Connect with us

Articles

തത്തകള്‍ കൊത്തുകൂടുകയല്ല

Published

|

Last Updated

ഉന്നത പദവികളിലേക്കുള്ള നിയമനത്തിനുള്ള കമ്മിറ്റി 2018 ഒക്‌ടോബര്‍ 24ന് പുലര്‍ച്ചെ രണ്ട് മണിക്ക് വിളിച്ചുചേര്‍ത്ത്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ തലപ്പത്തു നിന്ന് അലോക് വര്‍മയെ മാറ്റാനും ചുമതല ഐ ജി റാങ്ക് മാത്രമുള്ള ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര റാവുവിന് നല്‍കാനും തീരുമാനിച്ചത് അന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് അരങ്ങേറുന്ന ചേരിപ്പോരിന്റെ തുടര്‍ച്ചയാണെന്നാണ് പൊതുവിലുള്ള വ്യാഖ്യാനം. ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് ആരോപണവിധേയനായ കേസില്‍ റെയ്ഡ് നടത്താനുള്ള ശ്രമം, ഡയറക്ടറായ അലോക് വര്‍മ തടഞ്ഞുവെന്ന് ആരോപിച്ച് സ്‌പെഷ്യല്‍ ഡയറക്ടറായ രാകേഷ് അസ്താന സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന് പിറകെയാണ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ രാകേഷ് അസ്താനക്കും അദ്ദേഹത്തിന്റെ വിശ്വസ്തനായ ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദര്‍ കുമാറിനുമെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ദേവേന്ദര്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവരണം ഈ നിലക്കാണെങ്കില്‍ സംഗതി ചേരിപ്പോര് തന്നെ. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണമുണ്ടെന്നും അതില്‍ സുതാര്യമായ അന്വേഷണം നടക്കണെമന്നതിനാലാണ് രണ്ട് പേരെയും മാറ്റിയതെന്നുമുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം ഇവിടെ പ്രസക്തവുമാകും.

അതങ്ങനെയാണോ എന്നറിയണമെങ്കില്‍, പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയില്‍ നരേന്ദ്ര മോദി ആവര്‍ത്തിച്ച് പറഞ്ഞ “ഗുജറാത്ത് മാതൃക”കളെക്കുറിച്ച് ഓര്‍ക്കണം. വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ച മാതൃക. അതിലൊരു എപ്പിസോഡാണ് സുഹ്‌റാബുദ്ദീന്‍ ശൈഖിന്റേത്. മുതിര്‍ന്ന നേതാക്കളെ ആക്രമിക്കാന്‍ പദ്ധതിയിട്ടെത്തിയ ലശ്കറെ ത്വയ്യിബ ഭീകരനെ വെടിവെച്ചുകൊന്നുവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. അന്വേഷണത്തില്‍ കണ്ടെത്തിയത് മറ്റൊന്ന്. ഐ പി എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന റാക്കറ്റിന്റെ ഭാഗമായിരുന്നു സുഹ്‌റാബുദ്ദീന്‍ ശൈഖ്. ഗുജറാത്തിലെയും രാജസ്ഥാനിലെയും വ്യവസായികളെ ഭീഷണിപ്പെടുത്തി പണം വാങ്ങലായിരുന്നു റാക്കറ്റിന്റെ ഉദ്ദേശ്യം. അതുമൊരു ഗുജറാത്ത് മാതൃകയാണ്. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകുമോ എന്ന് റാക്കറ്റിലെ മേലുദ്യോഗസ്ഥര്‍ ഭയന്നപ്പോഴാണ് സുഹ്‌റാബുദ്ദീനെ വെടിവെച്ചുകൊന്നത്. ഈ കേസില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരൊക്കെ “ഏറ്റുമുട്ടല്‍” നടത്തുന്നതിന് മുമ്പ് ഇപ്പോഴത്തെ ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് അന്വേഷണ ഏജന്‍സി ആരോപിച്ചിരുന്നു. ഷാ കേസില്‍ ആരോപണ വിധേയനുമായിരുന്നു. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം കേസ് അട്ടിമറിക്കാന്‍ സി ബി ഐ മടി കാണിച്ചില്ല. അങ്ങനെ ഷായുടെ വിടുതല്‍ ഹരജി മുംബൈയിലെ വിചാരണക്കോടതി അംഗീകരിച്ചു. (ആ ഹരജി പരിഗണിക്കുന്നതിനിടെയാണ് ജഡ്ജി ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്)

