Connect with us

Kerala

ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ 50. 33 ഏക്കര്‍ ഭൂമി കണ്ടുകെട്ടുന്നു

Published

|

Last Updated

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. തമിഴ്‌നാട്ടിലെ വിരുദനഗറിലെ 50. 33 ഏക്കര്‍ ഭൂമിയാണ് കണ്ടുകെട്ടുന്നത്. ബിനാമി ഇടപാടിലൂടെയാണ് ഈ ഭൂമി സ്വന്തമാക്കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ നടപടി.

2001 നവംബര്‍ 15ന് പ്രമാണം ചെയ്ത ആ വസ്തുവിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് ജേക്കബ് തോമസിന്റെ 2002, 2003 വര്‍ഷങ്ങളിലെ ഔദ്യോഗിക സ്വത്തുവിവര പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ 2003 നു ശേഷം സര്‍ക്കാരിന് നല്‍കിയ പട്ടികയില്‍ ആ വസ്തു സംബന്ധിച്ച വിവരങ്ങള്‍ ഒന്നുമില്ല. ജേക്കബ് തോമസിന്റെ പേരിലാണ് സേത്തൂരിലെ ഈ ഭൂമി രജിസ്ട്രര്‍ ചെയ്തതെങ്കിലും രേഖകളില്‍ നല്‍കിയിരിക്കുന്ന മേല്‍വിലാസം വേറെയാണ്. രജിസ്‌ട്രേഷന്‍ രേഖകളില്‍ കൊച്ചിയിലെ ഇസ്ര അഗ്രോടെക് എന്ന കമ്പനിയുടെ വിലാസത്തിലാണ് തമിഴ്‌നാട്ടിലെ ഭൂമി. രജിസ്‌ട്രേഷന്‍ രേഖകള്‍ പ്രകാരം ജേക്കബ് തോമസ് അഗ്രോടെക് കമ്പനി ഡയറക്ടര്‍ ആണ്. എന്നാല്‍, കമ്പനി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച രേഖകളില്‍ ബേബി തോമസ്, ലെവിന്‍ തോമസ് എന്നിവരാണ് ഡയറക്ടര്‍മാര്‍.

ബിനാമി പേരില്‍ ജേക്കബ് തോമസ് ഭൂമി സ്വന്തമാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജേക്കബ് തോമസിന്റെ കേരളത്തിലെ വീടുകളില്‍ ഇത് സംബന്ധിച്ച് നോട്ടീസ് പതിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിലായി ജേക്കബ് തോമസ് സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്തുവിവര രേഖപ്രകാരം അദ്ദേഹത്തിന് 37.95 കോടിയുടെ ആസ്തിയുണ്ട്. കര്‍ണാടകയിലെ കുടകില്‍ ഭാര്യയുടെ പേരിലുള്ള 151 ഏക്കര്‍ ഭൂമിയുടെ കാര്യവും ഇതില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.