Connect with us

Articles

അറിവിന്റെ അകക്കാമ്പുകണ്ട കന്‍സുല്‍ ഉലമ

Published

|

Last Updated

1982 ല്‍ നടന്ന ഫറോക്ക് സുന്നി മഹാ സമ്മേളനത്തിന്റെ പ്രോഗ്രാം നോട്ടീസില്‍ ഒരു സെഷനില്‍ പ്രസംഗകരുടെ കൂട്ടത്തില്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ എന്നൊരു പേര് കണ്ടു. അതിനു മുമ്പ് പലപ്പോഴും ഈ പേര് കേട്ടിട്ടുണ്ട്. പക്ഷെ ആളെ മനസ്സിലായിട്ടില്ല. ആരാണ് ഈ ചിത്താരി ഹംസ മുസ്‌ലിയാര്‍ എന്നു ചോദിച്ചപ്പോള്‍ അതു നമ്മുടെ പട്ടുവം ഹംസ മുസ്‌ലിയാരാണെന്ന് മറുപടി കിട്ടി. വാഴക്കാട് ദാറുല്‍ ഉലൂമിന്റെ പൂര്‍വ്വ സന്തതികളിലൊരാളായ ഒരുപരിചയക്കാരനാണ് ഈ മറുപടി നല്‍കിയത്. നിശ്ചിത പരിപാടിക്കു ചിത്താരി വേദിയിലെത്തി. കോരിത്തരിക്കുന്ന പ്രസംഗം. പേരില്‍ പുതു മുഖമെങ്കിലും മുഖം സുപരിചിതം. അതെ ഇത് പട്ടുവം ഹംസ മുസ്‌ലിയാര്‍ തന്നെ. പ്രസംഗം കഴിഞ്ഞ് ചിത്താരി സ്റ്റേജില്‍ നിന്ന് താഴെയിരങ്ങി. നേരില്‍ കണ്ടു പരിചയം പുതുക്കി. വര്‍ഷങ്ങള്‍ക്കു മുമ്പ് വാഴക്കാട് ദാറുല്‍ ഉലൂമില്‍ നിന്നുണ്ടായ പരിചയമായിരുന്നു അത്.

ഞങ്ങളുടെ സീനിയര്‍ ആയിരുന്ന ഹംസ മുസ്‌ലിയാര്‍ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ പ്രമുഖ ശിഷ്യനും വാഴക്കാട് ദാറുല്‍ ഉലൂമിന്റെ സന്തതിയുമാണ്. വാഴക്കാട് ദാറുല്‍ ഉലൂമിന്റെ പ്രഭയുടെയും പ്രഭാവത്തിന്റെയും കാലഘട്ടമായിരുന്നു അത്. കണ്ണിയത്ത് ഉസ്താദ് പ്രിന്‍സിപ്പല്‍ ആയിരുന്ന ദാറുല്‍ ഉലൂമില്‍ അന്ന് അഞ്ചോളം ഉസ്താദുമാരുണ്ടായിരുന്നു. ഉസ്താദുമാരില്‍ ചിലര്‍ സീനിയര്‍ വിദ്യാര്‍ത്ഥിയായ ഹംസ മുസ്‌ലിയാരെ അവരുടെ ദര്‍സ് പ്രിപറേഷന് വേണ്ടി അവലംബിക്കാറുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ ചിത്താരിയുടെ പ്രാഗത്ഭ്യം അതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കെല്ലാവര്‍ക്കും പ്രിയങ്കരനും അവലംബവുമായിരുന്നു ഹംസ മുസ്‌ലിയാര്‍. കിതാബുകളുമായി വിദ്യാര്‍ത്ഥികള്‍ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. ചിലപ്പോള്‍ ഭക്ഷണ സമയത്ത് കാന്റീനില്‍ പോലും കൂടെയുണ്ടാകും. രാവും പകലും തന്റെ സഹപാഠികളോട് ഒരിക്കലും ക്ഷുഭിതനാകാതെ സുസ്‌മേര വദനനായി അവരുടെ സംശയങ്ങള്‍ നിര്‍ധാരണം ചെയ്തുകൊടുക്കുവാനുള്ള അദ്ദേഹത്തിന്റെ സഹനശീലം പാണ്ഡ്യത്തിലേറെ ശ്രദ്ദേയമായിരുന്നു.

