മഞ്ചേശ്വരം കേസ് തുടരേണ്ടതുണ്ടോയെന്ന് ഹൈക്കോടതി; രണ്ട് ദിവസത്തിനകം മറുപടിയെന്ന് കെ സുരേന്ദ്രന്‍

Posted on: October 25, 2018 11:14 am | Last updated: October 25, 2018 at 12:54 pm

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചയിലേക്ക് മാറ്റി. കേസ് തുടരാന്‍ താത്പര്യമുണ്ടോയെന്ന് പരാതിക്കാരനായ ബി.ജെ.പി നേതാവ് കെ സുരേന്ദ്രനോട് കോടതി ആരാഞ്ഞു. മഞ്ചേശ്വരം എം.എല്‍.എ അബ്ദുര്‍റസാഖ് മരിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ചേശ്വരം എം.എല്‍.എയായിരുന്ന പി.ബി അബ്ദുര്‍റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നും അതിനാല്‍ അബ്ദുര്‍റസാഖിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പില്‍ മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ വാദം.

89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ പിവി അബ്ദുര്‍റസാഖ് വിജയിച്ചത്. കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്.