Connect with us

Kerala

ശബരിമല സംഘര്‍ഷം: അറസ്റ്റ് 2000 കടന്നു

Published

|

Last Updated

തിരുവനന്തപുരം: യുവതീ പ്രവേശത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ അക്രമമഴിച്ചുവിട്ടവര്‍ക്കെതിരെ പോലീസ് ശത്മായ നടപടി തുടരുന്നു. സംഘര്‍ഷത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 2061 ആയി. ഇന്നലെ രാത്രി 700ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. 452 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പോലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു.
അക്രമ സംഭവങ്ങളില്‍ നേരിട്ട് പങ്കെടുത്തവരെയാണ് കൂടുതലായി അറസ്റ്റ് ചെയ്യുന്നത്. ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലാണ് പ്രധാനമായും അറസ്റ്റ് നടന്നത്. ഇന്നലെ വരെ 1,400 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

ശബരിമലയില്‍ നടന്ന അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് തിരിച്ചറിഞ്ഞ 210 പേരുടെ ചിത്രങ്ങളടങ്ങിയ ലുക്ക്ഔട്ട് നോട്ടീസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇവരില്‍ 160 പേരെ തിരിച്ചറിഞ്ഞു. ചിലര്‍ അറസ്റ്റിലുമായി. കോട്ടയം, എറണാകുളം, പാലക്കാട്, പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളാണ് പിടിയിലായവരില്‍ ഏറെയും. നിലയ്ക്കലിലെയും പമ്പയിലെയും സംഘര്‍ഷം, യുവതികളെ തടഞ്ഞുള്ള പ്രതിഷേധം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന കൈയേറ്റം, പോലീസിന് നേരെ നടന്ന അക്രമം, ഹര്‍ത്താലിന്റെ ഭാഗമായി നടന്ന അക്രമങ്ങള്‍ ഇങ്ങനെ വിവിധ കേസുകളിലെ പ്രതികളെയാണ് സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്തു തുടങ്ങിയത്.

അതിനിടെ, ലുക്ക്ഔട്ട് നോട്ടീസില്‍ പോലീസുകാരനും ഉള്‍പ്പെട്ടത് വിവാദമായി. പട്ടികയിലെ 167-ാം നമ്പറായി ചേര്‍ത്തിരുന്നത് പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ പോലീസ് ഡ്രൈവറായ ഇബ്‌റാഹിം കുട്ടിയുടെ ചിത്രമായിരുന്നു. ഇദ്ദേഹത്തിന്റെതടക്കം പതിനാല് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ ലുക്ക്ഔട്ട് നോട്ടീസില്‍ നിന്ന് നീക്കിയിരുന്നു.

---- facebook comment plugin here -----

Latest