ഭീഷണിപ്പെടുത്തി പണം വാങ്ങുക എന്ന ഗുജറാത്ത് മാതൃക ഡല്‍ഹിയിലേക്ക് പറിച്ചുനട്ടിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സി ബി ഐയോ ആദായ നികുതി വകുപ്പോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ ഒക്കെ എടുക്കുന്ന കേസുകളില്‍ ആരോപണ വിധേയരാകുന്ന വന്‍കിടക്കാരില്‍ നിന്ന് പണം വാങ്ങി, കേസ് അട്ടിമറിക്കുക എന്ന തരത്തിലേക്ക് റാക്കറ്റിന്റെ സ്വഭാവം മാറിയിരുന്നുവെന്ന് മാത്രം. അതേക്കുറിച്ചുള്ള വിവരങ്ങള്‍ സി ബി ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ട അലോക് വര്‍മയുടെ കൈവശമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ രണ്ട് മണിക്ക് നിയമനക്കമ്മിറ്റി വിളിച്ച് തീരുമാനങ്ങളെടുത്തതിന് പിറകെ അലോക് വര്‍മയുടെയും രാകേഷ് അസ്താനയുടെ ഓഫീസുകള്‍ സീല്‍ ചെയ്തത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമാണ്.

വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുക എന്നീ ഗുജറാത്ത് മാതൃകകളെക്കുറിച്ച് “കറുത്ത താടിക്കും വെളുത്ത താടിക്കും” അറിവുണ്ടായിരുന്നുവെന്ന് പറഞ്ഞത് ഇശ്‌റത്ത് ജഹാന്‍ കേസില്‍ ഇപ്പോഴും വിചാരണ നേരിടുന്ന ഗുജറാത്ത് പോലീസിന്റെ ഭാഗമായിരുന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാരയാണ്. ഭീഷണിപ്പെടുത്തി പണം തട്ടുന്ന മാതൃകയില്‍ “കറുത്ത താടി”ക്ക് പങ്കുണ്ടായിരുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ആ മാതൃക, പരിഷ്‌കരിച്ച് ഡല്‍ഹിയിലേക്ക് പകര്‍ത്തിയപ്പോള്‍ സി ബി ഐ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനും പങ്കാളിത്തമുണ്ടായിരുന്നുവെന്നാണ് “ദി വയര്‍” റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ അതിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും “കറുത്ത താടി”ക്ക് പങ്കുണ്ടാകുമോ? അതെങ്ങാനും പുറത്തുവരുമെന്ന ഭയം കൊണ്ടാണോ പുലര്‍കാലത്തെഴുന്നേറ്റ് നിയമനക്കമ്മിറ്റി വിളിച്ചുകൂട്ടി സി ബി ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മയെ നീക്കിയത്?

നികുതിവെട്ടിച്ച് സമ്പാദിച്ച പണം വിദേശത്തെ ബേങ്കുകളില്‍ നിക്ഷേപിച്ചുവെന്ന് ആരോപണം നേരിടുന്ന മുഈന്‍ ഖുറൈശിയെ സഹായിക്കാന്‍ ഇടനിലക്കാര്‍ മുഖാന്തിരം അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്നാണ് രാകേഷ് അസ്താനക്കെതിരായ ആരോപണം. കോഴ നല്‍കിയയാള്‍ കോടതി മുമ്പാകെ നല്‍കിയ മൊഴിയെ അടിസ്ഥാനമാക്കിയാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നിട്ട് അസ്താനയെ അറസ്റ്റ് ചെയ്യാന്‍ അനുമതി ചോദിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തു നല്‍കിയിരുന്നു അലോക് വര്‍മ. അനുവാദം നല്‍കാതിരുന്ന പ്രധാനമന്ത്രിയാണ് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മയെ നീക്കം ചെയ്ത്, അഴിമതിക്കെതിരായ കുരിശു യുദ്ധത്തില്‍ പുതിയ അധ്യായം ചേര്‍ത്തത്. കോഴക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയാകെ സ്ഥലം മാറ്റിക്കൊണ്ട് ഡയറക്ടറുടെ ചുമതല ലഭിച്ച എം നാഗേശ്വര്‍ റാവു, കൂറു തെളിയിക്കുകയും ചെയ്തു.

ലാലു പ്രസാദ് യാദവ് ആരോപണ വിധേയനായ കേസില്‍ റെയ്ഡ് തടഞ്ഞുവെന്നതാണ് അലോക് വര്‍മക്കെതിരായ ആരോപണം. റെയില്‍വേയുമായി ബന്ധപ്പെട്ട കോഴക്കേസില്‍ അന്വേഷണം നടത്തി ലാലു പ്രസാദ് യാദവിനെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് റെയ്ഡിന് രാകേഷ് അസ്താനയും സംഘവും തയ്യാറായത്. രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് അസ്താന ആസൂത്രണം ചെയ്ത പ്രഹസനം തടഞ്ഞതില്‍, അലോക് വര്‍മക്കെതിരെ നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് സംശയം. അതുകൊണ്ടാകണമല്ലോ അസ്താനയുടെ പരാതി ലഭിച്ചതിന് ശേഷവും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിക്കാതിരുന്നത്. ഇനിയങ്ങോട്ട് പരമാധികാരിയുടെ നിര്‍ദേശമനുസരിച്ച് വിജിലന്‍സ് കമ്മീഷന്‍ ചിലപ്പോള്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയേക്കാം.

