പടക്ക വില്‍പനക്ക് നിയന്ത്രണം

Posted on: October 25, 2018 10:01 am | Last updated: October 25, 2018 at 10:01 am

വെടിമരുന്നപകടങ്ങള്‍ രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ചുവരവെ, സ്വാഗതാര്‍ഹമാണ് പടക്കവ്യാപാരത്തിനും വെടിക്കെട്ടിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ടുള്ള ചൊവ്വാഴ്ചത്തെ സുപ്രീം കോടതി വിധി. ദീപാവലിക്ക് രാത്രി എട്ട് മുതല്‍ 10 വരെയും ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളില്‍ രാത്രി 11.30 മുതല്‍ 12.30 വരെയും മാത്രമേ പടക്കം പൊട്ടിക്കാവൂ എന്നാണ് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്. കുറഞ്ഞ അന്തരീക്ഷ മലിനീകരണവും ശബ്ദവും ഉണ്ടാക്കുന്ന പടക്കങ്ങള്‍ മാത്രമേ നിര്‍മിക്കാനും വില്‍ക്കാനും പൊട്ടിക്കാനും പാടുള്ളൂ. വായുമലിനീകണം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പടക്കവില്‍പന പാടേ നിര്‍ത്തലാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. തൊഴിലാളികളുടെ അവകാശം കണക്കിലെടുത്താണ് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താതിരുന്നത്. എന്നാല്‍, ഓണ്‍ലൈന്‍ പടക്ക വില്‍പനക്ക് കര്‍ശന നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.

നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ പടക്കം നിര്‍മിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും ലൈസന്‍സ് ലഭിച്ച കടകളില്‍ മാത്രമേ പടക്കവില്‍പന പാടുള്ളൂവെന്നാണ് ചട്ടമെങ്കിലും ലൈസന്‍സില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമുള്ള വില്‍പന രാജ്യത്ത് സാധാരണമാണ്. വിഷു, ദീപാവലി ആഘോഷ വേളകളില്‍ വിശേഷിച്ചും. ഇത്തരം ഘട്ടങ്ങളില്‍ വാഹനങ്ങളും യാത്രക്കാരും നിരന്തരം കടന്നുപോകുന്ന വഴിയോരങ്ങളിലെ കടകളില്‍ താത്കാലിക സംവിധാനമൊരുക്കി യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ പടക്ക വില്‍പന നടത്തുന്നു. ഈ നിയമലംഘനത്തിന് നേരെ അധികൃതര്‍ കണ്ണടക്കുകയാണ് ചെയ്യാറ്. ഇത്തരം അനധികൃത വില്‍പന ശാലകള്‍ പലപ്പോഴും അപകടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. 2016 ഒക്‌ടോബറില്‍ ഗുജറാത്തിലെ വഡോദര ജില്ലയില്‍ പടക്കവില്‍പന ശാലക്ക് തീപിടിച്ച് എട്ട് പേര്‍ മരിക്കാനിടയാക്കിയത് സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ചില ആരാധനാലയ ഉത്സവങ്ങളുടെയും വിവിധ ആഘോഷങ്ങളുടെയും അവിഭാജ്യ ഘടകമാണ് ഇന്ന് പടക്കം പൊട്ടിക്കലും കരിമരുന്ന് പ്രയോഗവും. ശതകോടികളുടെ കരിമരുന്ന് വിപണനമാണ് വര്‍ഷംതോറും രാജ്യത്ത് നടക്കുന്നത്. ഇതൊരു വന്‍വ്യവസായമായി വളര്‍ന്നിട്ടുണ്ട്. അനവധി തൊഴിലാളികളും സാങ്കേതിക വിദഗ്ധരും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും മതിയായ സുരക്ഷ ഏര്‍പ്പെടുത്താറില്ല. മാത്രമല്ല, അപകടം പിടിച്ച ഈ തൊഴില്‍ സുരക്ഷിതമായി നിര്‍വഹിക്കാനുള്ള പരിശീലനവും നല്‍കാറില്ല. നിര്‍മാണത്തിന് ആവശ്യമായ രാസവസ്തുക്കളെ പറ്റിയുള്ള അറിവും തൊഴിലാളികള്‍ക്കുണ്ടാകണമെന്നില്ല.

