മലപ്പുറത്തെ രക്ത ദാതാക്കളുടെ കാരുണ്യം; തമിഴ് ബാലന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരം

Posted on: October 27, 2018 4:45 pm | Last updated: October 27, 2018 at 4:45 pm

കൊളത്തൂര്‍: മലപ്പുറത്തെ രക്ത ദാതാക്കളായ രണ്ട് യുവാക്കളുടെ കാരുണ്യത്തില്‍ ഏഴ് വയസുകാരനായ തമിഴ് ബാലന്‍ ഗോകുലിന് ഹൃദയ ശസ്ത്രക്രിയ. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ശരീഫും വളാഞ്ചേരി വലിയകുന്നിലെ സുബ്രഹ്മണ്യനുമാണ് മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായുമായി ചെന്നൈയിലെ അഡയാര്‍ ആശുപത്രിയിലെത്തി രക്തം നല്‍കിയത്. ഗോകുലിന്റെ ശസ്ത്രക്രിയ ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. അപൂര്‍വ രക്ത ഗ്രൂപ്പായതിനാല്‍ കുട്ടിയുടെ ശസ്ത്രക്രിയക്ക് രക്തം ലഭിക്കാതെ വന്നപ്പോള്‍ ബോംബെ ഒ പോസിറ്റീവ് രക്തം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും ആശുപത്രി അധികൃതരും കേരളത്തിലെ രക്ത ദാതാക്കളുടെ പത്തനംതിട്ട കോ-ഓര്‍ഡിനേറ്റര്‍ ബിജുവിന് സന്ദേശമെത്തുകയായിരുന്നു.

വിവരം അറിഞ്ഞയുടന്‍ ബേക്കറി കച്ചവടക്കാരനായ മുഹമ്മദ് ശരീഫും കൂലിപ്പണിക്കാരനായ സുബ്രഹ്മണ്യനും ചെന്നൈയിലേക്ക് പുറപ്പെട്ടു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ അന്യദേശത്തുനിന്ന് ഓടിയെത്തിയ യുവാക്കളെ ഗോകുലിന്റെ പിതാവ് ഡി സേത്തുവും ആശുപത്രി ജീവനക്കാരും സ്‌നേഹവായ്പുകളോടെയാണ് സ്വീകരിച്ചത്. ഗോകുലും മാതാപിതാക്കളും കൈപിടിച്ച് നന്ദി പറഞ്ഞാണ് യാത്രയാക്കിയത്. കുരുന്നു ജീവന് സാന്ത്വനമേകാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമായാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്.

ഇന്നലെ രാവിലെ പെരിന്തല്‍മണ്ണയില്‍ തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ബ്ലഡ് ഡോണേഴ്‌സിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. അപൂര്‍വ രക്ത ഗ്രൂപ്പായ ബോംബെ ഒ പോസിറ്റീവ് ജില്ലയില്‍ പത്തില്‍ താഴെപേര്‍ക്ക് മാത്രമാണുള്ളത്. ബി ഡി കെയുടെ മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ വളാഞ്ചേരി സ്വദേശികളായ സലീം, ബാലകൃഷ്ണന്‍ വലിയാട്ട്, വിനീഷ്, നൗശാദ് എന്നിവരാണ് ഇവരുടെ യാത്രക്ക് സൗകര്യങ്ങള്‍ ഒരുക്കിയത്.