സി ബി ഐയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ചേരിപ്പോര് മാത്രമല്ല ഇപ്പോള്‍ നടക്കുന്നത് എന്നാണ് പറഞ്ഞുവന്നത്. ഗുരുതരമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും അതുവഴി കള്ളപ്പണക്കാര്‍ക്ക് സൈ്വര ജീവിതം ഉറപ്പാക്കാനും ഉന്നത അധികാരകേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയിലുണ്ടായ ഇടര്‍ച്ചയിലാണ് രാകേഷ് അസ്താന കൈക്കൂലിക്കേസില്‍ പ്രതിയാകുന്നത്. അത് മറച്ചുവെച്ച് അസ്താനയെ രക്ഷിച്ചെടുക്കേണ്ടത് പലവിധ റാക്കറ്റുകളുടെ നടത്തിപ്പുകാരായവരുടെ ഉത്തരവാദിത്തമാണ്. അതിന് വേണ്ടിയാണ് അവരിപ്പോള്‍ ശ്രമിച്ചുവരുന്നതും.

ഇതൊക്കെ നടക്കുമോ എന്ന് സംശയിക്കുന്നവര്‍ക്കായി ആദ്യം രാകേഷ് അസ്താനയുടെ പൂര്‍വാശ്രമം. അത്ര ചെറിയ ആളല്ല. കൈക്കൂലി വാങ്ങിയെന്ന ആരോപണം തീരെ അസ്ഥാനത്തുമല്ല. സി ബി ഐയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് വരുമ്പോള്‍ തന്നെയുണ്ട് കോഴ ആരോപണം. ഗുജറാത്ത് കേന്ദ്രമായ സ്റ്റെര്‍ലിംഗ് ബയോടെക്, സന്ദേശര ഗ്രൂപ്പ് എന്നീ കമ്പനികളില്‍ നിന്ന് ആദായ നികുതി വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതിന് സി ബി ഐ 2011ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്ന് നടത്തിയ അന്വേഷണത്തില്‍ ഈ കമ്പനികളില്‍ നിന്ന് പിടിച്ചെടുത്ത ഫയലുകളില്‍ കൈക്കൂലി വാങ്ങിയവരുടെ പട്ടികയില്‍ രാകേഷ് അസ്താനയുടെ പേരുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതിന് മുമ്പ് രാകേഷ് അസ്താന അന്വേഷിച്ച പ്രധാന കേസുകളിലൊന്ന് 2002ല്‍ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് 58 പേര്‍ മരിച്ച സംഭവമായിരുന്നു. സബര്‍മതി എക്‌സ്പ്രസിന് നേര്‍ക്കുണ്ടായത് ശ്രദ്ധയോടെ ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പാക്കിയ ആക്രമണമായിരുന്നുവെന്ന് അന്വേഷണം ഏറ്റെടുത്തപ്പോള്‍ തന്നെ പ്രഖ്യാപിച്ചു. ഗോധ്രയില്‍ 58 പേര്‍ കൊല്ലപ്പെട്ടതോടെ ഭൂരിപക്ഷ സമുദായത്തിനുണ്ടായ രോഷം ഒഴുകിപ്പോകാന്‍ അവസരമൊരുക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അഭിപ്രായപ്പെട്ട (സഞ്ജീവ് ഭട്ടിന്റെ സാക്ഷ്യമനുസരിച്ച്) നരേന്ദ്ര മോദിക്ക് അടിസ്ഥാനമാക്കാവുന്ന പ്രഖ്യാപനം. അത്രക്കാണ് അസ്താനയുടെ കൂറ്. മോദിയോട് മാത്രമല്ല, ഗുജറാത്തില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഇപ്പോഴത്തെ ബി ജെ പി പ്രസിഡന്റ് അമിത് ഷായോടും. സി ബി ഐയുടെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിക്കാന്‍ മറ്റെന്ത് യോഗ്യത വേണം!