നാടെങ്ങും ജനസാന്ദ്രതയും കെട്ടിടങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കെ വെടിക്കെട്ടുകള്‍ സുരക്ഷിതമായി നടത്താനുള്ള സൗകര്യങ്ങള്‍ കുറഞ്ഞുവരികയാണ്. 200 വര്‍ഷം മുമ്പാണ് തൃശൂര്‍ പൂരം ആരംഭിച്ചത്. അന്നത്തെ അപേക്ഷിച്ച് ഇന്ന് നഗരത്തില്‍ ജനങ്ങളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചു. തേക്കിന്‍കാട് മൈതാനത്തെ പൂരപ്പറമ്പിന് സമീപത്തെങ്ങും കെട്ടിടങ്ങളും പെട്രോള്‍ ടാങ്കുകളും മറ്റും പെരുകി. ഇങ്ങനെ സൗകര്യങ്ങള്‍ പരിമിതമായിട്ടും അവിടെ വര്‍ഷം തോറും പ്രയോഗിക്കുന്ന വെടിമരുന്നിന്റെ അളവ് വര്‍ധിച്ചു വരികയാണ്. രാജ്യത്തെ മറ്റു പൂരങ്ങളുടെയും ഉത്സവങ്ങളുടെയും സ്ഥിതി ഭിന്നമല്ല. പരിമിതമായ സൗകര്യങ്ങള്‍ക്ക് നടുവിലാണ് മിക്കതും നടത്തി വരുന്നത്. വിദേശ രാജ്യങ്ങളിലെ ആഘോഷവേളകളിലും ഒളിമ്പിക്‌സ് ഉള്‍പ്പെടെ ലക്ഷങ്ങള്‍ അണിനിരക്കുന്ന വേദികളിലും നമ്മുടെ രാജ്യത്ത് നടക്കുന്നതിനേക്കാള്‍ വലിയ കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കാറുണ്ട്. അത് നടത്തുന്ന സ്ഥലം വിശദമായി പരിശോധിച്ച് അവിടെ മരുന്ന് സൂക്ഷിക്കാനുള്ള സ്ഥലം, കരിമരുന്നിന് തീ കൊടുക്കുന്ന സ്ഥലം, കത്തിയുയരുന്ന വസ്തുക്കള്‍ തിരിച്ച് താഴെ വീഴാന്‍ ഉള്ള സ്ഥലം എന്നിവയെല്ലാം മതിയായ അളവിലുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അധികൃതര്‍ അനുമതി നല്‍കുന്നത്. നമ്മുടെ രാജ്യത്ത് ഇത്തരം വിശദമായ പരിശോധനകള്‍ കുറവാണ്. ഇത് വെടിമരുന്ന് പ്രയോഗത്തിന്റെ അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

ഒരു സാധാരണ കുടില്‍വ്യവസായം പൊലെയാണ് ചില പ്രദേശങ്ങളില്‍ വെടിമരുന്ന് വസ്തുക്കളുടെ നിര്‍മാണം നടക്കുന്നത്. കുട്ടികളടക്കമുള്ളവര്‍ ഒന്നിച്ച് അവിടെ തൊഴിലെടുക്കുന്നു. അവിടെ വേണ്ടത്ര സാങ്കേതിക പരിജ്ഞാനമുള്ളവരില്ല. അതീവ കരുതലോടെയും സൂക്ഷ്മമായും വ്യക്തമായ സാങ്കേതിക പരിജ്ഞാനത്തോടെയും നിര്‍വഹിക്കേണ്ടതാണ് ഈ തൊഴില്‍. വെടിക്കെട്ടുകളില്‍ എന്തൊക്കെ രാസവസ്തുക്കള്‍ വരുന്നു, എത്രമാത്രം ഉപയോഗിക്കപ്പെടുന്നു എന്നൊക്കെ കൃത്യമായി പരിശോധിക്കപ്പെടേണ്ടതുമുണ്ട്. ഹെല്‍ത്ത് ആന്‍ഡ് സേഫ്ടി ഡി പ്പാര്‍ട്ട്‌മെന്റാണ് വികസിത രാജ്യങ്ങളില്‍ ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്. അവര്‍ക്ക് പ്രത്യേക പരിശീലനം സിദ്ധിച്ച സ്‌ഫോടക വിദഗ്ധര്‍, കെമിസ്റ്റുകള്‍, സവിശേഷ ഉപകരണങ്ങള്‍, അവരുടെ തന്നെ വ്യക്തി സുരക്ഷക്കുള്ള ഉപകരണങ്ങളുമെല്ലാമുണ്ടായിരിക്കും.
നമ്മുടെ രാജ്യത്ത് അതിനുള്ള സംവിധാനങ്ങള്‍ കുറവാണ്. ഇനി ഏതെങ്കിലും ചടങ്ങില്‍ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത കണക്കിലെടുത്ത് ഉദ്യോഗസ്ഥന്മാര്‍ നിരോധിച്ചാല്‍ തന്നെ രാഷ്ട്രീയക്കാരെയോ, നേതാക്കളെയോ വളഞ്ഞ വഴിയില്‍ സ്വാധീനിച്ച് അനുമതി നേടിയെടുക്കുകയും ചെയ്യും. 110 പേരുടെ ദാരുണ മരണത്തിനിടയാക്കിയ 2016 ഏപ്രിലിലെ പറവൂര്‍ പുറ്റിങ്ങള്‍ വെടിക്കെട്ടിന് കലക്ടര്‍ അനുമതി നിഷേധിച്ചതാണ്. എന്നിട്ടും അതെങ്ങനെ നടന്നു? പുറ്റിങ്ങലില്‍ കടുത്ത നിയമലംഘനമുണ്ടായെന്നും ഏഴ് സുപ്രധാന ചട്ടങ്ങള്‍ ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയതെന്നും കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തില്‍ പടക്കവില്‍പനക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതു കൊണ്ടു മാത്രമായില്ല. നിര്‍മാണം മുതല്‍ ഉപയോഗം വരെയുള്ള മുഴുവന്‍ മേഖലകളിലും അതീവ നിയന്ത്രണം ആവശ്യമാണ്.