ആശ്രമത്തിന് നേരെ ആക്രമണം: ഇന്റലിജന്‍സ് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കണം- മുല്ലപ്പള്ളി

Posted on: October 27, 2018 11:11 am | Last updated: October 27, 2018 at 12:47 pm

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം നടന്ന സംഭവത്തില്‍ പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ച പറ്റിയോ എന്ന കാര്യം ഗൗരവമായി അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദരന്‍.ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സ്വാമിക്ക് നേരത്തെ അറിയമായിരുന്നുവെന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആശ്രമത്തിന് നേരെ നടന്ന ആക്രമണം അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ സാംസ്‌കാരിക ഫാസിസമാണ് ഇപ്പോള്‍ നടക്കുന്നത്. ഉത്തരേന്ത്യയില്‍ അഭിപ്രായം പറയുന്നവരെ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമാക്കുന്നതിന് സമാനമായ സംഭവമാണ് ഇപ്പോള്‍ ആശ്രമത്തിന് നേരെ ഉണ്ടായിരിക്കുന്നതെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വമി സന്ദീപാനന്ദഗിരിയുടെ ആക്രമിക്കപ്പെട്ട ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.