മറ്റൊരാളെക്കൂടി പരിചയപ്പെടുത്താം. വൈ സി മോദിയെന്ന ഐ പി എസ്സുകാരന്‍. നിലവില്‍ എന്‍ ഐ എയുടെ ഡയറക്ടര്‍ ജനറല്‍. സാധ്വി പ്രജ്ഞാ സിംഗും കേണല്‍ ശ്രീകാന്ത് പുരോഹിതുമൊക്കെ പ്രതിസ്ഥാനത്തുണ്ടായിരുന്ന മലേഗാവ് സ്‌ഫോടനക്കേസ് വെള്ളം ചെര്‍ത്തു നേര്‍പ്പിച്ചെടുത്ത വിദഗ്ധന്‍. അതിന് മുമ്പ്, ഗുജറാത്ത് വംശഹത്യാശ്രമത്തിന്റെ ഭാഗമായ ഒമ്പത് കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘത്തിലെ അംഗം. ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളൊക്കെ തള്ളിക്കളയാന്‍ തീരുമാനിച്ചത് ഇദ്ദേഹമുള്‍പ്പെട്ട സംഘമായിരുന്നു. (ഈ സംഘത്തിന് നേതൃത്വം നല്‍കിയ സി ബി ഐയുടെ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവനെ സൈപ്രസിലെ ഇന്ത്യന്‍ സ്ഥാനപതിയാക്കിയത് നരേന്ദ്ര മോദി സര്‍ക്കാറാണ്) അതിനും മുമ്പ്, ഗുജറാത്തിലെ മുന്‍ ആഭ്യന്തര സഹമന്ത്രി ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച സി ബി ഐ സംഘത്തിലെ അംഗം. കൊലയില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ഹരേണ്‍ പാണ്ഡ്യയുടെ ബന്ധുക്കള്‍ ആരോപിക്കുമ്പോള്‍ വൈ സി മോദി ഉള്‍പ്പെട്ട സി ബി ഐ സംഘം പ്രതിചേര്‍ത്ത 12 മുസ്‌ലിംകളെ ഹൈക്കോടതി വെറുതെവിട്ടതാണ് ആ കേസിന്റെ ചരിത്രം.

ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനായിരുന്ന എ കെ ശര്‍മ, ഗുജറാത്ത് കേഡറിലെ ഐ പി എസ് ഉദ്യോഗസ്ഥരായ പ്രവീണ്‍ സിന്‍ഹ, രാഘവേന്ദ്ര വസ്ത, ഗഗന്‍ദീപ് ഗംഭീര്‍ എന്നിങ്ങനെ പലരെയും ഡല്‍ഹിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട് നരേന്ദ്ര മോദിയും അമിത് ഷായും. ഗുജറാത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണ ഏജന്‍സികളും ഇതര പ്രധാന തസ്തികകളും നിറക്കുന്നത്, രാജ്യത്ത് മറ്റിടങ്ങളില്‍ കൊള്ളാവുന്ന ഉദ്യോഗസ്ഥരില്ലാത്തതുകൊണ്ടല്ല. ഒരുകാലത്ത് ആജ്ഞാനുവര്‍ത്തികളായിരുന്നവര്‍ക്ക് പ്രധാനപ്പെട്ട പദവികള്‍ നല്‍കി പ്രീണിപ്പിച്ചു നിര്‍ത്തേണ്ടതു കൊണ്ടുകൂടിയാണ്. അവരെയങ്ങനെ നിര്‍ത്തിയാല്‍ ഗുജറാത്ത് മാതൃക നടപ്പാക്കാന്‍ പ്രയാസമുണ്ടാകില്ലെന്ന ഉറപ്പുള്ളതുകൊണ്ടുമാണ്. ഡയറക്ടറെ പാവയാക്കി സ്‌പെഷ്യല്‍ ഡയറക്ടര്‍ അധികാരം കൈയാളുന്നതിലെ കെറുവുകൊണ്ടാണെങ്കില്‍പ്പോലും അലോക് വര്‍മ കത്തിവെക്കാന്‍ തുടങ്ങിയത് ഈ മാതൃകയുടെ കടയ്ക്കലാണ്. അനുവദിക്കാനാകുമോ അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന, ജീവന്‍ ത്യജിച്ചായാലും കള്ളപ്പണം തുടച്ചുനീക്കാന്‍ വ്രതമെടുത്ത പരമാധികാരിക്ക്.

അതുകൊണ്ട്, 130 കോടിയിലേറെ വരുന്ന ജനം സുഷുപ്തിയിലാകുമ്പോഴും ഉണര്‍ന്നിരിക്കണം. തീരുമാനങ്ങളെടുക്കണം. ഗുജറാത്ത് മാതൃക നടപ്പാക്കുമെന്ന വാഗ്ദാനം നടപ്പാക്കാന്‍ വിശ്രമമില്ലാതെ യത്‌നിക്കണം.! ഹൊ, 24 മണിക്കൂറും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?

Latest