വിദ്യാര്‍ത്ഥികളുടെ കൈയില്‍ കിതാബുകള്‍ ഉണ്ടാകും. അത് വാങ്ങി നോക്കാതെ അവര്‍ സംശയം ചോദിക്കുന്ന ഭാഗങ്ങള്‍ ഓര്‍മ്മയില്‍ നിന്നുദ്ധരിച്ച് കൊണ്ട് വിശകലനം നടത്തുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഉസ്താദ് എന്ന പേര് പ്രചുര പ്രചാരത്തിലില്ലായിരുന്ന അക്കാലത്ത് വാഴക്കാട് ദാറുല്‍ ഉലൂമില്‍ ഉസ്താദ് എന്ന പേരില്‍ അറിയപ്പെട്ട ഒരു വിദ്യാര്‍ത്ഥിയാണ് ഹംസ മുസ്‌ലിയാര്‍. ഉയര്‍ന്ന കിതാബുകളെല്ലാം മഹാനായ കണ്ണിയത്ത് ഉസ്താദില്‍ നിന്ന് ഓതിയ ശേഷം ഉപരിപഠനത്തിനായി ഉത്തരേന്ത്യയിലെ വിശ്രുതസ്ഥാപനമായ ദയൂബന്ദിലേക്ക് പോയി. അവിടെ നിന്ന് ദൗറത്തുല്‍ ഹദീസ് കോഴ്‌സ് പൂര്‍ത്തികരിച്ചു ബിരുദമെടുത്തു. ചിത്താരിയിലെ സേവനമാണ് അദ്ദേഹത്തിന് പുതിയ മേല്‍ വിലാസമുണ്ടാക്കിയത്. ഒരു സമ്പന്ന കാര്‍ഷിക കുടുംബത്തില്‍ ജനിച്ച ഹംസ മുസ്‌ലിയാരെ, സാഹചര്യം മാടിവിളിച്ചത് ഭൗതീക രംഗത്തേക്കും ഭൗതിക വിദ്യാഭ്യാസത്തിലേക്കുമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഉള്‍വിളി മതരംഗത്തേക്കും മത വിഞ്ജാനത്തിലേക്കിമായിരുന്നു.

ഉള്‍വിളി ബാഹ്യ സാഹചര്യത്തെ അതിജയിച്ചുവെന്നത് ഒരു ദിവ്യനിയോഗം തന്നെയാണ്. ഒരാള്‍ക്ക് അല്ലാഹു വലിയ ഗുണം ഉദ്ധേശിച്ചാല്‍ അവനെ മതകാര്യത്തില്‍ വിവരസ്ഥനാക്കുമെന്ന പ്രവാചക തിരുവചനവും ഏതൊരാള്‍ക്ക് മതവിഞ്ജാനം നല്‍കപ്പെടുന്നുവോ അവനു നിരവധി ഗുണങ്ങള്‍ നല്‍കപ്പെടുന്നുവെന്ന വിശുദ്ധ ഖുര്‍ആന്‍ വാക്യവും ഇവിടെ സ്മരണീയമാണ്. ചിത്താരി കേവലം ഒരു മുസ്‌ലിയാരല്ല. ഒരു തികഞ്ഞ പണ്ഡിതനാണ്. അദ്ദേഹം ഒരു പണ്ഡിതന്‍ മാത്രമല്ല. മികവുറ്റ ഒരു പ്രാസംഗികനുമാണ്. ഒരു പണ്ഡിത പ്രസംഗകന്‍ മാത്രമല്ല, പ്രംസഗ വേദിയിലെന്ന പോലെ കര്‍മ്മഗോദയിലും തിളങ്ങിയ കര്‍മ്മകുലശനും സ്ഥിരോത്സാഹിയുമാണ്. മനസാക്ഷിയെ വഞ്ചിക്കാതെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിഷ്‌കളങ്ക-നിഷ്‌കപട സേവകനാണ് ചിത്താരി. അതുകൊണ്ടു തന്നെ ശബ്ദം എന്നും ധീരമാണ്.

