517 കേസുകളിലായാണ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ 122 പേര്‍ റിമാന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവരെ ജാമ്യത്തില്‍ വിട്ടു. പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസിലാണ് ഭൂരിഭാഗം പേരും അറസ്റ്റിലായിരിക്കുന്നത്.

കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ പൊതുമുതല്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാന്‍ വന്‍തുക തന്നെ കെട്ടിവെക്കേണ്ടിവരും. ഇത് പതിനായിരം മുതല്‍ പത്ത് ലക്ഷത്തിന് മുകളില്‍വരെ വന്നേക്കാം.നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളെ അറസ്റ്റ് ചെയ്തത് വിവാദമായ സാഹചര്യത്തില്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ നിര്‍ദേശിച്ചിരുന്നു.