പ്രമുഖ ഐറിഷ് സംഗീതജ്ഞ സിനീദ് ഓ കോണര്‍ ഇസ്‌ലാം ആശ്ലേഷിച്ചു

Posted on: October 27, 2018 12:42 am | Last updated: October 27, 2018 at 12:42 am

ഡുബ്ലിന്‍: പ്രമുഖ ഐറിഷ് സംഗീതജ്ഞ സിനീദ് ഒ കോണര്‍ ഇസ്‌ലാം ആശ്ലേഷിച്ചു. താന്‍ ഇസ്‌ലാമിലേക്ക് മതം മാറിയെന്നും തന്റെ പുതിയ പേര് ശുഹദാ ദാവീദ് എന്നാണെന്നും ഇവര്‍ തന്നെ ട്വിറ്ററില്‍ കുറിച്ചു. ഹിജാബ് ധരിച്ചു നില്‍ക്കുന്ന ചില സെല്‍ഫി ചിത്രങ്ങള്‍ 51കാരിയായ ഇവര്‍ അടുത്തിടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെ വാങ്ക് കൊടുക്കുന്നതിന്റെ ഒരു വീഡിയോയും ഇവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

മുസ്‌ലിമാണെന്ന പ്രഖ്യാപനം നടത്തുന്നതില്‍ താന്‍ അഭിമാനിക്കുന്നു. ബുദ്ധിമതിയായ ഒരു ദൈവാന്വേഷികയെ സംബന്ധിച്ചിടത്തോളം ഇതാണ് അവരുടെ യാത്രയുടെ അവസാനം. എല്ലാ പഠനങ്ങളും എന്നെ നയിച്ചത് ഇസ്‌ലാമിലേക്കാണെന്നും ഈ മാസം 19ന് അവര്‍ ട്വിറ്ററില്‍ എഴുതിയിരുന്നു.

1990കളില്‍ ആഗോളതലത്തില്‍ ഏറെ പ്രശസ്തയായിരുന്ന സംഗീതജ്ഞയായിരുന്നു ഇവര്‍. ‘നതിംഗ് കംപയര്‍ ടൂ യൂ’ എന്ന സംഗീത പരിപാടി 1990കളില്‍ ഏറെ പ്രശസ്തമായിരുന്നു. കത്തോലിക്ക ചര്‍ച്ചുകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണം ഇവര്‍ നേരത്തെ നടത്തിയിട്ടുണ്ട്. 1992ല്‍ ഒരു ലൈവ് പരിപാടിക്കിടെ പോപ് ജോണ്‍ പോള്‍ രണ്ടാമന്റെ ചിത്രം കീറിമുറിച്ചെറിഞ്ഞത് വലിയ വിവാദമായിരുന്നു.