സാമൂഹിക പ്രതിബദ്ധതയും സേവനോത്സുതകയും അദ്ദേഹത്തെ വളരെ നേരത്തെ തന്നെ സംഘടനാ പ്രവര്‍ത്തന രംഗത്തേക്കു തിരിച്ചുവിട്ടു. വിദ്യാര്‍ത്ഥി -യുവജന-പണ്ഡത സംഘടനകളിലെല്ലാം അദ്ദേഹം നിറസാന്നിധ്യമായി. എസ് എസ് എഫ് എന്ന സുന്നി വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന ജംഇയ്യത്തുത്തുലബാബാ എന്ന സംഘടനയില്‍ ചിത്താരി സജീവമായിരുന്നു. പിന്നീട് വിവിധ സംഘടനകളിലെല്ലാം പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുകയും വ്യക്തി മുദ്ര പതിക്കുകയും ചെയ്തു.

ജാമിഅ സഅ്ദിയ്യ,അല്‍ മഖര്‍ എന്നീ സ്ഥാപനങ്ങളുടെ പുരോഗതിയിലും വളര്‍ച്ചയിലും ഹംസ മുസ്‌ലിയാര്‍ക്കുള്ള പങ്ക് അദ്വിതീയമാണ്.സംഘടനാ രംഗങ്ങളിലും സ്ഥാപനസേവനങ്ങളിലും ഖാളിസ്ഥാനങ്ങളിലുമെല്ലാം സജീവമായിരുന്നപ്പോഴും വൈജ്ഞാനിക സേവന രംഗത്ത് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു അദ്ദേഹം. ദര്‍സ് മുടങ്ങാതെ നടത്തിക്കൊണ്ടുപോന്നു എന്നത് പ്രത്യേകം പ്രസതാവ്യമാണ്. ദര്‍സ് നടത്തി തെളിഞ്ഞ പണ്ഡിതനായു കൊണ്ട് എല്ലാ വിഷയത്തിലും അദ്ദേഹത്തിന് വ്യക്തമായ പിടിപാടും കാഴ്ച്ചപ്പാടും ഉണ്ട്. ആധികാരികമായി ഫത്‌വാ കൊടുക്കാനുള്ള കഴിവും ഉണ്ട്. നീണ്ട മതാധ്യാപന ജീവിതത്തില്‍ ഒരു വലിയ ശിഷ്യ സമ്പത്ത് നേടിയെടുക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

സ്വാര്‍ത്ഥതയും സ്ഥാപിത താത്പര്യവും ഇല്ലാത്തത് കൊണ്ട് സുന്നിപണ്ഡിത രംഗത്ത് ഭിന്നിപ്പിന്റെ ഒരു വഴിത്തിരിവ് ഉണ്ടായപ്പോള്‍ ഭൗതികമായി സംഭവിക്കാന്‍ ഇടയുള്ള കഷ്ട നഷ്ടങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെ അദ്ദേഹം സത്യത്തിന്റെ പക്ഷത്ത് കരിമ്പാറ പോലെ അചഞ്ചലനായി ഉറച്ചുനിന്നു. താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി അവര്‍കളുടെയും ഖമറുല്‍ ഉലമാ കാന്തപുരം ഉസ്താത് അവര്‍കളുടെയും പക്ഷത്ത് നിന്നു ധീരമായ് സുന്നി സമൂഹത്തിന് നേതൃത്വം നല്‍കി. ഭൗതിക രാഷ്ട്രീയക്കാരുടെ പ്രകോപനത്തിനോ പ്രലോഭനത്തിനോ അദ്ദേഹം വശംവദനായില്ല. അതുകൊണ്ട് സമുദായത്തിന്റെ അംഗീകൃത നേതാക്കളിലൊരാളായി സുന്നി ജനലക്ഷങ്ങളുടെ അകക്കാമ്പുകളില്‍ അദ്ദേഹം പ്രശോഭിതനായി നിലകൊണ്ടു.

Latest