ജമാല്‍ ഖശോഗിയുടെ കൊലയാളികളെ ശിക്ഷിക്കും: കിരീടാവകാശി

Posted on: October 25, 2018 9:26 am | Last updated: October 25, 2018 at 9:26 am
റിയാദില്‍ നിക്ഷേപക സംഗമത്തിലെ വേദിയിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം സെല്‍ഫിയെടുക്കുന്നവര്‍

റിയാദ്: ജമാല്‍ ഖശോഗിയുടെ കൊലയാളികളെ നിയമത്തിന് മുന്നില്‍ക്കൊണ്ട് വന്ന് അര്‍ഹമായ ശിക്ഷ നല്‍കുമെന്ന് സഊദി കിരീടാവകാശിയും ഉപപ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. റിയാദില്‍ നടക്കുന്ന നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്താംബൂളില്‍ നടന്ന കൊലപാതകം ഓരോ സഊദി പൗരന്മാരെയും വേദനിപ്പിക്കുന്നതാണെന്നും ഈ വിഷയത്തില്‍ തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകില്ലെന്നും രാജകുമാരന്‍ വ്യക്തമാക്കി. ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ ഖശോഗി കൊല്ലപ്പെട്ട സംഭവത്തെ മുന്‍നിര്‍ത്തി സഊദി – തുര്‍ക്കി ബന്ധം തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അത് വിലപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വന്‍കിട നിക്ഷേപകര്‍ക്കായി ഒരുക്കിയ സംഗമത്തില്‍ നിന്ന് ഖശോഗിയുടെ കൊല ചൂണ്ടിക്കാട്ടി നിരവധി പേര്‍ പിന്മാറിയിരുന്നു.